വാഷിംഗ്ടൺ- അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡോണൾഡ് ട്രംപിന്റെ അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരത്തിൽ കടന്നുകയറി കനത്ത ആക്രമണം അഴിച്ചുവിട്ടു. ഒരാൾക്ക് വെടിയേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളക്കാരിയായ സ്ത്രീയുടെ തോളിനാണ് വെടിയേറ്റത് എന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകിട്ട് തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നില്ലെന്ന് സൂചിപ്പിച്ച് ഡോണാൾഡ് ട്രംപ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ട്രംപിന്റെ അനുയായികളും പോലീസും ഏറ്റുമുട്ടി. ജനാധിപത്യത്തിന്റെ അധ്യായത്തിലെ കറുത്ത ഏടുകളാണ് അമേരിക്കയിൽ അരങ്ങേറുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഡോണൾഡ് ട്രംപ് ഉടൻ സ്ഥാനം ഒഴിയണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു.