Sorry, you need to enable JavaScript to visit this website.

മനം കവരുന്ന ചിത്രശലഭങ്ങൾ 

ആരായിരിക്കും ആദ്യമായി ചിത്രശലഭങ്ങളെ ആ പേര് വിളിച്ചിട്ടുണ്ടാവുക? ഇത്ര മേൽ ഭാവനാത്മകവും കവിത തുളുമ്പുന്നതുമായ പേര് അധികമില്ലല്ലോ എന്നാലോചിച്ചു പോവാറുണ്ട്. പൂമ്പാറ്റ, പൂതുമ്പി എന്നീ പേരുകളിലും ഈ പ്രാണി വർഗം അറിയപ്പെടുന്നുണ്ട്. നൂറുകണക്കിന് ഇനം മനോഹരമായ ചിത്ര ശലഭങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അവയുടെ പേരുകളും അവയെ പോലെ തന്നെ നമ്മെ വിസ്മയിപ്പിക്കും. വിലാസിനി, തകര മുത്തി, നീല കുടുക്ക, പുള്ളിക്കുറുമ്പൻ, കറുപ്പൻ, തരുട്ടൻ, രന്തനീലി, തീ ചിറകൻ, ഗരുഡ ശലഭം എന്നിവ അവയിൽ ചിലത് മാത്രം. എത്ര ഹൃദയഹാരിയായ ജീവിവർഗമാണ് അവ, അല്ലേ? 
കണ്ണിനും കരളിനും ഇമ്പമേകുന്ന ചിത്രശലഭങ്ങളെ കണ്ടിരിക്കൽ തന്നെ ഒരു പ്രത്യേക അനുഭൂതി നമ്മിൽ ഉളവാക്കുന്നു. വിദ്യാലയങ്ങൾ അടഞ്ഞിരിക്കുന്ന ഈ നാളുകളിൽ എത്ര കുഞ്ഞുമക്കൾ ശലഭ നിരീക്ഷണത്തിന് ചെലവഴിച്ചിട്ടുണ്ടാവും? എത്ര രക്ഷിതാക്കൾ മക്കളിൽ ഈ കൗതുകം വളർത്തിയിട്ടുണ്ടാവും! 
പലപ്പോഴും പൂമ്പാറ്റകളെ തേടിപ്പോവുക കൂടുതലും കുഞ്ഞു കുട്ടികളാണ്. കാരണം അവരിൽ ഏറെ കൗതുകമുളവാക്കുന്ന വർണങ്ങളും ചലനങ്ങളും കൊണ്ട് അനുഗൃഹീതരാണ് ശലഭങ്ങൾ. ഒരു കുഞ്ഞു പൂന്തോട്ടമെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ലല്ലോ? നാട്ടിലെ കാര്യമാണേ പറഞ്ഞ് വരുന്നത്! 
നമ്മുടെ പൂന്തോട്ടം പൂതുമ്പികളുടെ കൂടി ഉദ്യാനമാക്കാൻ നമുക്ക് കഴിയും. അതിന് പൂമ്പാറ്റകളെ ആകർഷിക്കുന്നയിനം പൂക്കളുള്ള ചെടികൾ നമ്മുടെ ഗൃഹാങ്കണത്തിലുണ്ടായിരിക്കാൻ ശ്രദ്ധിച്ചാൽ മതി. പൂമ്പാറ്റ മുട്ടയിടുന്ന പ്രത്യേകയിനം സസ്യങ്ങൾ കണ്ടെത്തി പരിസരത്ത് നട്ടുപിടിപ്പിക്കുകയും വേണം. കൃഷ്ണ കിരീടം, അല്ലിത്താമര, അരിപ്പൂ, ബന്ദി, തെച്ചിപ്പൂ തുടങ്ങിയവ ശലഭങ്ങളെ ഏറെ ആകർഷിക്കുന്നവയാണ്. അങ്ങനെ ഇത്തിരി ശ്രദ്ധ വെക്കാമെങ്കിൽ നമ്മുടെ വീട്ടുപരിസരം ചിത്രശലഭങ്ങളെക്കൊണ്ട് ക്രമേണ വർണാഭമാവുന്നത് കാണാം. 
പൂമ്പാറ്റകളെ നിരീക്ഷിക്കൽ ഒരു രസകരമായ വിനോദമാണ്. പൊതുവെ സൂര്യനുദിച്ച് ഏകദേശം ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ശലഭങ്ങൾ എത്തിത്തുടങ്ങും. പൂമ്പാറ്റകളെ തിരിച്ചറിയാൻ കഴിയണമെങ്കിൽ അവയുടെ നിറം, ആകൃതി, വലിപ്പം, പറക്കുന്ന രീതി എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണം. 
ചിത്രശലഭങ്ങളിൽ കാണുന്ന വരകളുടെയും പുള്ളികളുടെയും അടിസ്ഥാനത്തിലാണ് ഏത് ശലഭമാണ് എന്നും ഏത് കുടുംബത്തിൽ പെട്ടവയാണെന്നും തിരിച്ചറിയുന്നതെന്ന് ഈ രംഗത്തെ പ്രഗത്ഭർ ചൂണ്ടിക്കാണിക്കുന്നു. പാൽവള്ളിശലഭം ഒറ്റ നോട്ടത്തിൽ അരളിശലഭമാണെന്ന് തോന്നുമെങ്കിലും ചിറകു വിടർത്തിയിരിക്കുമ്പോൾ ഉൾച്ചിറകിൽ കാണുന്ന വരകളുടെ എണ്ണത്തിലുള്ള വ്യത്യാസത്തിലാണത്രേ ഇവയെ തിരിച്ചറിയുന്നത്. ഉദാഹരണത്തിന് അരളി ശലഭത്തിന് ഒരു വരയാണെങ്കിൽ പാൽവള്ളി ശലഭത്തിന് വരകൾ രണ്ടു വീതമാണ്. അതുപോലെ പിൻചിറകിന്റെ നടുവിലായി കാണുന്ന മൂന്ന് വെള്ളപ്പുള്ളികളുമാണ് ഒരേ കുടുംബത്തിൽ പെട്ടവരെങ്കിലും ഇവരെ വ്യത്യസ്തമാക്കുന്നത്. ചില ശലഭങ്ങൾക്ക് ഇരിക്കുമ്പോൾ കാണുന്ന നിറമാവില്ല പറക്കുമ്പോൾ. 
മനുഷ്യർ ഭൂമിയിൽ ജനിക്കുന്നതിനു 970 ലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നെന്ന് 1973 ൽ ഫോസിലുകളിൽ നടത്തിയ പഠനത്തിലൂടെ ഫ്രഞ്ച് ഗവേഷകർ അനുമാനിച്ചിട്ടുണ്ട്. ചിത്രശലഭങ്ങളുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച് പഠിക്കുകയാണെങ്കിൽ നമുക്ക് ഏറെ ചിന്തോദ്ദീപകങ്ങളായ പാഠങ്ങൾ ലഭിക്കും. മുട്ട, ലാർവ, പ്യൂപ, ശലഭം എന്നീ നാല് ദശാസന്ധികൾ ഇവയ്ക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 
മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവ ആദ്യം ഭക്ഷിക്കുന്നത് മുട്ടത്തോട് തന്നെയാണെന്നത് എത്ര പേർക്കറിയാം? ഭക്ഷണമാക്കാൻ ഉപയോഗിക്കുന്ന ചെടികളിലേ അമ്മപ്പൂമ്പാറ്റ മുട്ടയിടുകയുള്ളൂ. മുട്ട വിരിഞ്ഞ് പുഴു ഉണ്ടാകുന്നു. ഇലകളും സസ്യഭാഗങ്ങളും തിന്ന് പുഴു വളരുന്നു. പുഴു പിന്നീട് പ്യൂപ്പ ആകുന്നു. പ്യൂപ്പയിൽ നിന്നാണ് ബഹുവർണശബളമായ ഉടയാടയുമായി ചിത്രശലഭം രൂപമെടുക്കുന്നത്. ജീവശാസ്ത്ര ക്ലാസുകളിൽ ഇതൊക്കെ വായിച്ചു പഠിച്ചിട്ടുണ്ടാവുമെങ്കിലും എത്ര പേർ ഇതൊക്കെ നേരിൽ കണ്ടാസ്വദിക്കാൻ സമയം കണ്ടെത്താറുണ്ട്! 
ചിത്രശലഭങ്ങളുടെ ചിറകുകൾ വളരെ ചെറുതും സുതാര്യവുമായ അനേകം പാളികൾ കൂടിച്ചേർന്നതുമാണ്. നാരു പോലുള്ള ഈ പാളികളാണ് അവയുടെ ചിറകുകളിലെ വർണങ്ങൾ പ്രതിഫലിപ്പിക്കുന്നതിനു സഹായിക്കുന്നത്. ഒരു ശലഭത്തിന്റെ ശരാശരി ആയുസ്സ് പതിനഞ്ച് ദിവസം വരെയാണ്. വർഷങ്ങൾ ജീവിക്കുന്ന ശലഭങ്ങളുമില്ലാതല്ല. പൂവുകളിലെ തേനാണ് ശലഭങ്ങളുടെ പ്രധാന ആഹാരം. 
ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭം ഗരുഢശലഭമാണ്.
കേരളത്തിലാകെ മുന്നൂറ്റി ഇരുപത്തിരണ്ടിനം ചിത്രശലഭങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞത് എഴുപതോളം ഇനം ശലഭങ്ങളെങ്കിലും മിക്ക നാട്ടിൻപുറങ്ങളിലും കാണാവുന്നതാണ്. 
രസകരമായ കുറെ പ്രത്യേകതകൾ ഈ നയനാഭിരാമികൾക്കുണ്ട്. കാലുകൾ കൊണ്ടാണ് ഇവ രുചിയറിയുന്നത്. ഇവയുടെ ഘടന ചെടികളുടെയോ പഴങ്ങളുടെയോ ചാറുകൾ വലിച്ചുകുടിക്കാൻ പാകത്തിന് ഒരു സ്‌ട്രോ പോലെയാണ്. 
ചെളിക്കട്ട കൂടിക്കിടക്കുന്നയിടങ്ങളിൽ പോയി ഇരിക്കുകയും അതിലെ നീര് വലിച്ചെടുത്ത് കുടിക്കുകയും ചെയ്താണ് അവ ആവശ്യത്തിനുള്ള വിറ്റാമിനുകൾ സ്വീകരിക്കുന്നത്.  ഇതുവഴി ഉപ്പടക്കമുള്ള ചില ധാതു ലവണങ്ങൾ കൂടി അവയ്ക്കു ലഭിക്കുന്നുണ്ടത്രേ. ഏറെ തണുത്ത അന്തരീക്ഷത്തിൽ ചിത്രശലഭങ്ങൾക്കു പറക്കാനും കഴിയില്ല. 
ചിത്രശലഭങ്ങളെ ഫോട്ടോയിൽ പകർത്തുന്നവർ, അവയുടെ ദ്രുത മന്ദ ചലനങ്ങളുടെ നൃത്ത സംഗീതമാസ്വദിക്കുന്നവർ, അവയുടെ ദേശാടനത്തെയും വർണ വൈവിധ്യങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്നവരുടെയുമൊക്കെ കൂട്ടായ്മകൾ സോഷ്യൽ മീഡിയയിൽ വേണ്ടുവോളമുണ്ട്. ശലഭ നിരീക്ഷണത്തിൽ താൽപര്യമുള്ളവരെ സഹായിക്കാൻ ഉതകുന്ന വിവിധ ആപ്പുകളും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. കൂടാതെ, പ്രമുഖ പക്ഷി നിരീക്ഷകനും ഗവേഷകനുമായ പ്രിയ സുഹൃത്ത് ഡോ. അബ്ദുള്ള പാലേരി രചിച്ച ''വരൂ, നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം' എന്ന അനിതര സാധാരണമായ പുസ്തകം ശലഭങ്ങളുടെ കൂട്ട്കാർക്ക് ഉത്തമ മാർഗ ദർശിയായി മാർക്കറ്റിൽ ലഭ്യവുമാണ്. 
മുഴുസമയം ടി.വി, മൊബൈൽ സ്‌ക്രീനുകൾക്ക് മുന്നിൽ തളച്ചിടപ്പെടുന്ന കുഞ്ഞു മക്കളെ കുറിച്ച് ഏറെ വേവലാതിപ്പെടുന്ന രക്ഷിതാക്കൾ ഇടക്കെങ്കിലും പ്രകൃതിയുടെ രമണീയ ശലഭ ലാവണ്യങ്ങളിലേക്ക് കണ്ണ് പായിക്കാൻ അവരെ പ്രേരിപ്പിക്കുന്നവരും പരിശീലിപ്പിക്കുന്നവരുമായി മാറിയെങ്കിൽ! പൂക്കളുടെയും പൂമ്പാറ്റകളുടെയും കൂട്ടുകാരാക്കി മക്കളെ ഇളംനാളിലേ വളർത്തുന്നതിൽ നിഷ്‌കർഷ പുലർത്തിയെങ്കിൽ. 


 

Latest News