Sorry, you need to enable JavaScript to visit this website.

മെസ്സി, ബാഴ്‌സ... എത്ര കാലം?

പെലെയെയും ഡിയേഗൊ മറഡോണയെയും കാണാൻ ഭാഗ്യം സിദ്ധിച്ചവരാണ് ഈ തലമുറ. തൊട്ടുപിന്നാലെ വന്ന ലിയണൽ മെസ്സി, ക്രിസ്റ്റ്യാനൊ റൊണാൾഡൊ എന്നിവരെയും. ഇനിയും ഫുട്‌ബോളർമാരുണ്ടാവും. എന്നാൽ മെസ്സിയെ പോലെ കഴിവും പ്രതിഭയും ടെക്‌നിക്കൽ മികവുമുള്ള കളിക്കാർ അപൂർവമായിരിക്കും. സമീപകാലത്ത് നൽകിയ ഏറ്റവും വിശദമായ അഭിമുഖത്തിലൂടെ മെസ്സി മനസ്സ് തുറക്കുന്നു.

ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗിലെ 2-8 തോൽവി ബാഴ്‌സലോണയിലും മെസ്സിയുടെ കരിയറിലും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ക്ലബ്ബ് തുടരെ സ്വീകരിച്ച തെറ്റായ നടപടികളുടെ പരിണതിയാണ് അതെന്ന് മെസ്സി പരസ്യമായി പ്രതികരിച്ചിരുന്നു. ക്ലബ് വിടാനൊരുങ്ങുകയും ദിവസങ്ങളോളം കാമ്പ്‌നൗവിൽ കാലുകുത്തുകയും ചെയ്തില്ല. വഴിയില്ലാതെയാണ് ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചത്. പി.എസ്.ജിയിലേക്കോ പെപ് ഗാഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ പോവുമെന്ന് ഊഹാപോഹം പരന്നു.

ഭാവിയെക്കുറിച്ച്?
പെപ് ഗാഡിയോളയുമായുള്ള എന്റെ അവസാന സംഭാഷണം എത്ര നേരം നീണ്ടുവെന്ന് പറയാനാവില്ല. പക്ഷേ ഞങ്ങൾ സ്ഥിരമായി സംസാരിക്കാറുണ്ട്. എന്നാൽ പരസ്പരം കാണുന്നതിനെക്കുറിച്ച് ഞങ്ങൾ പറയാറില്ല. എന്നെ സംബന്ധിച്ചിടത്തോളം പെപ്പാണ് ഏറ്റവും മികച്ച കോച്ച്. അദ്ദേഹത്തിന് എന്തൊക്കെയോ പ്രത്യേകതകളുണ്ട്. 
ഞാൻ ബാഴ്‌സലോണയെ സ്‌നേഹിക്കുന്നു, അതാണെന്റെ ജീവിതം. ബാഴ്‌സലോണയുമായുള്ള പ്രണയ കഥയാണ് എന്റേത്. ബാഴ്‌സലോണയാണ് എനിക്ക് എല്ലാം തന്നത്. ക്ലബ്ബ് ഇപ്പോൾ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് എനിക്കറിയാം. വല്ലാത്ത പ്രതിസന്ധിയാണ് അത്. പ്രതാപ കാലത്തേക്ക് തിരിച്ചുപോവുക വലിയ പ്രയാസമായിരിക്കും.

ബാഴ്‌സലോണ വിടുമോ?
റയൽ മഡ്രീഡിനോ അത്‌ലറ്റിക്കൊ മഡ്രീഡിനോ വേണ്ടി ഞാൻ ഒരിക്കലും കളിക്കില്ല. തീർത്തും അസാധ്യമാണ് അത്. ബാഴ്‌സലോണ വിടുമോയെന്ന്  പോലും പറയാനാവില്ല. സീസണിന്റെ അവസാനമേ അതേക്കുറിച്ച് ഞാൻ സംസാരിക്കൂ. വിരമിച്ചാൽ പോലും ബാഴ്‌സലോണയുടെ ഭാഗമായിരിക്കണമെന്നാണ് ആഗ്രഹം. പക്ഷേ എന്നെങ്കിലും അമേരിക്കയിൽ കളിക്കണമെന്ന് ആഗ്രഹമുണ്ട്. അതെന്റെ സ്വപ്‌നങ്ങളിലൊന്നാണ്. അതും സാധിക്കുമോയെന്ന് അറിയില്ല. 

എന്തുകൊണ്ട് കഴിഞ്ഞ സീസണിനൊടുവിൽ ക്ലബ് വിട്ടില്ല?
ബാഴ്‌സലോണയിലെ എന്റെ ചക്രം പൂർത്തിയായി എന്നും മറ്റൊരു വെല്ലുവിളി വേണ്ടതുണ്ടെന്നും ഒരുപാട് നാളായി ചിന്തിക്കുന്നു. ഇക്കാര്യം ക്ലബ് പ്രസിഡന്റുമായി നിരന്തരം സംസാരിച്ചിരുന്നു. പക്ഷേ അദ്ദേഹം വാക്കു പാലിച്ചില്ല. അതോടെയാണ് എന്റെ ആഗ്രഹം പരസ്യമാക്കേണ്ടി വന്നത്. 
കോടതിയെ സമീപിച്ചാൽ നീതി കിട്ടുമെന്ന് ഒരുപാട് അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാൾ മാത്രമല്ല, പലരും. പക്ഷേ ആ രീതിയിൽ ബാഴ്‌സലോണയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. 
ബാഴ്‌സലോണ വിടാൻ എന്റെ കുട്ടികൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അവർ ജനിച്ചുവളർന്ന നാടാണ് അത്. പക്ഷേ എന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം അതാണ് നല്ലതെന്ന് തോന്നി. 
നിരവധി കോച്ചിംഗ് മാറ്റങ്ങൾക്കിടയിലൂടെയാണ് ബാഴ്‌സലോണ കടന്നുപോവുന്നത്. ക്വികെ സെതിയേനെ മാറ്റി റോണൾഡ് കൂമനെ നിയമിച്ചു. ബാഴ്‌സലോണ ഇതിഹാസം ഷാവി ചുമതലയേൽക്കുമെന്ന് ശ്രുതിയുണ്ട്.

ബാഴ്‌സലോണയിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച്?
ഇപ്പോൾ ഞാൻ സന്തോഷവാനാണ്. കഴിഞ്ഞ സമ്മറിൽ അതായിരുന്നില്ല അവസ്ഥ. ഇപ്പോൾ മുന്നിലുള്ളതിനെല്ലാം വേണ്ടി പൊരുതാനുള്ള ആവേശമുണ്ട്. പക്ഷേ ക്ലബ്ബും ടീമും  വലിയ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ബാഴ്‌സലോണയുമായി ബന്ധപ്പെട്ട എല്ലാം പ്രയാസകരമാണ്. വളരെ വളരെ മോശം. പ്രതാപം വീണ്ടെടുക്കാൻ ബുദ്ധിമുട്ടും.
ബാഴ്‌സലോണയുമായുള്ള കരാർ ജൂണിൽ കഴിയും. പുതുവർഷം പിറന്നതോടെ മറ്റു ക്ലബ്ബുകളുമായി ട്രാൻസ്ഫർ ചർച്ചകൾ തുടങ്ങാം. 

ഷാവി കോച്ചായി വരികയാണെങ്കിൽ ബാഴ്‌സലോണയിൽ തുടരുമോ? 
അറിയില്ല. ജൂണിൽ എന്തു സംഭവിക്കുമെന്ന് നോക്കാം. ഇപ്പോൾ മറ്റെന്തിനേക്കാളും കിരീടങ്ങളിലാണ് കണ്ണ്.
ബാഴ്‌സലോണയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പുറത്താവുമെന്ന അവസ്ഥയിൽ ജോസഫ് ബർതോമിയൊ രാജിവെച്ചു. 
ഏത് പ്രസിഡന്റ് സ്ഥാനാർഥിയെയാണ് പിന്തുണക്കുന്നത്?
ഏതെങ്കിലും വ്യക്തിയെ പിന്തുണക്കാൻ ആഗ്രഹിക്കുന്നില്ല. ബാഴ്‌സലോണയെ പഴയ പ്രതാപത്തിലേക്ക് നയിക്കുന്ന ഒരാൾ വരണമെന്നാണ് ആഗ്രഹം. 

നെയ്മാറിനെ തിരിച്ചുകൊണ്ടുവരണമെന്ന് പല തവണ മെസ്സി ആവശ്യപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ച്:
ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്തുക പ്രയാസമായിരിക്കും. സ്പാനിഷ് ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബാഴ്‌സലോണ.
നല്ല കളിക്കാരെ കൊണ്ടുവന്നാലേ ടീം മെച്ചപ്പെടൂ. എന്നാൽ ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയിലാണ്. കളിക്കാരെ കൊണ്ടുവരിക പ്രയാസമായിരിക്കും. നെയ്മാറിനെ കൊണ്ടുവരാൻ ഒരുപാട് പണം വേണം. പുതിയ പ്രസിഡന്റ് പ്രയാസകരമായ ദൗത്യമാണ് ഏറ്റെടുക്കുന്നത്. തന്ത്രപൂർവം നടപടി സ്വീകരിക്കേണ്ടി വരും. 

ബാഴ്‌സലോണയിലെ സ്ഥിതിയിൽ കരയാൻ തോന്നിയോ?
കളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ കരയാറില്ല. പക്ഷേ വല്ലാത്ത പ്രയാസമുണ്ട്. മറ്റു കാര്യങ്ങളിൽ കരയാറുണ്ട്. അതിലേക്ക് പോവാൻ താൽപര്യമില്ല. 

Latest News