Sorry, you need to enable JavaScript to visit this website.

ഞങ്ങൾ എത്രമേൽ ആഗ്രഹിച്ചത്... ആഹ്ലാദത്തിലമർന്ന് ഖത്തർ

ഖത്തർ-സൗദി അതിർത്തികൾ തുറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവുകളിൽ ഇറങ്ങിയ ഖത്തരി യുവാക്കൾ.

റിയാദ്- മൂന്നര വർഷം നീണ്ട ബഹിഷ്‌കരണം അവസാനിപ്പിച്ച് സൗദി അറേബ്യക്കും ഖത്തറിനുമിടയിലെ വ്യോമ, കര, സമുദ്ര അതിർത്തികൾ തുറന്നെന്ന റിപ്പോർട്ടുകൾ ഗൾഫ് ജനതയെ ഒന്നടങ്കം ആഹ്ലാദക്കൊടുമുടിയിലാക്കി. ബഹിഷ്‌കരണത്തിന്റെ പ്രയാസം ഏറ്റവും കൂടുതൽ അനുഭവിച്ച ഖത്തറിൽ ആഹ്ലാദം അണപൊട്ടിയൊഴുകി. കുട്ടികളും യുവാക്കളുമടക്കം ആബാലവൃദ്ധം ജനങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവുകളിൽ ഇറങ്ങി. ഗൾഫ് രാജ്യങ്ങളുടെ പതാകകളും ഭരണാധികാരികളുടെ ഫോട്ടോകളുമേന്തി കാറുകളിൽ ഇവർ തെരുവുകളിൽ കറങ്ങി. ആഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സൗദി അറേബ്യക്കും ഖത്തറിനുമിടയിലെ അതിർത്തികൾ തുറക്കുന്ന കാര്യത്തിൽ ധാരണയിലെത്തിയ വിവരം കുവൈത്ത് വിദേശ മന്ത്രി ശൈഖ് അഹ്മദ് നാസിർ അൽമുഹമ്മദ് അൽസ്വബാഹ് ആണ് തിങ്കളാഴ്ച രാത്രി പ്രസ്താവനയിൽ അറിയിച്ചത്. 


ഇതോടെ ഖത്തർ ജനത ആഹ്ലാദം പ്രകടിപ്പിച്ച് തെരുവുകളിലേക്ക് ഇറങ്ങുകയായിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിലും ഇതിന്റെ അലയൊലികളുണ്ടായി. കുവൈത്ത് വിദേശ മന്ത്രിയുടെ പ്രസ്താവന ടി.വി ചാനൽ സംപ്രേഷണം ചെയ്തയുടൻ അല്ലാഹു അക്ബർ എന്ന് മുദ്രാവാക്യം മുഴക്കി ഖത്തരികൾ ആഹ്ലാദം പ്രകടിപ്പിച്ചു. സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തച്ചുവടുകളുമായാണ് യുവാക്കൾ തെരുവിലിറങ്ങിയത്. ഖത്തർ-സൗദി അതിർത്തികൾ തുറന്നെന്ന വാർത്ത പുറത്തുവന്നയുടൻ ഖത്തർ എയർവെയ്‌സ് വിമാനം റൂട്ട് മാറ്റി സൗദി വ്യോമമേഖലയിൽ പ്രവേശിച്ചത് കൗതുകവും വിസ്മയവുമായി. ജോർദാൻ തലസ്ഥാനമായ അമ്മാനിൽനിന്ന് ദോഹയിലേക്ക് പോവുകയായിരുന്ന ഖത്തർ എയർവെയ്‌സ് വിമാനം പെട്ടെന്ന് സൗദി വ്യോമമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു.

ജോർദാനിൽനിന്ന് ഇറാഖ് വഴി ഇറാൻ വ്യോമമേഖലക്കു സമീപം ഗൾഫ് ഉൾക്കടലിനു മുകളിലൂടെ വളഞ്ഞ് ദോഹയിലേക്ക് സഞ്ചരിക്കുകയായിരുന്ന വിമാനം ഇറാഖിൽ പ്രവേശിക്കുന്നതിനു തൊട്ടു മുമ്പായി അതിർത്തികൾ തുറന്നെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ സൗദി വ്യോമമേഖലയിൽ പ്രവേശിച്ച് അറാർ, റഫ്ഹ, ഹഫർ അൽബാത്തിൻ നഗരങ്ങൾക്കു മുകളിലൂടെ ദോഹയിലേക്ക് പറക്കുകയായിരുന്നു. വിമാനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന സൈറ്റുകളാണ് ഖത്തർ എയർവെയ്‌സ് വിമാനം അപ്രതീക്ഷിതമായി റൂട്ട് മാറ്റി സൗദി വ്യോമമേഖലയിൽ പ്രവേശിച്ചത് വ്യക്തമാക്കുന്ന ഫോട്ടോകൾ പുറത്തുവിട്ടത്. 
 

Latest News