ജറൂസലം-പത്തൊമ്പത് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഫലസ്തീനിയെ ഇസ്രായില്‍ വീണ്ടും തടവിലാക്കി. നഖബ് ജയിലില്‍നിന്ന് പുറത്തിറങ്ങിയ 41 കാരന് മാലിക് ബുകൈറത്തിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് പടിഞ്ഞാറന്‍ ജറൂസലമില്‍ റഷ്യന്‍ കമ്പൗണ്ട് എന്നറിയപ്പെടുന്ന അല്‍ മോസ്കോബിയ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മാലിക് ബുകൈറത്തിനെ സ്പര്‍ശിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മോചനം ആഘോഷിക്കുന്നതില്‍നിന്ന് കുടുംബത്തെ തടയുകയും ചെയ്തിരുന്നു. അധിനിവേശ കിഴക്കന്‍ ജറൂസലമിലെ സൂര് ബഹറില്‍ ഇദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്ത ഇസ്രായില്‍ സേന കുടുംബാംഗങ്ങളെ പുറത്താക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2001 ഡിസംബര്‍ 31 നാണ് ദക്ഷിണ വെസ്റ്റ് ബാങ്ക് പട്ടണമായ ബെത് ലഹേമില്വെച്ച് മാലിക്കിനെ അറസ്റ്റ് ചെയ്തിരുന്നത്. അധിനിവേശത്തിനെതിരെ പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന ഇദ്ദേഹത്തിനു പിന്നീട് 19 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
മാലിക്കിന്റെ പിതാവും ജറുസലമിലെ വഖഫ് ഡെപ്യൂട്ടി ഡയരക്ടറുമായ നാജിഹ് ബുറൈകാത്തിനെ കഴിഞ്ഞ മാസം അല്‍ അഖ്സാ പള്ളിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. ആറു മാസത്തേക്കാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്.






