ദമാമിലെ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ഏഷ്യാ കപ്പ് അണ്ടർ-19 ചാമ്പ്യൻഷിപ് യോഗ്യതാ റൗണ്ടിലെ ആദ്യ ദിവസത്തിലെ രണ്ടാമത്തെ മൽസരമായിരുന്നു ഇന്ത്യയും ആതിഥേയരായ സൗദി അറേബ്യയും തമ്മിൽ. വാരാന്ത്യ അവധി ദിനമായതിനാൽ വൻ ജനപങ്കാളിത്തം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ടീം ഇന്ത്യ പതറിയപ്പോൾ ഗാലറിയെ നോക്കാൻ പോലും തുനിയാതെ കൊച്ചുതാരങ്ങൾ അപമാനം പേറി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. ടീമിലെ ഏക മലയാളി താരം പതിനേഴാം നമ്പർ ജഴ്സിക്കാരൻ രാഹുൽ കെ.പി ഗാലറിയിലെത്തിയ ആയിരങ്ങളെ നോക്കി അഭിവാദ്യം ചെയ്യുന്നു, ഒപ്പം കൈകൂപ്പി ക്ഷമ ചോദിക്കുന്നു. ടീമിന്റെ പരാജയത്തെ കുറിച്ചും വരാനിരിക്കുന്ന മൽസരങ്ങളിലെ വിജയപ്രതീക്ഷയെക്കുറിച്ചും കൃത്യമായി സൗദി ടി.വി റിപ്പോർട്ടർക്ക് മുമ്പാകെ ഇംഗ്ലീഷിൽ വിശദീകരിക്കുന്നു. ശേഷം തന്നെ കാണാൻ കാത്തിരിക്കുന്ന മലയാളി കാൽപന്ത് പ്രേമികളുടെ സമീപത്തേക്ക് എത്തി സ്നേഹം പങ്ക് വെക്കുന്നു. എല്ലാവർക്കും സെൽഫി സമ്മാനിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പോലും അമ്പരക്കുന്നു, രാഹുലിന് മാത്രമായി ഫ്ളക്സുകൾ സ്റ്റേഡിയത്തിൽ ഉയരുന്നു. ശേഷിക്കുന്ന മൽസരങ്ങളിൽ വിജയിച്ചതിന് ശേഷം മാത്രമേ ഇവിടെനിന്നു പോകുകയുള്ളൂവെന്ന് എല്ലാവരോടും ശുഭപ്രതീക്ഷയോടെ മറുപടി പറയുന്നു.
അതെ, ഇന്റർനാഷണൽ ഐ.എം. വിജയന്റെയും ജോപോൾ അഞ്ചേരിയുടേയും നാട്ടിൽ നിന്നുവന്ന ഈ കൗമാരക്കാരൻ ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ കളിച്ചതിന്റെയോ അനേകം ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം കണ്ടെത്തിയതിന്റെയോ ഭാവമോ തലക്കനമോ ഇല്ലാതെ പരിചയപ്പെടുന്നവർക്ക് പ്രിയപ്പെട്ടവനായി മാറി.
ത്യശൂർ ഒല്ലൂർക്കര കണ്ണോളി രാഹുലിന് ഫുട്ബോൾ കളിയോടുള്ള പ്രണയവും കഠിനാദ്ധ്വാനവുമാണ് അണ്ടർ-17 ലോകകപ്പിൽ രാജ്യത്തിന്റെ ജഴ്‌സിയണിയാനായത്. ഫുട്ബോൾ അക്കാദമിയിലെ പ്രഗൽഭരായ പരിശീലകരുടെ കീഴിൽ പന്ത് തട്ടി വളരാനുള്ള അവസരമൊന്നും രാഹുലിന് ലഭിച്ചിട്ടില്ല. രാഹുൽ പഠിച്ച സ്‌കൂൾ തൃശൂർ ജില്ലയിലെ മുക്കാട്ടുകര ബത്ലഹേം കോൺവെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് ഒരു ഫുട്ബോൾ ടീം പോലുമില്ല. കൂട്ടുകാർക്കൊപ്പം പറമ്പുകളിലും പാടത്തും കളിച്ചാണ് രാഹുൽ അണ്ടർ-14 ടീമിൽ തൃശൂരിന് വേണ്ടി ആദ്യമായി ജഴ്‌സിയണിഞ്ഞത്. മികച്ച പ്രകടനം സംസ്ഥാന ടീമിലെത്തിച്ചു. 2014 ൽ കൊൽക്കത്ത കല്ല്യാണിയിൽ നടന്ന ദേശീയ അണ്ടർ-14 മൽസരത്തിൽ ടോപ്‌സ്‌കോററായ രാഹുൽ പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. നേരെ ഗോവയിലേക്ക് വണ്ടി കയറി. എ.ഐ.എഫ്.എഫ് പരിശീലന ആസ്ഥാനത്ത് നടന്ന നൂറ് കണക്കിന് കൗമാര താരങ്ങളിൽ നിന്നു 25 പേരെ എലിമിനേഷൻ റൗണ്ടിലൂടെ തെരഞ്ഞെടുത്തപ്പോൾ അവരിൽ ഒരാളായി രാഹുൽ. അതികഠിനവും ശാസ്ത്രീയവുമായ പരിശീലനം വിദേശ കോച്ചുകളിൽ നിന്നു ലഭിക്കാൻ തുടങ്ങിയതോടെ രാഹുലിന്റെ പ്രതിഭ വെട്ടിത്തിളങ്ങി. ഇന്ത്യൻ ടീമംഗം എന്ന നിലയിൽ പതിനാലോളം യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നടത്തിയ മൽസരങ്ങൾ വലിയ അനുഭവ പാഠമായി. അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയപ്പോൾ ഗാലറിയിൽ നിന്നു പതിനായിരങ്ങൾ ഇന്ത്യാ, ഇന്ത്യാ എന്ന് ആർത്ത് വിളിച്ച രംഗം ഇന്നും രാഹുൽ ഓർക്കുന്നു. ഘാനയോടും കൊളംബിയയോടും ടീം ഇന്ത്യ കളിച്ച വേഗമാർന്ന കളിയും തുടക്കം മുതൽ ഗാലറി ഇരമ്പിയതും അവിസ്മരണീയമാണ്. കൊളംബിയക്കെതിരെ 2-1 ന് ഇന്ത്യ പിന്നിട്ട് നിൽക്കുമ്പോൾ രാഹുലിന്റെ ബൂട്ടിൽനിന്നു പറന്ന ഗോൾ മണം പരത്തി പോസ്റ്റിൽ തട്ടി മടങ്ങിയത് ഇന്ത്യൻ ഫുട്ബോൾ ആരാധകർ മറന്നിട്ടില്ല. ചരിത്രത്തിലേക്ക് അടിച്ച 'ഗോൾ' എന്ന് വരെ കളിയിലെ ഈ നിമിഷത്തെ പലരും വിശേഷിപ്പിച്ചതായി രാഹുൽ ഓർക്കുന്നു.
ഇത്രയൊന്നും രാഹുൽ പ്രതീക്ഷിച്ചതല്ല, ഒരു ജില്ലാ ടീം വരെ കളിക്കാം എന്നായിരുന്നു മോഹം. ഇപ്പോൾ എത്തിയിരിക്കുന്ന തന്റെ ഉയർച്ചക്ക് പിന്നിൽ തന്റെ പാപ്പനോടുള്ള (പിതൃസഹോദരൻ) കടപ്പാട് ഹൃദയത്തിൽ ചേർത്ത് വെച്ചിരിക്കുകയാണ് രാഹുൽ. പ്രാദേശിക ഫുട്ബോൾ മൽസരങ്ങളിൽ കളിക്കാരനായും സംഘാടകനായും തിളങ്ങി നിന്ന പ്രദീപ് ആർ.കെയാണ് രാഹുലിന്റെ പാപ്പൻ. ചെറുപ്രായം മുതൽ രാഹുൽ പ്രദീപിന്റെ ശിക്ഷണത്തിലാണ് വളർന്നത്. തന്റെ 'റോൾ മോഡൽ' പാപ്പനാണെന്ന് രാഹുൽ എവിടെയും പറയും, അത്രക്കും കടപ്പാട് ഉണ്ട്.
തല ഉയർത്തിയാണ് ലോകകപ്പിൽ നിന്നു ടീം ഇന്ത്യ കളം വിട്ടതെന്ന് രാഹുൽ പറയുന്നു. കോച്ച് പോർച്ചുഗീസുകാരനായ ലൂയിസ് നോർട്ടൻ ഡി മാറ്റോസിനെ കുറിച്ച് പറയാൻ ആയിരം നാവാണ് രാഹുലിന്. സ്റ്റാമിന ഇല്ലാതെ പോകുന്ന ഇന്ത്യൻ ടീമിനെ കുറിച്ചു പറയുന്ന സാഹചര്യം മാറിയിട്ടുണ്ട്. ഇന്ത്യൻ കളിക്കാരെകുറിച്ച് പൊതുവെ പറയാറുള്ള 45 മിനുട്ട് പൊരുതും 45 മിനുട്ട് കിതക്കും എന്ന നീരീക്ഷണങ്ങൾ ഇന്ന് അപ്രസക്തമാണ്. ഇന്ത്യൻ ഫുട്ബോൾ ഇനിയും ഉയരത്തിലെത്തും. നല്ല കളിക്കാരെ വളർത്തിയെടുക്കുവാനായി വിവിധ സംസ്ഥാനങ്ങൾ ഒരേ ലക്ഷ്യബോധത്തിൽ ശ്രമിച്ചാൽ അത് നമ്മുടെ രാജ്യത്തിനായിരിക്കും ഗുണം ചെയ്യുക. നല്ല ആത്മവിശ്വാസം എല്ലാ മൽസരങ്ങളിലും പ്രകടിപ്പിക്കാറുണ്ട്. കഠിനമായ പരിശ്രമം കൊണ്ട് പുറത്തെടുക്കാൻ സാധിക്കുന്ന കളിയായിരിക്കും ഇനിയുള്ള കാലങ്ങളിലുണ്ടാകുകയെന്ന് രാഹുൽ കൂട്ടി ചേർക്കുന്നു.
അണ്ടർ-17 ലോക കപ്പിൽ കളിച്ച് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ജന്മനാട് നൽകിയ സ്വീകരണം ഒരിക്കലും മറക്കില്ല, തലപ്പാവ് അണിയിച്ച് ആനയിച്ചത് ജീവിതത്തിൽ വിസ്മരിക്കാനാവാത്ത നിമിഷം. താൻ സമ്മാനിച്ച സന്തോഷത്തിനാണ് എന്നെ അവർ തിരിച്ച് സ്നേഹിക്കുന്നത്, ആ സ്നേഹത്തിന് പകരം മറ്റൊന്നുമില്ല. പാവപ്പെട്ട ഒരു കർഷക കുടുംബത്തിലാണ് താൻ വളർന്നത്. അഛൻ പ്രവീണിന് കാര്യമായി ജോലിയൊന്നുമില്ല. അമ്മ ബിന്ദു, ഏക സഹോദരി നന്ദന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. പത്താം ക്ലാസ് പരീക്ഷ ഗോവയിൽ വെച്ചാണ് പൂർത്തീകരിച്ചത്. ഇനി പ്ലസ് ടു ചെയ്യണം, പക്ഷേ ഫുട്ബോളിന് പ്രാധാന്യം നൽകുവാനാണ് ഉദ്ദേശിക്കുന്നത്. നാടിന് പ്രശസ്തി കൊണ്ടുവരാനുള്ള പരിശ്രമങ്ങളായിരിക്കും ഉണ്ടാവുക - രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഏത് രാജ്യത്ത് കളിച്ചതിനേക്കാളും കണ്ടതിനേക്കാളുമുപരി ഇന്ത്യക്കാരുടെ പിന്തുണ ലഭിച്ചത് ദമാമിൽ നിന്നാണെന്ന് രാഹുൽ സന്തോഷത്തോടെ പറയുന്നു. ഇവിടെ എത്തിയ നിമിഷം മുതൽ ഇന്ത്യക്കാർ, വിശിഷ്യാ മലയാളികൾ സ്നേഹം കൊണ്ടു മൂടി. നാട്ടിൽ കളിച്ച പ്രതീതിയാണ് ഉണ്ടായത്. നന്ദിയുണ്ട്. അവർ പ്രതീക്ഷിച്ച വിജയം സമ്മാനിക്കാൻ സാധിക്കാത്തതിൽ വിഷമവും.
സൗദിയുമായുള്ള മൽസരത്തിൽ മുഴുവൻ സമയവും കളിച്ച രാഹുൽ രണ്ടാമത്തെ മൽസരത്തിൽ യെമനെതിരെ ആദ്യ പകുതിക്കുശേഷം പരിക്കുമായി മടങ്ങി. അവസാന മൽസരത്തിൽ തുർക്ക്മെനിസ്ഥാനെതിരെ പരിക്ക് കാരണം വിട്ടു നിൽക്കേണ്ടിവന്നു. ഇന്ത്യയിൽ ഫുട്ബോളിന് വളരാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. ഐ.എസ്.എല്ലും അണ്ടർ-17 ലോകകപ്പും വലിയ പശ്ചാത്തല സൗകര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി (എ.ഐ.എഫ്.എഫ്) മൂന്ന് വർഷത്തേക്ക് കരാറൊപ്പിട്ട് കഴിഞ്ഞു. ഐ.എസ്.എല്ലിലെ ചില
ക്ലബുകളിൽനിന്നു ക്ഷണമുണ്ടെങ്കിലും തത്ക്കാലം പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു.






