ജിദ്ദ- ഒന്നു മുതൽ പത്താം ക്ലാസ്സ് വരെയുള്ള ആഗോള മലയാളി വിദ്യാർത്ഥികൾക്കായി മലർവാടി ബാലസംഘവും ടീൻ ഇന്ത്യയും നടത്തുന്ന മലർവാടി ലിറ്റിൽ സ്കോളർ ക്വിസ് മത്സരത്തിലേക്കുള്ള ജിദ്ദ നോർത്തിലെ ഔപചാരിക രജിസ്‌ട്രേഷൻ ഇൻറ്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി അംഗം ജസീം അബു മുഹമ്മദ് നിർവ്വഹിച്ചു.
കുട്ടികൾക്കൊപ്പം കുടുംബത്തിനും പങ്കെടുക്കാവുന്ന ഓൺലൈൻ ഗ്ലോബൽ വിജ്ഞാന മത്സരത്തിൽ പ്രവാസികളടക്കമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.ഉത്തരമെഴുതാൻ കൂട്ടികൾക്കൊപ്പം കുടുംബാംഗങ്ങൾക്കും അവസരം നല്കുന്നുവെന്നത് മത്സരത്തിൻറെയൊരു പ്രത്യേകതയാണ്.
സാഹിത്യം,കല, സംസ്കാരം, കായികം, ഗണിതം, ഭാഷ, പൊതുവിജ്ഞാനം, പ്രകൃതി തുടങ്ങിയ വിവിധങ്ങളായ മേഖലകളിലേക്ക് അറിവ് നൽകുന്ന രീതിയിലാണ് മത്സരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഒന്നുമുതൽ നാലാം ക്ലാസ്സ് വരെയും, അഞ്ചുമുതൽ ഏഴ് വരെയും, എട്ടുമുതൽ പത്താം ക്ലാസ്സ് വരെയുമുള്ള വിദ്യാർത്ഥികൾക്ക് ജനുവരി 23 മുതൽ ഫെബ്രുവരി 28 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം.
മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾക്കായി ഗ്ലോബൽ തലത്തിൽ നടത്തുന്ന വിജ്ഞാന മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയുവാനും www.malarvadi.org എന്ന സൈറ്റ് സന്ദർശിക്കാം.
ജനുവരി പതിനഞ്ചുവരെയാണ് രജിസ്‌ട്രേഷൻ സമയം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കൂടുതൽ അറിയുവാൻ ജിദ്ദ നോർത്തില്‍ സൽജാസുമായി 0550357297 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.