Sorry, you need to enable JavaScript to visit this website.

കാപിറ്റോള്‍ കലാപം: ഫെയ്‌സ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ- യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമസംഭവങ്ങള്‍ക്കു പിന്നാലെ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും താല്‍ക്കാലികമായി മരവിപ്പിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപിന്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ക്ക് തടയിടുന്നതിനാണ് ഈ നടപടി. ട്രംപിന്റെ മൂന്ന് ട്വീറ്റുകള്‍ ട്വിറ്റര്‍ മറച്ചുവച്ചിരിക്കുകയാണ്. ഇവ ഉടന്‍ നീക്കം ചെയ്യണമെന്നും ട്രംപിനോട് ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 12 മണിക്കൂര്‍ നേരത്തേക്കാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത്. മൂന്ന് ട്വീറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ലോക്ക് ആയി തുടരുമെന്നും മുന്നറിയിപ്പു നല്‍കി. ട്രംപിന്റെ പേജ് 24 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിക്കുന്നതായി ഫെയ്‌സ്ബുക്കും ട്വീറ്റ് ചെയ്തു. ട്രംപിന്റെ വിഡിയോ നീക്കം ചെയ്ത ഇന്‍സ്റ്റഗ്രാമും അക്കൗണ്ട് 24 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വെട്ടിപ്പു നടന്നതായി ആരോപിക്കുന്ന ട്രംപിന്റെ വിഡിയോ ഫെയ്‌സ്ബുക്കും യൂട്യൂബൂം നീക്കം ചെയ്തു. 

ട്രംപിന്റെ വിഡിയോ കാപിറ്റോള്‍ കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഉചിതമായ നടപടിയാണ് സ്വീകരിച്ചതെന്നും ഫെയ്്‌സ്ബുക്ക് വൈസ് പ്രസിഡന്റ് ഗയ് റോസന്‍ പറഞ്ഞു. 

നിയുക്ത പ്രസിഡന്റ് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ നിയമനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രംപ് അനുകൂലികള്‍ വാഷിങ്ടണ്‍ ഡി.സിയിലെ യുഎസ് കാപിറ്റോളിലേക്ക് അതിക്രമിച്ചെത്തി കലാപമുണ്ടാക്കിയത്. കലാപത്തിനിടെ കാപിറ്റോള്‍ മന്ദിരത്തിനകത്ത് ഒരു സ്ത്രീ വെടിയേറ്റു കൊല്ലപ്പെട്ടു. 


 

Latest News