Sorry, you need to enable JavaScript to visit this website.

വർത്തമാനം  സിനിമയ്ക്ക്  പ്രദർശനാനുമതി 

കൊച്ചി-  കേന്ദ്ര സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി വർത്തമാനം  സിനിമയ്ക്ക് പ്രദർശനാനുമതി നൽകി.  തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്തായതു കൊണ്ട് സിനിമയ്ക്ക് അനുമതി നിഷേധിച്ചെന്നു വെളിപ്പെടുത്തിയ ബി.ജെ.പി നേതാവ് അഡ്വ വി. സന്ദീപ്കുമാറിനെ സെൻസർ ബോർഡ് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് സംവിധായകൻ സിദ്ധാർത്ഥ് ശിവയും ആര്യാടൻ ഷൗക്കത്തും ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ച് ഗവേഷണം നടത്താനായി ദൽഹിയിലേക്കു പോയ മലബാറിൽ നിന്നുള്ള പെൺകുട്ടി സമകാലീന ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിൽ നേരിടേണ്ടി വന്ന പ്രയാസങ്ങളും പ്രതിസന്ധികളും പങ്കുവെക്കുന്ന വർത്തമാനം എന്ന സിനിമയെ ദേശവിരുദ്ധ സിനിമയാക്കി ചാപ്പകുത്തി പ്രദർശനാനുമതി നിഷേധിക്കാനുള്ള സെൻസർ ബോർഡ് മെമ്പറുടെ ശ്രമത്തെ അതിജീവിച്ചത് സിനിമയെ സ്‌നേഹിക്കുന്നവരുടെയും മതേതര മനസുകളുടെ വിജയമാണെന്നും ഇരുവരും വ്യക്തമാക്കി.
ഒരു സീൻ പോലും നീക്കം ചെയ്യാതെയാണ് മുംബൈയിലെ കേന്ദ്ര സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി സിനിമക്ക് പ്രദർശനാനുമതി നൽകിയത്. വർഗീയതയും മതാന്ധതയും ബാധിച്ചവർക്ക് പകരം സിനിമയെക്കുറിച്ച് വിലയിരുത്താൻ കഴിവുള്ളവരെയാണ് സെൻസർ ബോർഡിൽ നിയമിക്കേണ്ടത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത കലാസൃഷ്ടി ഇവിടെ വേണ്ട എന്ന കാഴ്ചപ്പാട് സാംസ്‌ക്കാരിക ഫാസിസമാണ്. ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. മലയാള സിനിമാരംഗത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് സെൻസർബോർഡ് സിനിമക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത്. സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സർട്ടിഫിക്കറ്റു കൂടി ഹാജരാക്കേണ്ടി വരുമോ എന്ന് സെൻസർ ബോർഡ് വ്യക്തമാക്കണം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറും ആര്യാടൻ ഷൗക്കത്തും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ദേശീയ അവാർഡ് ജേതാക്കൾ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് വർത്തമാനത്തിന്. 

Latest News