Sorry, you need to enable JavaScript to visit this website.

സോൻ, കെയ്ൻ, മൗറിഞ്ഞൊ

പോയ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ് ബഹുമതി സോൻ ഹ്യുംഗ മിന്നിനാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ബേൺലിക്കെതിരായ മത്സരത്തിൽ സ്വന്തം ബോക്‌സിൽ നിന്ന് പന്ത് സ്വീകരിച്ച് ഫീൽഡ് ഉടനീളം ഓടി ഒരു പറ്റം എതിരാളികളെ കീഴടക്കി നേടിയ ഗോളിനാണ് അംഗീകാരം. ഏഷ്യയിലെ ഏറ്റവും ജനപ്രിയ കളിക്കാരനാണ് ഈ ടോട്ടനം താരം. ഫുട്‌ബോൾ കളിക്കുന്ന ഏറ്റവും മാന്യനായ കളിക്കാരനെന്ന് പലരും ഈ തെക്കൻ കൊറിയൻ താരത്തെ പുകഴ്ത്താറുണ്ട്. ടോ്ട്ടനത്തിലെ അഞ്ചു വർഷക്കാലത്തിനിടെ യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർമാരിലൊരാളായി സോൻ മാറിക്കഴിഞ്ഞു. സോൻ പ്രിയപ്പെട്ട സഹതാരം ഹാരി കെയ്‌നിനെക്കുറിച്ചും കോച്ച് ജോസെ മൗറിഞ്ഞോയെക്കുറിച്ചുമുള്ള ചിന്തകൾ പങ്കുവെക്കുന്നു.

ചോ: ജോസെ മൗറിഞ്ഞൊ വലിയ വിവാദ നായകനാണ്. അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ച്?

ഉ: തെക്കൻ കൊറിയക്കു കളിക്കാനായി വന്ന സമയത്താണ് മൗറിസിയൊ പോചറ്റീനോയെ ടോട്ടനം പുറത്താക്കിയ വാർത്ത അറിയുന്നത്. അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു എനിക്ക്. അതിനാൽ വലിയ ദുഃഖം തോന്നി. അപ്പോഴാണ് ലോകത്തിലെ മികച്ച കോച്ചുമാരിലൊരാളായ മൗറിഞ്ഞോയാണ് പകരം വരുന്നതെന്ന് അറിഞ്ഞത്. ജോസെ ട്രോഫികൾ നേടുന്നതു കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തിനു കീഴിലാണ് ഇനി എനിക്കു കളിക്കേണ്ടതെന്നതാലോചിച്ചപ്പോൾ അഭിമാനം തോന്നി. മൗറിഞ്ഞോയുടെ മനസ്സിൽ വിജയമേയുള്ളൂ. അത് ടീമിലേക്ക് പകർന്നു കിട്ടി. ചിലപ്പോൾ ആളുകളെ അദ്ദേഹത്തെ തെറ്റിദ്ധരിക്കാറുണ്ട്. അദ്ദേഹത്തിന് കീഴിൽ കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു.

ചോ: ഹാരി കെയ്‌നുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച്?

ഉ: ഹാരിയും ഞാനും ഒരുമിച്ചു കളിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷമായി. ഇപ്പോൾ ഞങ്ങൾ തമ്മിൽ നല്ല പരസ്പര ധാരണയുണ്ട്. ചിലപ്പോൾ വിമാനത്താവളത്തിലും ട്രയ്‌നിംഗ് ഗ്രൗണ്ടിലും പോലും പോവുന്നത് ഒരുമിച്ചാണ്. 
കളിക്കളത്തിനു പുറത്തെ സൗഹൃദം കളിക്കളത്തിലെ ഞങ്ങളുടെ പരസ്പര ധാരണ വർധിപ്പിച്ചിട്ടേയുള്ളൂ. പരിശീലനത്തിൽ ഞങ്ങൾ എല്ലാ സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കും. എന്നെയും എന്റെ കളിയെയും മനസ്സിലാക്കാനുള്ള ഹാരിയുടെ കഴിവ് കളിക്കളത്തിൽ നന്നായി പ്രതിഫലിക്കുകയും ചെയ്യുന്നു. 

ചോ: ഈയിടെ പുറത്തിറങ്ങിയ ഓൾ ഓർ നത്തിംഗ് എന്ന ഡോക്യുമെന്ററി ടോട്ടനത്തിനും താങ്കൾക്കും വലിയ പ്രശസ്തിയുണ്ടാക്കി?
ഉ: ജയമായാലും തോൽവിയായാലും എങ്ങനെയാണ് ഓരോ കളിക്കും ടീം ഒരുങ്ങുന്നത് എന്ന് ആരാധകർക്കു മനസ്സിലാക്കാൻ ഈ ഡോക്യുമെന്ററി സഹായിച്ചു. പൊടുന്നനെയുണ്ടാവുന്ന പരിക്കുകൾ ഒരു സീസണിനെ മാറ്റിമറിക്കുന്ന ദൃശ്യങ്ങൾ കളിക്കാരനെന്ന നിലയിൽ പോലും എന്നെ വേദനിപ്പിച്ചു. ഞങ്ങൾ കളിക്കാർ ആ ഡോക്യുമെന്ററി അധികം കാണാറില്ല. എന്നാൽ മൂസ സിസോകൊ എപ്പോഴും വീക്ഷിക്കുന്നതു കാണാം. 
പ്രത്യേകിച്ചും യൂറോപ്യൻ മത്സരങ്ങൾക്കായി വിമാന യാത്രയിലായിരിക്കുമ്പോൾ. താൻ ഉള്ള ഭാഗം മാത്രമേ അദ്ദേഹം കാണൂ എന്ന പ്രശ്‌നമേയുള്ളൂ. 

Latest News