Sorry, you need to enable JavaScript to visit this website.

ഗോകുലം ഒരുങ്ങുന്നു ടീമിൽ 11 മലയാളികൾ

നാല് പേർക്ക് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം

പുതിയ ഐ-ലീഗ് ഫുട്‌ബോൾ സീസണിനായി ഗോകുലം കേരളാ എഫ്.സി ഒരുങ്ങുന്നു. നാളെ ചെന്നൈ സിറ്റി എഫ്.സിക്കെതിരെയാണ് ഐ-ലീഗിൽ ഗോകുലത്തിന്റെ ആദ്യ മത്സരം. റിസർവ് ടീമിൽ നിന്നും ഡിഫൻഡർ അലക്‌സ് സാജി കൂടി ഗോകുലത്തിന്റെ ഐ-ലീഗ് സ്‌ക്വാഡിൽ ചേർന്നു. ഇതോടെ കഴിഞ്ഞ വർഷത്തെ റിസർവ് ടീമിൽ നിന്നും സീനിയർ ടീമിലേക്കു നാല് കളിക്കാരാണ് പ്രൊമോട്ട് ചെയ്യപ്പെട്ടത്. എമിൽ ബെന്നി, മുഹമ്മദ് ജാസിം, താഹിർ സമാൻ, എന്നിവരാണ് റിസർവ് ടീമിൽ നിന്നും ഐ ലീഗ് സ്‌ക്വാഡിൽ കയറിയ മറ്റുള്ള താരങ്ങൾ.ഈ സീസണിലെ ഐ-ലീഗ് സ്‌ക്വാഡിൽ 11 മലയാളികളാണ് ഉള്ളത്. വയനാട് സ്വദേശിയായ അലക്‌സ് കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിൽ രണ്ടു പ്രാവശ്യം കളിച്ചിരുന്നു. ഗോകുലത്തിനു വേണ്ടി കഴിഞ്ഞ വർഷം കരാറിൽ ഏർപ്പെട്ട അലക്‌സ് കേരള പ്രീമിയർ ലീഗിലും പന്ത് തട്ടിയിരുന്നു.


'വളരെയധികം സന്തോഷം ഉണ്ട് ഗോകുലത്തിന്റെ ഐ ലീഗ് സ്‌ക്വാഡിൽ ചേരുവാൻ. ഗോകുലം ഒരുപാടു മലയാളികൾക്ക് അവസരം നൽകുന്നുണ്ട്. കേരള ഫുട്‌ബോളിന് ഇത് വലിയ നേട്ടമാണ്. മലബാറിന് മാത്രം ഒമ്പത് കളിക്കാരാണ് ടീമിൽ ഉള്ളത്-അലക്‌സ് പറഞ്ഞു.ഇറ്റലിക്കാരൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസെയുടെ കീഴിൽ ഗോകുലം കൊൽക്കത്തയിൽ ഐ ലീഗിനായുള്ള തയാറെടുപ്പിലാണ്. ശനിയാഴ്ച ചെന്നൈ സിറ്റി എഫ് സിക്ക് എതിരെയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ഈ പ്രാവശ്യം മത്സരങ്ങൾ എല്ലാം കൊൽക്കത്തയിലാണ് നടക്കുന്നത്. ഈ സീസണിൽ ഐ ലീഗിന് രജിസ്റ്റർ ചെയ്ത ഗോകുലം ടീമിലെ മലയാളികൾ: സി കെ ഉബൈദ്, പി എ അജ്മൽ, ജസ്റ്റിൻ ജോർജ്, മുഹമ്മദ് ജാസിം, അലക്‌സ് സജി, മുഹമ്മദ് റാഷിദ്, ഷിബിൻ മുഹമ്മദ്, ജിതിൻ എം എസ്, സൽമാൻ കെ, എമിൽ ബെന്നി, താഹിർ സമാൻ.


 

Latest News