കര്‍ഷക സമരം വിനയായി, ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ചണ്ഡീഗഢ്- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരം ഹരിയാനയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായി. സോനിപത്, അംബാല കോര്‍പറേഷനുകളില്‍ ബിജെപിക്ക് മേയര്‍ പദവി നഷ്ടമായി. ബിജെപി സഖ്യക്ഷി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയുടെ സ്വന്തം തട്ടകമായ ഹിസാറിലെ ഉകലാനയിലും റവേരിയിലെ ധരുഹേരയിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെജെപി പരാജയപ്പെട്ടു. അംബാല, പഞ്ചകുല, സോനിപത്, ധരുഹേര, സംപ്ല, ഉകലാന മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പു നടന്നത്. ഇന്ന് വോട്ടെണ്ണിയപ്പോള്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തു. സോനിപതില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 14,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. കര്‍ഷക സമരത്തിന്റെ പ്രധാന കേന്ദ്രമായ സിംഘു അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കോര്‍പറേഷനാണ് സോനിപത്. കാര്‍ഷിക നിയമങ്ങളെ ചൊല്ലിയുള്ള അതൃപ്തിയാണ് ബിജെപിക്ക് തിരിച്ചടിയായത്.
 

Latest News