രാജ്യസഭാംഗത്വം;  ആപ് വാഗ്ദാനം രഘുറാം രാജൻ തള്ളി

ന്യൂദൽഹി- ആം ആദ്മി പാർട്ടിക്ക് വേണ്ടി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ രാജ്യസഭയിലെത്തില്ല. ചിക്കാഗോ സർവകലാശാലയിലെ മുഴുവൻ സമയ അക്കാദമിക് ജോലി ഉപേക്ഷിക്കാൻ തയാറല്ലെന്ന് രഘുറാം രാജന്റെ ഓഫീസ് വ്യക്തമാക്കി. 
ജനുവരിയിൽ ആം ആദ്മി പാർട്ടിക്ക് രാജ്യസഭയിൽ ഒഴിവ് വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ രഘുറാം രാജനെ പരിഗണിക്കുന്നതായി വിവരമുണ്ടായിരുന്നു. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇതിനായി രഘുറാം രാജനെ സമീപിച്ചതായും റിപ്പോർട്ടുകൾ വന്നു. 
ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ വിവിധ അക്കാദമിക് പദ്ധതികളുടെ ഭാഗമാണെങ്കിലും ചിക്കാഗോയിലെ മുഴുവൻ സമയം സർവകലാശാല പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയത്. 
ആപ് നേതാവ് ആശിഷ് ഖേതനും ഇന്നലെ രഘുറാം രാജൻ രാജ്യസഭയിലെത്തുമെന്ന് സൂചിപ്പിച്ചിരുന്നു. നരേന്ദ്ര മോഡി അമിത് ഷായെ രാജ്യസഭയിലെത്തിച്ചു. അരവിന്ദ് കെജ്‌രിവാൾ രഘുറാം രാജനെ രാജ്യസഭയിലേക്ക് അയക്കാൻ ആലോചിക്കുന്നു എന്നായിരുന്നു ഖേതന്റെ ട്വീറ്റ്. 
 

Latest News