തായിഫ് - രഹസ്യമായി ഗർഭഛിദ്രങ്ങൾ നടത്തി നൽകിയതിനും നിരോധിത മരുന്നുകൾ ഉപയോഗിച്ചതിനും നഗരത്തിലെ സ്വകാര്യ പോളിക്ലിനിക്കിൽ ജോലി ചെയ്യുന്ന വിദേശ ലേഡി ഡോക്ടർ ആരോഗ്യ വകുപ്പിന്റെ പിടിയിലായി. അറബ് വംശജയായ ഡോക്ടറാണ് കുടുങ്ങിയത്. ഒന്നര വർഷമായി ഇവർ ഗർഭഛിദ്രങ്ങൾ നടത്തുകയും നിരോധിത മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് തായിഫ് ആരോഗ്യ വകുപ്പ് വക്താവ് സിറാജ് അൽഹുമൈദാൻ പറഞ്ഞു.
ഗർഭഛിദ്രങ്ങൾ നടത്തുന്ന വിദേശ ഡോക്ടറെ കുറിച്ച് തായിഫ് ആരോഗ്യ വകുപ്പിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പ്രത്യേകം കെണിയൊരുക്കിയാണ് ഡോക്ടറെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. നിയമ നടപടികൾക്ക് ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സിറാജ് അൽഹുമൈദാൻ അറിയിച്ചു.