Sorry, you need to enable JavaScript to visit this website.

ചെലവേറിയ കാപ്പാട് സന്ദർശനം 

1498ൽ കോഴിക്കോടിനടുത്ത കാപ്പാട്ട് പോർച്ചുഗീസ് നാവികനായ വാസ്‌കോഡഗാമ വന്നിറങ്ങിയത് ലോക ചരിത്രം മാറ്റി മറിച്ച സംഭവമാണ്. കാപ്പാട് അടുത്ത കാലത്ത് മലബാറിലെ പ്രധാന ബീച്ച് റിസോർട്ടായി വളർന്നു. സാധാരണ കുടുംബങ്ങൾക്ക് താങ്ങാവുന്ന ചെലവിൽ കാപ്പാട്ട് സായാഹ്നം ചെലവഴിക്കാമായിരുന്നു. അടുത്തിടെ കാപ്പാടിന്റെ പവറൊന്ന് കൂടി. ബ്ലൂ ഫഌഗ് പദവി ലഭിച്ചതോടെ നമ്മുടെ സ്വന്തം കാപ്പാട് അന്യമാവുകയാണോയെന്ന് സംശയം. ഇവിടെ പ്രവേശന നിരക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.  കോഴിക്കോട് കാപ്പാട് ബീച്ചിൽ പ്രവേശന നിരക്ക് ഏർപ്പെടുത്തിയതിനെ ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. ഡിടിപിസി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തിന് തടസ്സമാകുമെന്നാണ് ആക്ഷേപം ഉയരുന്നത്. നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കും സൗജന്യ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കാപ്പാട് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് 50 രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇത് കൂടാതെ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കാൻ തുക വേറെയും നൽകണം. സ്വദേശി-വിദേശി വ്യത്യാസമില്ലാതെയാണ് ഇവിടെ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖം മിനുക്കിയതും ബീച്ചിന് ബ്ലൂ ഫഌഗ് പദവി ലഭിച്ചതുമൊക്കെ നാട്ടുകാർക്ക് അഭിമാനമാണ്. എന്നാലിപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചരിത്രപ്രാധാന്യമുള്ള ബീച്ചിനെ തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് നാട്ടുകാരുടെ വാദം. ബ്ലൂ ഫഌഗ്  പദവി നിലനിർത്താൻ ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 


 തീരം വൃത്തിയാക്കുന്നതിനും തനിമയോടെ സൂക്ഷിക്കുന്നതിനും ചെലവ് വേറെയുണ്ട്. ഇതിനുള്ള പണം കണ്ടെത്തുന്നതിനാണ് പ്രവേശന തുക ഈടാക്കുന്നത്. ജനങ്ങൾക്ക് അവകാശപ്പെട്ട ഒരു പൊതുസ്ഥലം എന്ന നിലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരക്കുകൾക്കെതിരെ പ്രതിഷേധിക്കും എന്നാണ് നാട്ടുകാരുടെ നിലപാട്. എന്നാൽ  ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് നിരക്ക് കുറക്കുമെന്ന് ഡിടിപിസി വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫഌഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിൽ ഔദ്യോഗിക ബ്ലൂ ഫഌഗ് ഉയർത്തൽ ഡിസംബർ 28നായിരുന്നു.  ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഇത് നിർവ്വഹിച്ചു.  ഇന്ത്യയിൽ ഈ വർഷം ബ്ലൂ ഫഌഗ് സർട്ടിഫിക്കേഷൻ ലഭിച്ച എട്ട് ബീച്ചുകളുടെ ഔദ്യോഗിക ബ്ലൂ ഫഌഗ് ഉയർത്തൽ ചടങ്ങ് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ ഓൺലൈനായി നിർവ്വഹിച്ചതിനൊപ്പമായിരുന്നു  ചടങ്ങ്. ബീച്ച് പരിസരത്തു നടന്ന ചടങ്ങിൽ കെ.ദാസൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 
ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്കു നൽകുന്നതാണ്  ബ്ലൂ ഫഌഗ് സർട്ടിഫിക്കേഷൻ.  മാലിന്യമുക്ത തീരം, പരിസ്ഥിതി സൗഹൃദപരമായ നിർമ്മിതികൾ, സഞ്ചാരികളുടെ സുരക്ഷ, കുളിക്കുന്ന കടൽവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാ മാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫഌഗ് മാനദണ്ഡങ്ങൾ കടന്നാണ് കാപ്പാട് ബീച്ച് അഭിമാനനേട്ടം കൈവരിച്ചത്.


കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ ചെയർമാനും കോഴിക്കേട് ജില്ലാ കലക്ടർ സാംബശിവറാവു നോഡൽ ഓഫീസറുമായി ബീച്ച് മാനേജ്മന്റ് കമ്മിറ്റി രൂപീകരിച്ചാണ് ബീച്ചിൽ നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ദൽഹി ആസ്ഥാനമായിട്ടുള്ള എ ടു സെഡ്  ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണ പ്രവൃത്തികൾ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്‌മെന്റ് ആണ് ബ്ലൂ ഫഌഗ് സർട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്കായി കേന്ദ്ര സർക്കാർ എട്ട് കോടി രൂപ വകയിരുത്തി.
സർട്ടിഫിക്കേഷൻ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫഌഗ് ലഭിക്കുന്നതിനാവശ്യമായ പ്രവൃത്തികൾ കാപ്പാട് ബീച്ചിൽ പൂർത്തീകരിച്ചിരുന്നു. ബീച്ചിന്റെ പ്രവർത്തനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദപരമാണെന്ന് ആഹ്വാനം ചെയ്യുന്നതിനായി 'അയാം സേവിംഗ് മൈ ബീച്ച്' പതാക ഉയർത്തിയതിനൊപ്പം അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.


കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാൻ 30 വനിതകളാണ് ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവർ നീക്കം ചെയ്യുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്യുന്നു. കാപ്പാട് വാസ്‌കോഡ ഗാമ സ്തൂപത്തിന് സമീപത്തുനിന്ന് വടക്കോട്ട് 500 മീറ്റർ നീളത്തിൽ വിവിധ വികസന പ്രവൃത്തികൾ നടത്തി. മികച്ച ടോയ്‌ലെറ്റുകൾ, നടപ്പാതകൾ, ജോഗിങ് പാത്ത്, സോളാർ വിളക്കുകൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവ സ്ഥാപിക്കുകയും കുളിക്കാനായി തീരത്തുനിന്നും 200 മീറ്റർ നീളത്തിൽ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.


കടലിൽ കുളി കഴിഞ്ഞെത്തുന്നവർക്ക് ശുദ്ധവെള്ളത്തിൽ കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുണ്ട്.  തീരത്തെ കടൽവെള്ളം വിവിധ ഘട്ടങ്ങളിൽ പരിശോധിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. ഓരോ ദിവസത്തെയും തിരമാലകളുടെയും കാറ്റിന്റെയും ശക്തി, അപായ സാധ്യതകൾ എന്നിവ ബീച്ചിൽ പ്രദർശിപ്പിക്കും. ആദ്യമായി എട്ട് ഇന്ത്യൻ കടൽത്തീരങ്ങൾക്ക് ബ്ലൂ ഫഌഗ് സർട്ടിഫിക്കേഷൻ ലഭിച്ചതിൽ ഒന്നാകാൻ കാപ്പാടിനു കഴിഞ്ഞത് വിനോദസഞ്ചാരത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കേരളം നൽകുന്ന പ്രാധാന്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗുജറാത്തിലെ ശിവരാജ്പൂർ, ഡിയുവിലെ ഘോഗ്ല, കർണാടകയിലെ പദുബിദ്രി, ആന്ധ്രാപ്രദേശിലെ റുഷികോൺ, ഒഡീഷയിലെ പുരി ഗോൾഡൻ, ആൻഡമാൻ  നിക്കോബാർ ദ്വീപുകളിലെ രാധനഗർ എന്നിവയാണ് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുത്ത മറ്റു ബീച്ചുകൾ.


 

Latest News