Sorry, you need to enable JavaScript to visit this website.

പുരസ്‌കാരത്തിലെ കല്ലുകടികൾ

മികച്ച കളിക്കാർക്കുള്ള ഫിഫ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കല്ലുകടിയായാണ് തോന്നിയത്.  അഞ്ച് ട്രോഫിയും അമ്പതിലേറെ ഗോളുകളുമായി വന്ന ബയേൺ മ്യൂണിക്കിന്റെ പോളണ്ട് താരം റോബർട് ലെവൻഡോസ്‌കിക്ക്  വലിയ വെല്ലുവിളി നേരിടേണ്ടി വന്നില്ല. ഒരു കാലഘട്ടം അടക്കി വാണ ക്രിസ്റ്റിയാനൊ റൊണാൾഡോയും ലിയണൽ മെസ്സിയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കു പോയി. ഇവരിലൊരാൾക്കു പകരം ഫ്രഞ്ച് ലീഗ് അടക്കമുള്ള കിരീടങ്ങൾ നേടുകയും  ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുകയും ചെയ്ത പി.എസ്.ജിയുടെ നെയ്മാർ ജൂനിയർ സ്ഥാനം നേടേണ്ടിയിരുന്നു എന്നു കരുതുന്നവരേറെ. മികച്ച കോച്ചിനുള്ള ബഹുമതി നേടിയത് ലിവർപൂളിന്റെ യൂർഗൻ ക്ലോപ്പായിരുന്നു. സീസണിൽ മത്സരിച്ചിടത്തെല്ലാം കിരീടം നേടിയ ബയേൺ മ്യൂണിക്കിന്റെ ഹാൻസി ഫഌക്കിനെ തഴഞ്ഞതിൽ ക്ലോപ്പ് പോലും അനിഷ്ടം പ്രകടിപ്പിച്ചു. മികച്ച ഗോൾകീപ്പറായി ബയേണിന്റെ ജർമൻ താരം മാന്വൽ നോയർ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫിഫ പ്രഖ്യാപിച്ച ബെസ്‌റ് ഇലവനിൽ ഗോൾകീപ്പർ ലിവർപൂളിന്റെ ബ്രസീലിയൻ താരം ആലിസൺ ബക്കർ ആണ്.  ഇതേ വൈരുധ്യം 2019 ലും ഉണ്ടായിരുന്നു. അന്ന് ആലിസൺ മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് നേടിയെങ്കിലും ബെസ്‌റ് ഇലവനിൽ റയൽ മഡ്രീഡിന്റെ ബെൽജിയൻ കീപ്പർ തിബോ കോർട്ടവയായിരുന്നു. ഇത്തരം സംഭവങ്ങൾ ഫിഫ അവാർഡിന്റെ നിറം കെടുത്തുന്നത് ആദ്യമല്ല എന്ന് ചുരുക്കം. 

*** *** ***
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരക്രമം നിശ്ചയിക്കപ്പെട്ടതോടെ ഫുട്‌ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കുറെ മത്സരങ്ങളുണ്ട്. ബാഴ്‌സലോണ-പി.എസ്.ജി, അത്‌ലറ്റികോ മഡ്രിഡ്-ചെൽസി, ലിവർപൂൾ-ലെയ്പ്‌സിഷ്, റയൽ മഡ്രിഡ്-അറ്റ്‌ലാന്റ എന്നിങ്ങനെ പ്രവചനാതീത മത്സരങ്ങൾ. 

*** *** ***
ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ പെലെയുടെ റെക്കോർഡ് മെസ്സി മറികടന്നു. ലാ മാസിയ   അക്കാദമി മുതൽ സീനിയർ ടീമിൽ വരെ ബാഴ്‌സലോണക്കു മാത്രം മെസ്സി കളിച്ചപ്പോൾ ബ്രസീലിലെ സാന്റോസ്, അമേരിക്കയിലെ ന്യൂയോർക്ക് കോസ്‌മോസ് ടീമുകൾക്ക് വേണ്ടി പെലെ ബൂട്ട് കെട്ടി. പെലെയുടെ മറ്റൊരു റെക്കോർഡ് മറികടക്കാനൊരുങ്ങുകയാണ് മെസ്സിയുടെ ബദ്ധവൈരിയായ ക്രിസ്റ്റിയാനൊ. പെലെയുടെ 757 ഔദ്യോഗിക ഗോളുകൾ മറികടക്കാൻ റൊണാൾഡോക്ക് 2 ഗോൾ കൂടി മതി. 
*** *** ***
പ്രീമിയർ ലീഗിൽ ഏറ്റവം പഴക്കമുള്ളതും ആരാധകരുള്ളതുമായ ക്ലബുകളിൽ ഒന്നായ ആഴ്‌സണൽ പ്രതിസന്ധിയിലാണ്. ലീഗിൽ ഇപ്പോൾ പതിമൂന്നാം സ്ഥാനത്താണ് അവർ. പ്രശ്‌നം പരിഹരിക്കാൻ ഒരു പുതിയ ക്രിയേറ്റീവ് മിഡ്ഫീൽഡറെ  കണ്ടെത്താനാണ് അവർ ശ്രമിക്കുന്നത്. ഇന്റർ മിലാന്റെ ഡെന്മാർക്കുകാരൻ ക്രിസ്റ്റ്യൻ എറിക്‌സൺ, റയൽ മഡ്രീഡിന്റെ സ്‌പെയിൻ താരം ഇസ്‌കോ എന്നിവരാണ് അവരുടെ ട്രാൻസ്ഫർ റഡാറിലുള്ളത്. 
സ്വർണം മടിയിൽ വെച്ച് മുക്കുപണ്ടം തിരയുകയാണ് ആഴ്‌സണൽ. കളിക്കളത്തിലെ അതുല്യനായ കലാകാരൻ എന്ന്  മുൻ കോച്ച് ആഴ്‌സൻ വെംഗർ വിശേഷിപ്പിച്ച മെസൂത് ഓസിലിനെ അവർ കരയ്ക്കിരുത്തിയിരിക്കുകയാണ്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തിയത് മുതൽ ആഴ്‌സണൽ മാനേജ്‌മെന്റിന്റെ നോട്ടപ്പുള്ളിയാണ് മെസുത്. ആഴ്ചയിൽ മൂന്നര ലക്ഷം പൗണ്ട് പ്രതിഫലം വാങ്ങുന്ന അവരുടെ ഏറ്റവും വില കൂടിയ താരമാണ്. സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിൽ പോലും ഓസിലിന് സ്ഥാനമില്ല. ചൈനയിലെ ആഴ്‌സനലിന്റെ സ്‌പോണ്‌സർമാരുടെ സമ്മർദമാണ് കാരണമെന്ന് ആരോപണമുണ്ട്. 

*** *** ***
പ്രശസ്തരായ കളിക്കാരുടെ മക്കളും ഫുട്‌ബോളിൽ വിജയം നേടിയ കഥകൾ ഏറെയുണ്ട്.  സീസർ മാൽദിനിയുടെ മകൻ പൗലോ, യോഹാൻ ക്രയ്ഫിന്റെ പുത്രൻ യോർദി,  പാബ്ലോ റഫോർലാന്റെ മകൻ ഡിയേഗൊ, സിനദീൻ സിദാന്റെ മക്കളായ എൻസോ,  ലൂക്ക ......  നീണ്ടതാണ് ആ ലിസ്റ്റ്. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രശസ്തനായ കളിക്കാരൻ വെയ്ൻ റൂണിയുടെ പതിനൊന്നുകാരനായ മകൻ കയ് റൂണിയുമായി യുനൈറ്റഡിന്റെ അക്കാദമിയിൽ കരാറൊപ്പിട്ടിരിക്കുകയാണ്. റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂനിയർ യുവന്റസ് അക്കാദമിക്ക് വേണ്ടി സബ്ജൂനിയർ ലെവലിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്.  മെസ്സിയുടെ മകൻ തിയാഗോ മെസ്സിയെയും ലാ മാസിയയിൽ വൈകാതെ കാണാനായേക്കും.

*** *** ***
കാത്തിരുന്ന നിമിഷം വന്നെത്തി. കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിൽ ആദ്യ ജയം നേടി.  ഹൈദരാബാദിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപിച്ചത്. കടുത്ത നിരാശയിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് പുതുവർഷത്തെ ആഹ്ലാദത്തോടെ വരവേൽക്കാം. ഏറ്റവും കൂടുതൽ ആരാധകരുള്ള ബ്ലാസ്‌റ്റേഴ്‌സിന് വർഷങ്ങളായി അവരുടെ ആരാധകരെ തൃപ്തിപ്പെടുത്താനാവുന്നില്ല.
ട്രാൻസ്ഫർ ന്യൂസ്: ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ  ഈയിടെ ഫിഫ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുത്ത ബൊറൂസിയ ഡോർട്മുണ്ടിന്റെ എർലിംഗ് ഹാലാൻഡിനെ പ്രീമിയർ ലീഗിലെ ചെൽസി ലക്ഷ്യം വെക്കുന്നു. ഹാലാൻഡിനായി അനേകം ക്ലബ്ബ്കൾ രംഗത്തുണ്ട്. ലിവർപൂളിലെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് ലിവർപൂൾ വിട്ടേക്കുമെന്നും റയൽ മഡ്രീഡാണ് അടുത്ത ലാവണമെന്നും വാർത്തയുണ്ട്.


 

Latest News