Sorry, you need to enable JavaScript to visit this website.

ലൈലാ റസാഖിന്റെ ഇശൽപൊലിമ

മരുഭൂമിയിൽ മാപ്പിളപ്പാട്ടിന്റെ ആനന്ദമകരന്ദം ചൊരിഞ്ഞ ഗായിക. ആദ്യകാല പ്രവാസികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന സ്വരരാഗങ്ങളുടെ ഉടമയായ ലൈലാ റസാഖ്. പ്രവാസ സ്മൃതിയുടെ അനുപല്ലവി മീട്ടി അവരിപ്പോൾ ചാവക്കാട്ടുണ്ട്.

പക്ഷിക്കൂട്ടത്തിൽ നിന്ന് വേറിട്ട് ഏകാന്തമായ തണൽമരക്കൊമ്പിലിരുന്ന ഒറ്റക്കുയിലിന്റെ പാട്ട് പോലെയായിരുന്നു ലൈലാ റസാഖിന്റെ ഗാനാലാപനം. അന്യൂനമായൊരു രാഗപരാഗമായിരുന്നു അതെന്ന് പഴയ തലമുറയിലെ ആസ്വാദകരിൽ ചിലർക്കെങ്കിലും ഓർമയുണ്ടാകും. എൺപതുകളുടെ ആദ്യപാതിയിൽ ജിദ്ദയിൽ അവരുടെ ഗാനമേള സംഘടിപ്പിക്കുന്നതിൽ അരങ്ങ് കൂട്ടായ്മ സാരഥികളായ വി. ഖാലിദ്, ഹസൻ ചേളാരി, മെഹ്ബൂബ് കാവനൂർ, ഹനീഫ കൊച്ചന്നൂർ തുടങ്ങിയവരോടൊപ്പം ഈ ലേഖകനുമുണ്ടായിരുന്നു. ജിദ്ദയിലെ സഹൃദയരെയാകെ അന്ന് ലൈലാ റസാഖ് കൈയിലെടുത്തു.
- നീയല്ലാത്തൊരു ഇലാഹുമില്ല
നിനക്കോ, ജനനവും മരണവുമില്ല
നീയാണെല്ലാം, അൽഹംദുലില്ലാഹ്..
ഇതായിരുന്നു ലൈലാ റസാഖിന്റെ മാസ്റ്റർപീസ്. എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളുടെ അർധപാതിയിലും വരെ പ്രവാസ ലോകത്തെ ഇമ്പമാർന്ന ഇശൽ നാദമായിരുന്നു അവർ. 1974 മുതൽ 1994 വരെ യു.എ.ഇയിലെ കലാവേദികളിലെ നിറസാന്നിധ്യമായിരുന്ന ലൈലയിപ്പോൾ ചാവക്കാട് മാട്ടുമ്മൽ വലിയകത്ത് വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു.
അബുദാബി മലയാളി സമാജം പരിപാടിയിലായിരുന്നു ലൈലാ റസാഖിന്റെ അരങ്ങേറ്റം. വിദ്യാർഥികാലം തൊട്ടേ പാട്ടിനോട് പ്രിയമായിരുന്നു. സംഗീതത്തിൽ തൽപരരായ അധ്യാപികമാരായിരുന്നു ആദ്യ പ്രചോദനം. സ്വപ്‌നത്തിൽ വിരിയുന്ന പൂവല്ല പെണ്ണ്... എന്ന ലൈലയുടെ ഗാനം യു.എ.ഇ മലയാളികളിൽ ഏറെ പ്രചാരം നേടി. ലൈലയുടെ നിരവധി കാസറ്റുകൾ ഗൾഫ് വിപണി കീഴടക്കി.
അതിനിടെ ചില ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടിയതിൽ ആദരവ് തോന്നിയ പുരോഹിതരായിരുന്നു ലൈലയുടെ മറ്റൊരു പ്രചോദനം. പാട്ട് പഠിക്കണമെന്നും വേദികൾ കീഴടക്കണമെന്നുമുള്ള അവരുടെ ഉപദേശം ശിരസാ വഹിച്ച ലൈലയുടെ ജീവിതത്തിലേക്ക് അബ്ദുൽറസാഖ് കൂടി കടന്നു വന്നതോടെ പാട്ടിന്റെ ലോകത്തേക്ക് അവർ ചിറകടിച്ചുയർന്നു. 
അബുദാബിയിലേക്ക് വരുംമുമ്പ് ഇന്റർസ്‌കൂൾ സംഗീത മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ലൈലാ റസാഖിന് അഭിനന്ദന പ്രവാഹമായിരുന്നു. സംഗീതം വിവാഹത്തിന് തടസ്സമായില്ല എന്ന് മാത്രമല്ല, റസാഖ് മികച്ച പിന്തുണയാണ് നൽകിയതെന്ന് ലൈല നന്ദിപൂർവം ഓർക്കുന്നു.


യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും പുറമെ മറ്റു ഗൾഫ് നഗരങ്ങളിലും ലൈലാ റസാഖിന്റെ ഗാനമേളകൾ അരങ്ങ് കൊഴുപ്പിച്ചു. 1978 ൽ തെന്നിന്ത്യൻ സംഗീതത്തിലെ വാനമ്പാടി പി. സുശീല, ലൈലയുടെ പാട്ട് കേട്ട് ആശ്ചര്യം കൊണ്ടു. ഹിന്ദുസ്ഥാനി പഠിക്കണമെന്നുപദേശിച്ചു. ചില ഹിന്ദുസ്ഥാനി രാഗവിസ്താരങ്ങളിലും ഗസൽ ആലാപനങ്ങളിലും മുഴുകിയ ലൈല, സോമൻ കുറുവ ഈണം നൽകിയ താരാട്ട് കാസറ്റുകളും കല്യാണപ്പാട്ടുകളും ലളിതഗാനങ്ങളും ആലപിച്ചു. ഇതിനകം പ്രശസ്തിയിലേക്കുയർന്ന അവർ നിരവധി സിനിമാഗാനങ്ങൾ ആലപിച്ചു. നിരവധി വേദികളിൽ മധുരം നിറഞ്ഞ ആലാപന ശ്രുതികൾ നിറഞ്ഞു. ഇതിനിടെയായിരുന്നു ആർ.കെ. ശേഖറുമായുള്ള (എ.ആർ. റഹ്മാന്റെ പിതാവ്) കൂടിക്കാഴ്ച. വോയ്‌സ് ടെസ്റ്റൊന്നും വേണ്ട, മദ്രാസിലേക്ക് വരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. സമരം എന്ന പടത്തിൽ പാടാനായിരുന്നു ക്ഷണം. (നിർഭാഗ്യത്തിന് ആ പടം ഇറങ്ങിയില്ല).
പൂമാനമേ, ഒരു രാഗമേഘം താ.. തുടങ്ങിയ അക്കാലത്തെ പോപ്പുലർ ഗാനങ്ങൾ ലൈലയുടെ ശബ്ദത്തിൽ പുനരാവിഷ്‌കരിക്കപ്പെട്ടത് ശ്രദ്ധേയമായി. മദ്രാസിൽ നിൽക്കാനായിരുന്നു ആർ.കെ. ശേഖറുടെ ഉപദേശം. രക്തസാക്ഷികളേ, ധീര രക്തസാക്ഷികളേ, ലാൽസലാം എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ലൈലയുടെ റെക്കോർഡ് ചെയ്ത ഗാനം. തുടർന്ന് ആയുധം, മണിത്താലി, മൈലാഞ്ചി എന്നീ സിനിമകളിലും ലൈല പാടി. അന്ന് കൂടെ പാടിയവർ പലരും അതിപ്രശസ്തരായെങ്കിലും മുഖ്യധാരയിൽ നിന്ന് മാറി നിന്ന ലൈല പിന്നണിഗാന രംഗത്ത് ഏറെയൊന്നും അറിയപ്പെടാതെ പോയി. ബ്രഹ്മാനന്ദനോടൊപ്പം പാടിയ എന്തൊരു സന്തോഷനാൾ, എന്തൊരു നാൾ (സംഗീതം എ.ടി. ഉമർ) തുടങ്ങിയ ചില പാട്ടുകൾ പക്ഷേ ഇന്നും സഹൃദയർക്ക്്് വിസ്മരിക്കാനാവില്ല. 
മലർവാകപ്പൂമരപ്പെണ്ണിന്റെ കൈകളിൽ
പുലർകാലമണിയിച്ച
മൈലാഞ്ചി... എന്ന പാട്ട് ഏറെ പ്രചാരം നേടി. പെരുന്നാൾ പാട്ടുകളായിരുന്നു ലൈലയുടെ മറ്റൊരു ഹൈലൈറ്റ്. സുന്ദരമാകും പെരുന്നാൾ സുദിനം പറന്നു വന്നല്ലോ, ചിറക് വിടർത്തി തക്ബീർ വചനം എന്ന പാട്ട് ഏറെ പ്രസിദ്ധമായി. 
രണ്ടു പതിറ്റാണ്ടിന്റെ പ്രവാസത്തെ സംഗീത സാന്ദ്രമാക്കിയ ലൈലാ റസാഖ് യു.എ.ഇ യുവകലാസാഹിതിയുടെ പ്രത്യേക പുരസ്‌കാരം സ്വീകരിക്കാൻ വീണ്ടും അബുദാബിയിലെത്തി. അഷ്‌റഫ് പേങ്ങാട്ടിരിയെപ്പോലുള്ള സംഘാടകരോടുള്ള നന്ദി അവാച്യമാണെന്ന് പറയുന്ന ലൈലാ റസാഖ് കോവിഡാനന്തരം ഉംറ നിർവഹിക്കാനെത്തണമെന്ന പ്രാർഥനയിലാണ്. തീരദേക നഗരമായ ചാവക്കാട്ടെ വീട്ടിൽ ഓർമയിലേക്ക്്് ചിറകടിച്ചെത്തുന്ന നൂറുകണക്കിന് പാട്ടുകളുടെ ലോകത്ത് സ്വഛജീവിതം നയിക്കുന്ന ലൈലാ റസാഖിനെ മലയാള സംഗീതലോകത്തെ തന്റെ പഴയ സ്മൃതികളുടെ ആരോഹണാവരോഹണങ്ങൾ സദാ തൊട്ടുണർത്തുന്നു.      

Latest News