ഹൈദരാബാദ് - ദീർഘമായ പഠനസമയം കാരണം ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർഥികൾ സമരത്തിൽ. കടുത്ത മാനസിക സമ്മർദവും ഉറക്കക്ഷീണവും മൂലം തങ്ങൾ രോഗികളായിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. നഗരത്തിലെ ഗൗതം മോഡൽ സ്‌കൂളിലെ വിദ്യാർഥികളാണ് ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാവിലെ ആറരക്ക് തുടങ്ങുന്ന ക്ലാസുകൾ വൈകുന്നേരം ഏഴരക്കാണ് അവസാനിക്കുന്നത്. ട്യൂഷനും ഹോം വർക്കും കൂടിയാകുമ്പോൾ ഉറങ്ങാൻ പോലും സമയമില്ല. പാതിരാത്രിക്ക് ശേഷമാണ് കിടക്കയിലേക്ക് പോകുന്നതെന്നും രണ്ട് മണിക്കൂർ കഴിഞ്ഞ് വീണ്ടും എഴുന്നേൽക്കേണ്ട സ്ഥിതിയാണെന്നും അവർ പറയുന്നു.
ഉറങ്ങാൻ സമയമില്ല, കളിക്കാൻ സമയമില്ല. ഞങ്ങൾക്ക് നീതി കിട്ടണം
-സമരക്കാരിലൊരാളായ കുട്ടി പറഞ്ഞു. ഏഴു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന അമ്പതോളം കുട്ടികളാണ് സമരം ചെയ്യുന്നത്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയേയും സഹായത്തിനായി ഇവർ സമീപിച്ചിരിക്കുകയാണ്.
ദൈർഘ്യമേറിയ പഠന സമയത്തിനെതിരെ ഹൈദരാബാദ് ഗൗതം സ്‌കൂളിലെ കുട്ടികൾ പ്രതിഷേധിക്കുന്നു.