സുരേഷ് ഗോപി  പ്രചാരണം നടത്തിയ കരാറുകാര്‍ക്ക്  പണം നല്‍കിയില്ലെന്ന് പരാതി 

തൃശൂര്‍-കഴിഞ്ഞ ഇലക്ഷന്‍ കാമ്പയിനിന്റെ അവസാന നാളുകളിലാണ് ആക്ഷന്‍ ഹീറോ സുരേഷ് ഗോപി തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന പ്രയോഗവുമായെത്തിയത്. തെരഞ്ഞെടുപ്പില്‍ ഗുണം പിടിച്ചല്ലെങ്കിലും ഈ സ്ലോഗന്‍ വൈറലായി. ട്രോളന്മാര്‍ അമ്പലപ്പുഴ പാല്‍പായസം പോലെ രസിച്ച് കൈമാറി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ രീതിയില്‍ പ്രതീക്ഷവെച്ച മണ്ഡലമാണ് തൃശൂര്‍. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപനാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി.
ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പണം കിട്ടിയില്ലെന്ന് പരാതിയുയര്‍ന്നിരിക്കുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്തിയ കരാറുകാര്‍ക്കാണ്  പണം നല്‍കിയില്ലെന്ന് പരാതി. പരസ്യകമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിങ് സ്ഥാപനങ്ങള്‍ക്കുമാണ് പണം കിട്ടാന്‍ ബാക്കിയുള്ളതെന്നാണ് പരാതി.പണം ലഭിക്കുന്നതിനായി ജില്ലാ നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടാവത്തതിനെ തുടര്‍ന്ന് കരാറുകാര്‍ കേന്ദ്ര സംസ്ഥാന നേതാക്കളെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 30 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളതെന്നാണ് പരാതി. സുരേഷ് ഗോപിയെ ഇക്കാര്യം അറിയിച്ചതായും പറയുന്നു.
എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ എല്ലാവരുടേയും പണം കൊടുത്താണ് സുരേഷ് ഗോപി മടങ്ങിയതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. 

Latest News