Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചി പഴയ കൊച്ചിയാണ്, കുട്ടികൾ പുതിയതാണ്-ജോയ് മാത്യു

കൊച്ചി- വൈറ്റില മേൽപ്പാലം വി.ഫോർ കൊച്ചിയുടെ പ്രവർത്തകർ തുറന്നുകൊടുത്തതിനെ പിന്തുണച്ച് സിനിമാ നടൻ ജോയ് മാത്യു. ഫെയ്‌സ്ബുക്കിലാണ് ജോയ് മാത്യുവിന്റെ അഭിപ്രായ പ്രകടനം.
പോസ്റ്റിൽനിന്ന്

കളി കൊച്ചിക്കാരോട് വേണ്ട 

കൊറോണാ വൈറസ് ഇന്ത്യക്കാർക്ക് തന്ന വലിയൊരു സമ്മാനമായിരുന്നു ഉദ്ഘാടന മഹാമഹങ്ങൾ ഇല്ലാതാക്കിയത്. പാലം ,കലുങ്ക്, ബസ്‌സ്‌റ്റോപ്പ് ,പൊതു കക്കൂസ് തുടങ്ങി നാട്ടുകാരുടെ പണം കൊണ്ട് നിർമ്മിക്കുകയും അവകൾ ഉദ്ഘാടിക്കാൻ മന്ത്രി പരിവാരങ്ങൾ എഴുന്നെള്ളുകയും ചെയ്യുക എന്നത് അതോടെ നിന്നു. അത് സൃഷ്ടിക്കുന്ന ഗതാഗതകുരുക്കുകൾ, ദുർവ്യയങ്ങൾ,അനുബന്ധ തട്ടിപ്പ് വെട്ടിപ്പുകൾ.ഇതിനൊക്കെപ്പുറമെ സ്വാഗതപ്രാസംഗികന്റെ ഒരു മണിക്കൂറിൽ കുറയാത്ത തള്ള് ,പുകഴ്ത്തലുകളുടെ വായ്‌നാറ്റവും പുറംചൊറിയൽ മാഹാത്മ്യങ്ങളും .ദുർവ്യയങ്ങളുടെ ഘോഷയാത്രകൾ ,ശബ്ദമലിനീകരണം ....
കൊറോണ ഒരു ഭാഗ്യദേവതയായവതരിച്ചത് ഇമ്മാതിരി ഫ്യുഡൽ ആചാരവെടികളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ തന്നെയാണ് .ഇത്തരം കോമാളിക്കളികൾ നിർത്തലാക്കിയത്‌കൊണ്ടാവാം ,കഴിഞ്ഞ ഒരു വര്ഷം എന്ത് സമാധാനമായിരുന്നു.
എന്നാൽ മാമാങ്കങ്ങളൊന്നും നടന്നില്ലെങ്കിലും അതിന്റെ ക്രഡിറ്റ് അടിച്ചുമാറ്റാൻ അതിനേക്കാൾ ചിലവിൽ രക്ഷകന്റെ ചിരിക്കുന്ന മുഖവുമുള്ള പത്ര പരസ്യങ്ങൾക്ക് യാതൊരു നാണവുമുണ്ടായിരുന്നില്ല .
സാരമില്ല പരസ്യങ്ങൾ വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരനുണ്ടല്ലോ .
വിദേശരാജ്യങ്ങളിലൊന്നും ഇമ്മാതിരി വൈകൃതങ്ങൾ കണ്ടതായി അറിവില്ല.ഈ ഡിജിറ്റൽ കാലത്തും ഒരു വർഷം ഉദ്ഘാടന മാമാങ്കങ്ങൾക്ക് മാത്രമായി എത്ര തുക ചിലവാക്കുന്നു  എന്ന് ഒരു കണക്കെടുപ്പ് നടത്താവുന്നതാണ്.
പറഞ്ഞുവന്നത് കൊച്ചിക്കാരെ കൊച്ചാക്കുവാൻ നോക്കിയ ഒരു പരിപാടിയെപ്പറ്റിയാണ്. കാലങ്ങളായി എറണാകുളത്തുകാർ ശപിച്ചുകൊണ്ട് കടന്നുപോകുന്ന കുരുക്കാണ് വൈറ്റില ജങ്ക്ഷൻ. ട്രാഫിക് പരിഷ്‌കാരങ്ങൾ പലതും നടത്തിനോക്കിയിട്ടും വിജയിക്കാതെ വന്നപ്പോൾ ഒടുവിൽ മേൽപ്പാലം നിർമ്മിക്കാൻ തീരുമാനമായി.
പാലം പണി എത്രയും വേഗത്തിൽ തീരണേയെന്ന് അതിലൂടെ കടന്നുപോകുന്നവർ മനമുരുകി പ്രാർത്ഥിച്ചു;ഫലം പാലം പൂർത്തിയായി. പക്ഷെ ഇന്ന് തുറക്കും നാളെ തുറക്കും എന്നെല്ലാം പ്രതീക്ഷിച്ചവർക്ക് തെറ്റി. ഉദ്ഘാടകന്റെ സമയം ഒത്തുവന്നില്ലത്രേ.ടാർ വീപ്പകളും ബാരിക്കേഡുകളും ഒരു സ്ഥാനമാറ്റത്തിനായി ഉദ്ഘാടകനുവേണ്ടി കാത്തിരുന്നു മടുത്തു.
ക്ഷമക്കും ഒരതിരില്ലേ?. ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതത് എന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട. അത്‌കൊണ്ട് കൊച്ചിയിലെ ജനങ്ങൾ പാലമങ്ങു ഉദ്ഘാടിച്ചു ,എന്നാൽ പാലം വാഹനങ്ങൾക്കും മനുഷ്യർക്കും കടന്നുപോകാനുള്ളതല്ല എന്നും അത് ഉദ്ഘാടനം ചെയ്തു കളിക്കാൻ മാത്രമുള്ളതാണെന്നും ധരിച്ചു വെച്ച പോലീസുകാർ  കൊച്ചിയിലെ മിടുക്കന്മാരെയും മിടുക്കികളെയും പിടിച്ചു അകത്താക്കി മഹാരാജാനോട് കൂറ് പുലർത്തി. ഏതായാലും ക്ഷമയുടെ നെല്ലിപ്പലക കണ്ട കൊച്ചിയിലെ പുതിയ കുട്ടികളുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ. കൊച്ചി പഴയ കൊച്ചി തന്നെ പക്ഷെ കൊച്ചിയിലെ കുട്ടികൾ പുതിയ കുട്ടികളാണ് ;മറക്കണ്ട .
 

Latest News