പ്രതിസന്ധി നീങ്ങിയതോടെ ഖത്തര്‍ സമ്പദ് രംഗം ഉണരുന്നു

ദോഹ- മേഖലയിലെ ഇതര രാജ്യങ്ങളുമായുള്ള ബന്ധം പൂത്തുലഞ്ഞതോടെ ഖത്തറിന്റെ സമ്പദ് മേഖല ഉണര്‍ന്നു തുടങ്ങി. വ്യോമ മേഖലയിലും ടൂറിസം മേഖലയിലുമാണ് കൂടുതല്‍ ഉണര്‍വ്.
യാത്രാ, ടൂറിസം മേഖലകളില്‍ ഇനി മുന്നേറ്റത്തിന്റെ നാളുകളായിരിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സൗദി അറേബ്യ കര, വ്യോമ, ജല അതിര്‍ത്തികള്‍ തുറന്നു കഴിഞ്ഞു. ഖത്തര്‍ എയര്‍വേയ്‌സ് സൗദിയുടെ വ്യോമപാതയും ഉപയോഗിച്ചു തുടങ്ങി.
യു.എ.ഇ ജല, വ്യോമ പാതകളും തുറക്കുകയാണ. വരും ദിവസങ്ങളില്‍ സൗദി-ഖത്തര്‍-യു.എ.ഇ വിമാന സര്‍വീസുകള്‍ക്കും തുടക്കമാകും. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ വ്യോമഗതാഗതം പഴയനിലയിലേക്ക് എത്തുന്നത് വിമാന കമ്പനികള്‍ക്കും യാത്രാ ഏജന്‍സികള്‍ക്കും മാത്രമല്ല പ്രയോജനമാകും.
യു.എ.ഇ, സൗദി എന്നിവിടങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതോടെ ഹോട്ടല്‍, ആതിഥേയ മേഖലകള്‍ക്ക് കൂടുതല്‍ കരുത്തു നല്‍കും.  കായിക, വിനോദ, ടൂറിസം പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണവും കൂടും.
ഈ വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഹെയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനം, കത്താറ അറേബ്യന്‍ കുതിരകളുടെ പ്രദര്‍ശനം, ഷോപ്പ് ഖത്തര്‍ എന്നിവയിലും സന്ദര്‍ശക പങ്കാളിത്തം കൂടും.

 

Latest News