20 ദശലക്ഷം ദിര്‍ഹം കിട്ടിയ മലയാളി മസ്‌കത്തിലുണ്ട്

ദുബായ്- അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയോളം രൂപ (20 ദശലക്ഷം ദിര്‍ഹം) സമ്മാനം നേടിയ കോഴിക്കോട് സ്വദേശി എന്‍.വി.അബ്ദുസ്സലാമിനെ (28) മസ്‌കത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചു. ഈ യുവാവ് ഡിസംബര്‍ 29ന് ഓണ്‍ലൈനിലൂടെ എടുത്ത 323601 നമ്പര്‍ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്.

നറുക്കെടുപ്പിനെ തുടര്‍ന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സന്തോഷവാര്‍ത്ത കൈമാറാന്‍ അബ്ദുസ്സലാമിനെ വിളിച്ചെങ്കിലും കിട്ടിയില്ല. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍  ഓഫായിരുന്നു. ആറ് വര്‍ഷമായി മസ്‌കത്തില്‍ സ്വന്തമായി കട നടത്തുന്ന അബ്ദുസ്സലാം സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഇദ്ദേഹം നല്‍കിയ തന്റെ ഫോണ്‍ നമ്പരിനോടൊപ്പം ഒമാന്‍ കോഡായ  +968 ന് പകരം  ഇന്ത്യന്‍ കോഡായ  +91 അബദ്ധത്തില്‍ ചേര്‍ത്തുപോയതാണ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിന് കാരണം.

കിട്ടുന്ന പണം ഉപയോഗിച്ച് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നതായി അബ്ദുസ്സലാം പറഞ്ഞു.

 

Latest News