ലഖ്‌നൗ- സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവേ ഹിന്ദു പെണ്‍കുട്ടിയോടൊപ്പം പിടിയിലായ കൗമാരക്കാരന്‍ 20 ദിവസമായി ജയിലില്‍. ആരോരും സഹായിക്കാനില്ലാതെ ഉമ്മ കണ്ണുനീരുമായി കഴിയുന്നു.
യു.പി തലസ്ഥാനമായ ലഖ്‌നൗവില്‍നിന്ന് 430 കി.മീ അകലെ ബിജ്‌നോറിലാണ് സംഭവം. 18 വയസ്സായ ശാക്കിബിന്റെ മോചനത്തിനായി കടം വാങ്ങി വക്കീലിനെ ഏര്‍പ്പെടുത്തി കാത്തിരിക്കയാണ് 50 കാരി സന്‍ജീത.
ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോഴും ലക്ഷക്കണക്കിനു രൂപ കടം വാങ്ങിയാണ് ചികിത്സിച്ചിരുന്നതെന്ന് ഇപ്പോള്‍ സ്ഥിരവരുമാനമില്ലാത്ത സന്‍ജീത പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മരിച്ചത്.
16 കാരിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഡിസംബര്‍ 15 ന് ശാക്കിബിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പെണ്‍കുട്ടിയും മാതാവും ഇക്കാര്യം നിഷേധിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ പിതാവും നാട്ടുകാരും പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസ് പറയുന്നു.
പെണ്‍കുട്ടി മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയും വൈദ്യ പരിശോധനയും കണക്കിലെടുത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. മതപരിവര്‍ത്തന നിരോധ നിയമത്തിനു പുറമേ പോക്‌സോയും ചുമത്തിയാണ് കേസെന്ന് ബിജ് നോര്‍ പോലീസ് മേധാവി ഡോ. ധരംവീര്‍ സിംഗ് പറഞ്ഞു.