ദുബായ് - ദുബായില്‍ വീണ്ടും ജൂത ദമ്പതികളുടെ വിവാഹാഘോഷം. ഒരു മാസത്തിനിടെ ദുബായില്‍ നടക്കുന്ന രണ്ടാമത്തെ ജൂത വിവാഹമാണിത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്കു സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ആട്ടും പാട്ടുമായി വര്‍ണാഭമായി ജൂത വിവാഹം നടന്നത്. നിരവധി പേര്‍ വിവാഹാഘോഷത്തില്‍ പങ്കെടുത്തു.

ദുബായിലെ ആദ്യ ജൂത വിവാഹം ഒരു മാസം മുമ്പാണ് നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രായില്‍ വിദേശ മന്ത്രാലയത്തിനു കീഴില്‍ ട്വിറ്ററിലുള്ള 'ഇസ്രായില്‍ അറബിക്' അക്കൗണ്ടു വഴി പുറത്തുവിട്ടിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായിലും യു.എ.ഇയും സമാധാന കരാര്‍ ഒപ്പുവെച്ച ശേഷം പതിനായിരക്കണക്കിന് ഇസ്രായിലികള്‍ ദുബായ് സന്ദര്‍ശിച്ചിട്ടുണ്ട്.






