റിയാദ് - ഹജ് കാലത്ത് സീസൺ വിസ നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ അഞ്ചു വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ആലോചിക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശ മന്ത്രാലയം, ധനമന്ത്രാലയം, കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ എന്നിവയെ ഉൾപ്പെടുത്തിയാണ് താൽക്കാലിക, സീസൺ വിസകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കുന്നത്.
താൽക്കാലിക, സീസൺ വിസകളുമായി ബന്ധപ്പെട്ട പുതിയ കരടു നിയമാവലിയാണ് താൽക്കാലിക, സീസൺ വിസകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്കായി മന്ത്രാലയം കരടു നിയമാവലി പരസ്യപ്പെടുത്തി. താൽക്കാലിക, സീസൺ വിസകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ ശുപാർശ ചെയ്യുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അധ്യക്ഷതയിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഹജ്, ഉംറ കാര്യ വിഭാഗം, സുപ്രീം ഹജ് കമ്മിറ്റി സെക്രട്ടേറിയറ്റ്, ധനമന്ത്രാലയം, വിദേശ മന്ത്രാലയം, കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ എന്നിവയെ ഉൾപ്പെടുത്തി സ്ഥിരം സമിതി രൂപീകരിക്കണമെന്നും നിയമാവലി ആവശ്യപ്പെടുന്നു.
നിയമ ലംഘനങ്ങൾ പരിശോധിച്ച് സമിതി നിർദേശിക്കുന്ന ശിക്ഷകൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രിയാണ് അംഗീകാരം നൽകുക. നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴകൾ ധനമന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കും. സ്ഥിരം സമിതിയുടെ ശുപാർശ പ്രകാരമുള്ള ശിക്ഷാ തീരുമാനങ്ങൾക്കെതിരെ പ്രത്യേക കോടതിക്കു മുന്നിൽ അപ്പീൽ നൽകാൻ നിയമ ലംഘകർക്ക് അവകാശമുണ്ടാകും.
സീസൺ വിസയിൽ റിക്രൂട്ട് ചെയ്യുന്ന ഓരോ തൊഴിലാളിക്കും രണ്ടായിരം റിയാൽ വീതം വിസാ അപേക്ഷകർ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ ബാങ്ക് ഗാരണ്ടി കെട്ടിവെക്കണം. കമ്പനികളും സ്ഥാപനങ്ങളും ബാധ്യതകൾ പാലിക്കാത്ത പക്ഷം വിദേശ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്ന ചെലവുകൾക്കാണ് ഈ തുക വിനിയോഗിക്കുക. നിശ്ചിത സമയത്തിനകം വിദേശ തൊഴിലാളി രാജ്യം വിട്ടത് സ്ഥിരീകരിക്കുന്ന രേഖകൾ കമ്പനികളും സ്ഥാപനങ്ങളും സമർപ്പിക്കുകയോ വിസകൾ റദ്ദാക്കുകയോ ചെയ്യുന്ന പക്ഷം ഗാരണ്ടി തുക അപേക്ഷകർക്ക് തിരിച്ചുനൽകും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർണയിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി സീസൺ വിസകൾ സ്ഥിരം വിസകളാക്കി മാറ്റാനും അനുവാദമുണ്ടാകും.
ഹജ് സീസണിലും വിശുദ്ധ റമദാനിലും പ്രത്യേകം നിർണയിച്ച തൊഴിലുകൾ നിർവഹിക്കുന്നതിന് സൗദിയിൽ പ്രവേശിക്കുന്നതിനാണ് സീസൺ വിസകൾ അനുവദിക്കുകയെന്ന് നിയമാവലി പറയുന്നു. സീസൺ വിസയിൽ രാജ്യത്തെത്തുന്നവർക്ക് ഹജ് നിർവഹിക്കാൻ അനുമതിയുണ്ടാകില്ല. എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിലും പുണ്യസ്ഥലങ്ങളിലും വെച്ച് നിരീക്ഷണ കമ്മിറ്റികൾ കണ്ടെത്തുന്ന സീസൺ വിസാ നിയമ ലംഘനങ്ങളിലും കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷനും മറ്റു ബന്ധപ്പെട്ട വകുപ്പുകളും കണ്ടെത്തി കൈമാറുന്ന നിയമ ലംഘനങ്ങളിലും അന്വേഷണങ്ങൾ നടത്തുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സമിതികൾ രൂപീകരിക്കും. സൗദിയിൽ കഴിയുന്ന കാലത്തു മുഴുവൻ സീസൺ വിസ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തൽ നിർബന്ധമാണ്. അതിർത്തി പ്രവേശന കവാടങ്ങളിൽ വെച്ച് തൊഴിലാളികളെ സ്വീകരിക്കൽ, താമസ, യാത്രാ, ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, വേതനം വിതരണം ചെയ്യൽ, രാജ്യം വിടുന്നതു വരെ അവരെ നിരീക്ഷിക്കൽ എന്നിവയെല്ലാം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ചുമതലയാണ്.
ഇഷ്യൂ ചെയ്ത് ഒരു വർഷമാണ് താൽക്കാലിക വിസകളുടെ കാലാവധി. ഇതിനകം വിസകൾ പ്രയോജനപ്പെടുത്തിയിരിക്കണം. താൽക്കാലിക വിസകളിൽ എത്തുന്നവർ സ്ഥിരം വിസകളാക്കി മാറ്റാതെ ആറു മാസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ പാടില്ല. കാലാവധി തീർന്ന ശേഷം ഉപയോഗപ്പെടുത്താത്ത താൽക്കാലിക വിസകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കുമെന്നും കരടു നിയമാവലി പറയുന്നു.