ന്യൂദല്‍ഹി- പ്രായപൂര്‍ത്തിയായിട്ടില്ലെന്ന മാതാപിതാക്കളുടെ പരാതി കണക്കിലെടുത്ത് ശുശുഭവനില്‍ പാര്‍പ്പിച്ച വിവാഹിതയായ പെണ്‍കുട്ടിയെ വിട്ടയക്കാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
മകളെ കാണാനില്ലെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചത്.
പെണ്‍കുട്ടിക്ക് ഇഷ്ടമാണെങ്കില്‍ ഭര്‍ത്താവിനോടൊപ്പം വിട്ടയക്കാനും ജസ്റ്റിസ് അനൂപ് ജയറാം, മനോജ് കുമാര്‍ ഒഹ്‌റി എന്നിവരടങ്ങിയ വെക്കേഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. 18 കാരിയായ ഭാര്യയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ വിചാരണയില്‍ പെണ്‍കുട്ടിയെ ഹാജരാക്കി. പിതാവ് ഹരജിയില്‍ പറയുന്നതുപോലെ തന്റെ ജനനതീയതി 2004 ഫെബ്രുവരിയല്ലെന്നും 2002 ജൂണ്‍ ആണെന്നും പെണ്‍കുട്ടി ബോധിപ്പിച്ചു. 25 കാരനായ ഭര്‍ത്താവിനോടൊപ്പം പോകാനാണ് താല്‍പര്യമെന്നും പെണ്‍കുട്ടി പറഞ്ഞു.






