Sorry, you need to enable JavaScript to visit this website.

റോഡ്‌സിന്റെ ഇഷ്ട ഫീൽഡർമാർ

ദക്ഷിണാഫ്രിക്കക്കു വേണ്ടി ക്രിക്കറ്റും ഫീൽഡ് ഹോക്കിയും കളിക്കാൻ തെരഞ്ഞെടുക്കപ്പെട്ട താരമാണ് ജോണ്ടി റോഡ്‌സ്. അമ്പത്തിരണ്ടിനോടടുക്കുമ്പോഴും ഇരുപത്തഞ്ചുകാരന്റെ ചുറുചുറുക്ക് കാത്തുസൂക്ഷിക്കുന്നു റോഡ്‌സ്. ഫീൽഡിംഗിനെ ഹരമാക്കിയ കളിക്കാരനാണ് ഈ താരം. ക്രിക്കറ്റ് സുപരിചിതമല്ലാത്ത സ്വീഡന്റെ ദേശീയ കോച്ചായിരിക്കയാണ് റോഡ്‌സ്. റോഡ്‌സുമായി അഭിമുഖം..

ചോ: വിരമിച്ച ശേഷം ഫീൽഡിംഗ് കോച്ചായും ചീഫ് കോച്ചായും പ്രചോദനപ്രഭാഷകനായും ബാങ്ക് ഓഫീസറായും കമന്റേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഇനിയെന്തെങ്കിലും മോഹം ബാക്കിയുണ്ടോ?
ഉ:  മൂന്നു തവണ ഞാൻ വിരമിച്ചിട്ടുണ്ട്. അതുതന്നെ വിചിത്രമാണ്. 2003 ൽ വിരമിച്ച ശേഷം ആറു വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നു. സ്റ്റാൻഡേഡ് ബാങ്കിൽ സ്‌പോൺസർഷിപ് മാനേജറായി ജോലി ചെയ്തു. ഈ കളിയോടുള്ള ഇഷ്ടം കാരണമാണ് അതിലേക്കു തന്നെ തിരിച്ചുവന്നത്. ഐ.പി.എല്ലാണ് ക്രിക്കറ്റിനോടുള്ള പ്രണയം തിരിച്ചുകൊണ്ടുവന്നത്. 2009 മുതൽ ഒമ്പതു വർഷം മുംബൈ ഇന്ത്യൻസിന്റെ ഫീൽഡിംഗ് കോച്ചായി. കൊച്ചു ടീമുകളുമായി പ്രവർത്തിക്കാനാണ് ആഗ്രഹം. നേപ്പാൾ, മലാവി, സിംബാബവെ, എന്നീ രാജ്യങ്ങളിൽ അടിസ്ഥാനതലത്തിൽ ക്രിക്കറ്റിന്റെ വളർച്ചയിൽ പങ്കുവഹിച്ചു. 

ചോ: ചെറു ടീമുകളെ പരിശീലിപ്പിക്കുമ്പോഴുള്ള
വെല്ലുവിളികളെന്താണ്?
ഉ: സ്വീഡനിൽ ഞാൻ വെറുമൊരു ഹെഡ് കോച്ച് മാത്രമല്ല. ജൂനിയർ ക്രിക്കറ്റ് മുതൽ വനിതാ ക്രിക്കറ്റ് വരെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. പാക്കിസ്ഥാൻകാരും ഇന്ത്യക്കാരും അഫ്ഗാനിസ്ഥാൻകാരുമൊക്കെയാണ് ഇപ്പോൾ സ്വീഡനു വേണ്ടി കളിക്കുന്നത്. സ്വദേശികളിൽ ക്രിക്കറ്റ് പ്രേമം വളർത്തിയെടുക്കണം. സ്വീഡനിൽ ക്രിക്കറ്റിന് വലിയ സൗകര്യമില്ലെങ്കിലും നിരവധി ക്ലബ്ബുകളുണ്ട്. കളിക്കാരേറെയും ജോലി ചെയ്യുന്നവരാണ്. 

ചോ: ടീമുകളിൽ ഇപ്പോൾ വേണ്ട 
ഏറ്റവും വലിയ ഗുണമെന്താണ്?
ഉ: കേൾക്കാനുള്ള ക്ഷമ. കോച്ചുമാർക്ക് എപ്പോഴും പറയാനാണ് താൽപര്യം. പലപ്പോഴും ടീമുകളിൽ പരിചയസമ്പന്നരായ കളിക്കാരുണ്ടാവും. അവർക്ക് അനുഭവമുണ്ട്. മാത്രമല്ല, കളിക്കളത്തിൽ കോച്ചിന് ഒരു അധികാരവുമില്ല. പദ്ധതികളല്ല, പദ്ധതികളുടെ നടത്തിപ്പാണ് പ്രധാനം. അത് സാധിക്കണമെങ്കിൽ കേൾക്കാനുള്ള സൗമനസ്യം വേണം. ഏത് പദ്ധതിയാണ് പ്രാവർത്തികമാവുകയെന്ന് മനസ്സിലാവാനും അതു വേണം. 

ചോ:വിവിധ രൂപത്തിലുള്ള ക്രിക്കറ്റിൽ കളിക്കുമ്പോൾ വ്യത്യസ്ത രീതിയിലാണ് ബാറ്റിംഗ്. ഫീൽഡിംഗിലും അങ്ങനെയുണ്ടോ?
ഉ: ടെസ്റ്റിൽ പോലും ഇപ്പോൾ ഫീൽഡിംഗ് പ്രധാനമാണ്. കഴിഞ്ഞ വർഷം മാർച്ചിലെ ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ രവിന്ദ്ര ജദേജയുടെ ഒറ്റക്കൈ കൊണ്ടുള്ള ക്യാച്ച് എങ്ങനെ മറക്കും. അതൊരു ടെസ്റ്റിന്റെ ഗതി മാറ്റി മറിക്കും. ഐ.പി.എല്ലിൽ നല്ല ക്യാച്ചുകൾ മാത്രമല്ല, ബൗണ്ടറി ലൈൻ സെയവുകളും കാണാം. പല കളികളും അവസാന പന്തിലാണ് വിധി നിർണയിക്കപ്പെടുന്നത്.

ചോ: ഇന്ത്യൻ കളിക്കാർ ഫീൽഡിംഗിനെ 
സമീപിക്കുന്ന രീതി ശ്രദ്ധിച്ചിട്ടുണ്ടോ?
ഉ:മഹേന്ദ്ര സിംഗ് ധോണിയാണ് ഫിറ്റ്‌നസ് ഉയർത്തുന്ന രീതി തുടങ്ങി വെച്ചത്. വിരാട് കോഹ്്‌ലി അതേറ്റെടുത്തു. അമ്പാട്ടി രായുഡു, സുരേഷ് റയ്‌ന എന്നിവരുടെ ആരാധകനാണ് ഞാൻ. ഫീൽഡിംഗിലും ബാറ്റിംഗിലും അവർ നൽകുന്ന സംഭാവന വലുതാണ്. ഫിറ്റ്‌നസ് നിലവാരം സ്ഥിരമായി ഉയർത്താൻ ശ്രമം വേണം. ഫീൽഡിംഗ് കോച്ചെന്ന നിലയിൽ എങ്ങനെ പന്ത് പിടിക്കണമെന്ന് എനിക്കു പരിശീലിപ്പിക്കാം. എങ്ങനെ പന്തിനടുത്തേക്കെത്തുമെന്ന് പരിശീലിക്കാനാവില്ല. ക്രിക്കറ്റ് ശീലങ്ങളുടെ കളിയാണ്. 

ചോ: ബൗണ്ടറിയിൽ നന്നായി ഫീൽഡ് 
ചെയ്യാൻ എന്തു കഴിവാണ് വേണ്ടത്?
ഉ: ബാറ്റ് ചെയ്യുമ്പോഴെന്നതു പോലെ ഫീൽഡ് ചെയ്യുമ്പോഴും പന്തിൽ നിന്ന് ഒരിക്കലും കണ്ണെടുക്കരുത്. താൻ നിൽക്കുന്ന  പൊസിഷനെക്കുറിച്ച നല്ല ബോധം വേണം. വിവിധ കളികൾ കളിക്കാൻ കഴിയുന്നവർക്ക് നല്ല ഫീൽഡറാവാൻ കഴിയുമെന്നാണ് എന്റെ അനുഭവം. ഫീൽഡ് ഹോക്കി കളിക്കാരനെന്നത് എന്റെ ഫീൽഡിംഗിനെ പതിന്മടങ്ങ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഫുട്‌ബോൾ കളിക്കുന്നവർക്ക് സ്‌പെയ്‌സിനെക്കുറിച്ച് നല്ല ബോധ്യമുണ്ടാവും. ബൗണ്ടറി ലൈനിൽ ക്യാച്ചെടുക്കുമ്പോൾ വരക്കടുത്തേക്ക് നീങ്ങുകയും വര നോക്കാതിരിക്കുകയും വേണം. ചാടുമ്പോൾ പിന്നിലേക്ക് പോവാതിരിക്കാൻ പരിശീലിക്കണം. പലതവണ പരിശീലിച്ച് അത് ശീലമാക്കണം.

ചോ: ഓർമയിൽ നിൽക്കുന്ന 
ബൗണ്ടറി ക്യാച്ചുകൾ?
ഉ: 2019 ലെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആൻഡിലെ ഫെഹ്്‌ലുക്്‌വായോയെ ഇംഗ്ലണ്ടിന്റെ ബെൻ സ്‌റ്റോക്‌സ് പിടിച്ചത്. തെറ്റായ രീതിയിലാണ് സ്റ്റോക്‌സ് ആ ക്യാച്ചെടുത്തത്. കേപ്ടൗണിലെ ടെസ്റ്റിൽ സചിൻ ടെണ്ടുൽക്കറെ ആഡം ബാക്കർ പിടിച്ചത്. ഇരട്ട സെഞ്ചുറിയിലേക്ക് പോവുകയായിരുന്നു സചിൻ. ആ അവിശ്വസനീയമായ ഒറ്റക്കൈ ക്യാച്ച് കൊണ്ടല്ലാതെ സചിനെ പുറത്താക്കാൻ പറ്റില്ലെന്ന് തോന്നി. ഒരു കാര്യം ശ്രദ്ധിക്കണം. ആദ്യ ആറ് സീസണിലെ ഐ.പി.എല്ലിലെ മികച്ച ക്യാച്ചുകളെല്ലാമെടുത്തത് വിദേശ കളിക്കാരാണ്. ഇപ്പോൾ രണ്ടു പേരെങ്കിലും ഇന്ത്യൻ കളിക്കാരായിരിക്കും. യുവ കളിക്കാർക്ക് നല്ല ഫീൽഡിംഗ് അവബോധമുണ്ട്. 

ചോ: താങ്കൾ മനസ്സിൽ സൂക്ഷിക്കുന്ന
ഫീൽഡർമാർ?
ഉ: റിക്കി പോണ്ടിംഗ് ഒന്നാന്തരം ഫീൽഡറാണ്. ബൗണ്ടറിയിൽ ഇഴഞ്ഞുനീങ്ങുകയും പരസ്യബോർഡിൽ ഇടിക്കുകയും ചെയ്ത് ഒരിക്കൽ പരിക്കേറ്റിട്ടുണ്ട് പോണ്ടിംഗിന്. ഓസ്‌ട്രേലിയയിലെ പല ഗ്രൗണ്ടുകളിലും ബൗണ്ടറിയിൽ കോൺക്രീറ്റ് കെട്ടാണ്. എനിക്കും പോണ്ടിംഗിനുമൊക്കെ അത് പ്രയാസമായിരുന്നു. ഹെർഷൽ ഗിബ്‌സ് മറ്റൊരു മികച്ച ഫീൽഡറാണ്. ഗിബ്‌സ് കവറിലും ഞാൻ പോയന്റിലും ഫീൽഡ് ചെയ്യുന്നത് നല്ല ഹരമാണ്. ബാറ്റ്‌സ്മാന്മാരെ ഞങ്ങൾ അനങ്ങാൻ വിടാറില്ല. സുരേഷ് റയ്‌നയെ ഏറെ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ വളർന്നിട്ടും ഡൈവ് ചെയ്യാൻ മടിയില്ലാത്ത കളിക്കാരനായിരുന്നു റയ്‌ന. റയ്‌നയും എബി ഡിവിലിയേഴ്‌സുമാണ് ആധുനിക ക്രിക്കറ്റിലെ മികച്ച ഫീൽഡർമാർ. ക്യാച്ചുകളുടെ കാര്യം മാത്രമല്ല പറയുന്നത്. പന്ത് പ്രതീക്ഷിക്കുന്ന രീതിയും ബാറ്റ്‌സ്മാന്മാരുടെ മേൽ സമ്മർദ്ദം സൃഷ്ടിക്കുന്ന രീതിയുമൊക്കെ പ്രധാനമാണ്. 

ചോ: ലോകകപ്പ് നേടിയില്ല 
എന്ന സങ്കടം ബാക്കിയുണ്ടോ?
ഉ: 11 വർഷം ദക്ഷിണാഫ്രിക്കക്കു കളിച്ചു, നാല് ലോകകപ്പ് കളിച്ചു. ഒരു തവണ പോലും ഫൈനലിലെത്തിയില്ല. 
പക്ഷെ  എന്റെ കരിയർ പരാജയമല്ല. സങ്കടവുമില്ല. ഈ കളി തോൽക്കുമെന്ന വിചാരത്തോടെ ഒരു മത്സരത്തെയും സമീപിച്ചിട്ടില്ല. 1992 ലെ ലോകകപ്പ് കളിച്ചത് മറക്കാനാവില്ല. അതിന് മൂന്നു മാസം മുമ്പ് പോലും ഞങ്ങൾ ലോകകപ്പിലുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആ ലോകകപ്പിന് ആറു മാസം മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. 
കെപ്ലർ വെസ്സൽസാണ് ഹാൻസി ക്രോണ്യെയെയും എന്നെയും ടീമിലെടുത്തത്. എത്ര കപ്പ് നേടിയെന്നതല്ല ഒരു കളിക്കാരനെ നിർവചിക്കുന്നത്. കളിക്കാരനെന്ന നിലയിൽ ഒരു കാര്യത്തിലും നിരാശയില്ല.
 

Latest News