ബെയ്‌റൂത്ത് - ഹിസ്ബുല്ല മിലീഷ്യകൾ തട്ടിക്കൊണ്ടുപോയ സൗദി യുവാവ് അലി അൽബശറാവിയെ കണ്ടെത്തി രക്ഷിക്കുന്നതിന് ലെബനീസ് സുരക്ഷാ വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഇതുവരെയും ഫലം കണ്ടില്ല. വ്യാഴാഴ്ച രാത്രിയാണ് അലി അൽബശറാവിയെ ഹിസ്ബുല്ല മിലീഷ്യകളെന്ന് കരുതുന്നവർ തട്ടിക്കൊണ്ടുപോയത്. ജവാർ അദ്മയിലെ വീട്ടിൽ നിന്ന് തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് യുവാവിനെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. യുവാവിനെ കാണാതായതായി സിറിയക്കാരിയായ ഭാര്യ ഫസീല അസീസ് ആണ് സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മോചനദ്രവ്യം തേടി യുവതിയെ റാഞ്ചികൾ ബന്ധപ്പെട്ടു. പോലീസിൽ പരാതി നൽകി മണിക്കൂറുകൾക്കു ശേഷം ഭാര്യയുമായി ബന്ധപ്പെട്ട അലി അൽബശറാവി തന്നെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും താൻ സിറിയയിലാണുള്ളതെന്നും റാഞ്ചികൾ 15 ലക്ഷം ഡോളർ മോചനദ്രവ്യമാണ് ആവശ്യപ്പെടുന്നതെന്നും അറിയിച്ചു.
സംഭവത്തിൽ ലെബനീസ് ആഭ്യന്തര സുരക്ഷാ ഏജൻസി അന്വേഷണം തുടരുകയാണ്. സൗദി യുവാവിന്റെ കാർ ജബൽ ലെബനോനിലെ മുസ്തദീറ ത്വബർജയിൽ കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. ബി.എം.ഡബ്ലിയു കാർ അടക്കമാണ് സൗദി യുവാവിനെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. 15 ലക്ഷം ഡോളറാണ് മോചനദ്രവ്യമായി റാഞ്ചികൾ ആവശ്യപ്പെടുന്നത്.
ഉപാധികളൊന്നും കൂടാതെ യുവാവിനെ മോചിപ്പിക്കുന്നതിന് ഉന്നത തലത്തിൽ ആശയ വിനിമയങ്ങൾ നടത്തുന്നുണ്ടെന്ന് ബെയ്‌റൂത്ത് സൗദി എംബസി അറിയിച്ചു. ലെബനോനിലുള്ള ഗൾഫ് പൗരന്മാർ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയും ബഹ്‌റൈനും കുവൈത്തും യു.എ.ഇയും തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം ലെബനോൻ വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പൗരന്മാർ ലെബനോൻ സന്ദർശിക്കുന്നതും നാലു രാജ്യങ്ങളും വിലക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സഅദ് അൽഹരീരി കഴിഞ്ഞയാഴ്ച രാജിവെച്ചതോടെ ലെബനോനിൽ സ്ഥിതിഗതികൾ വീണ്ടും വഷളായിട്ടുണ്ട്. ഇറാൻ പിന്തുണയോടെ തനിക്കു നേരെ വധശ്രമമുണ്ടായി എന്ന് സൂചിപ്പിച്ചാണ് സഅദ് അൽഹരീരി രാജിവെച്ചത്. ഇതിനു തൊട്ടടുത്ത ദിവസമാണ് റിയാദിനു നേരെ ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്.
ഹിസ്ബുല്ലയും ഇറാനുമാണ് ഹൂത്തികൾക്ക് മിസൈലുകൾ അടക്കമുള്ള അത്യാധുനിക ആയുധങ്ങൾ നൽകുന്നതെന്ന് തെളിഞ്ഞതായി സൗദി അറേബ്യയും അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. ലെബനോനിൽ മിലീഷ്യകളുടെ സാന്നിധ്യം അമേരിക്ക നിരാകരിക്കുന്നതായി യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ പറഞ്ഞു. ലെബനോൻ ഗവൺമെന്റിനു കീഴിലുള്ള നിയമാനുസൃത സുരക്ഷാ വകുപ്പുകളല്ലാത്ത ഒരു മിലീഷ്യക്കും ലെബനോനിൽ സ്ഥാനമോ നിയമാനുസൃത പങ്കോ ഉണ്ടാകാൻ പാടില്ലെന്ന് ടില്ലേഴ്‌സൺ പറഞ്ഞു.






