Sorry, you need to enable JavaScript to visit this website.

ചുട്ട കോഴിയും തേൻവരിക്കയും

https://www.malayalamnewsdaily.com/sites/default/files/2020/12/30/malbukadha.jpg

ഉച്ചയ്ക്ക് ഫ് ളാറ്റിൽ കയറിച്ചെന്ന മൽബുവിനോട് ഹമീദ് പറഞ്ഞു: 
നമ്മളിന്ന് കോഴി ചുടാൻ പോകുന്നു. ദീർഘനാളുകൾക്കു ശേഷം രാത്രി ഹയാത്താക്കാനുള്ള ഒരു യാത്ര.
എന്താ പെട്ടെന്നൊരു തീരുമാനം;  കോഴി ചുട്ട് ഫൈൻ കൊടുക്കാനും കീശ കാലിയാക്കാനും ഇവിടെ ആർക്കാണിത്ര തിരക്ക്: മൽബു ചോദിച്ചു.
ഒരു രസമല്ലേ? ആറേഴു മാസമായില്ലേ അടച്ചു പൂട്ടിക്കിടക്കുന്നു. പലരും കുറച്ചായി ഇറങ്ങിത്തുടങ്ങീട്ട്. നമ്മൾ മാത്രമേ ഇങ്ങനെ പേടിച്ചിരിക്കുന്നുള്ളൂ. 
ശരിയാണ്, കൂട്ടം ചേർന്ന് കടലും ആകാശവും നോക്കിയിരുന്ന കാലം മറന്നു. ജോലിക്കു പോകുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക എന്ന ബാച്ചിലേഴ്‌സ് യാന്ത്രിക ജീവിതത്തിന് ഇടക്കെങ്കിലും ആശ്വാസം നൽകിയിരുന്നത് കൂട്ടുകാരുടെ സംഘം ചേർന്നുള്ള ഇത്തരം യാത്രകളായിരുന്നു. 
ബീച്ചിലായാലും മലമുകളിലായാലും നേരം പുലരും വരെയുളള ഇരുത്തവും സൊറ പറച്ചിലും അതോടൊപ്പം നല്ല മസാല പിടിച്ചുള്ള ചുട്ട കോഴിയും. ഹംസ തയാറാക്കുന്ന മസാലയുടെ രുചി ആർക്കും മറക്കാൻ കഴിയുന്നതല്ല.
കോവിഡിന്റെ ചൂടൻ കാലത്ത് പുറത്തിറങ്ങി ഒരു രൂപയുടെ ഖുബ്‌സിന് 10,001 റിയാലും 15 റിയാലിന്റെ ചക്കയ്ക്ക് 115 റിയാലും നൽകേണ്ടി വന്ന കഥകൾ ഓർമിപ്പിച്ചു മൽബു.
അതൊക്കെ ആളുകൾ തട്ടിവിട്ടതല്ലേ.. കോവിഡ്കാല തള്ളി മറി. ആർക്കാണിപ്പോ കോവിഡിനെ പേടി?
ഏയ്, അങ്ങനെ പറയാൻ പറ്റില്ല. കോവിഡ് കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയാൽ പതിനായിരം റിയാൽ ഫൈൻ കിട്ടുമെന്ന വാർത്ത വന്നപ്പോൾ ഖുബ്‌സിന് 10,001 റിയാലാകുമെന്ന കാര്യം ചാനലിൽ വന്നതാണ്. അതും മലയാളി ചാനലിില്ല, അറബി ചാനലിൽ. 
ഖുബ്‌സിന്റെ വിലയായ ഒരു റിയാലും പതിനായിരം റിയാൽ പിഴയും ചേർത്തുള്ള തുക. 
ചക്കയുടെ കാര്യം ശരിക്കും നമ്മുടെ ഒരു നാട്ടുകാരന് പറ്റിയതാണ്. അതിന്റെ പേരിൽ ഭാര്യ അയാളെ തനി മൽബു എന്നു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
സംഭവത്തിനു പക്ഷേ കോവിഡുമായി എത്രത്തോളം ബന്ധമുണ്ടെന്ന് നിശ്ചയമില്ല. റോഡരികിൽ കാർ നിർത്തി ചക്ക വിൽക്കുന്ന കടയിൽ കയറിയതായിരുന്നു അയാൾ. നല്ല വരിക്ക തെരഞ്ഞെടുക്കാൻ കുറച്ചു സമയമെടുത്തു. തേൻവരിക്കയാണെന്ന് പറഞ്ഞ് കടക്കാരൻ നൽകിയ ചക്കയിൽ വിശ്വാസം വരാത്തതുകൊണ്ട് സ്വന്തമായി തന്നെ തെരഞ്ഞു.
കടയിലുള്ളവർ അങ്ങനെ പലതും പറയും. സാധനം വിറ്റുപോകാൻ ദൈവത്തെ ആണയിട്ട് വല്ലാഹി എന്നു പോലും ചേർത്തു പറയുന്നവരുണ്ട്. അതുകൊണ്ടു തന്നെ ബോധ്യമുള്ള ഒരു ചക്ക തെരഞ്ഞെടുക്കാൻ അഞ്ചു പത്ത് മിനിറ്റെടുത്തു. 25 റിയാൽ പറഞ്ഞിടത്ത് വില പേശി പതിനഞ്ചിലുറപ്പിക്കുകയും ചെയ്തു.  
പത്ത് റിയാൽ കുറച്ച് കൈക്കലാക്കിയ സന്തോഷത്തിൽ ചക്കയുമെടുത്ത് പുറത്തിറങ്ങി. അപ്പോൾ അതാ ഒരാൾ കാറിന്റെ ഫോട്ടോയെടുക്കുന്നു. ചക്ക ഒരു ഭാഗത്തിട്ട് അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു. സംഗതി കുഴപ്പമാണെന്ന് മനസ്സിലായതോടെ കാര്യങ്ങൾ വിശദീകരിച്ച് കേണപേക്ഷിച്ചു. 
പുഞ്ചിരിച്ചുകൊണ്ട് സലാം മടക്കി. പറയുന്ന കാര്യങ്ങൾ കേട്ട ശേഷം ഹസ്തദാനം ചെയ്തു. ശരിയാക്കാമെന്ന ഉറപ്പു നൽകി. മനസ്സിൽ അയാളെ കുറിച്ച് വല്ലാത്തൊരു ബഹുമാനം. 
ഗൾഫിലെ പോലീസുകാർ ആദ്യം ഹസ്തദാനം ചെയ്യുമെന്നും പിന്നീട് മാത്രമേ അറസ്റ്റ് ചെയ്യുകയുള്ളൂവെന്നുമൊക്കെ കേട്ടിട്ടുണ്ടെങ്കിലും ആദ്യാനുഭവമായിരുന്നു അത്. 
ഇതു പോലെ ആയിരിക്കണം പോലീസുകാർ. നാട്ടുകാരെ ഉണർത്താൻ ഒരു എഫ്.ബി പോസ്റ്റിടണമെന്ന് തീരുമാനിച്ചു. 
പിടിച്ചു കുലുക്കിയ കൈകളിൽ സ്‌നേഹത്തിന്റെ സുഗന്ധമുണ്ടല്ലോ എന്നൊക്കെ ആലോചിച്ച് കാർ മുന്നോട്ടു നീങ്ങിയപ്പോഴാണ് ഫോണിൽ എസ്.എം.എസ് എത്തിയത്. 
കൊടും ചതിയാ എന്ന് ഉച്ചത്തിൽ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല. റോംഗ് പാർക്കിങിന് 100 റിയാൽ ഫൈൻ. 
ഫഌറ്റിലെത്തിയപ്പോൾ ശരിക്കുമുള്ള ചക്ക കൊതിച്ചി അടുത്തുവന്ന് എത്ര കൊടുത്തുവെന്ന് ചോദിച്ചു.
115 റിയാൽ ചെലവായി. ഒന്നാന്തരം തേൻവരിക്കയാണ്.
നാട്ടിൽനിന്നുളള സാധനങ്ങൾക്ക് ചില ബഖാലക്കരും സൂപ്പർ മാർക്കറ്റുകാരും അധികം വില വാങ്ങാറുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരു ചക്കയ്ക്ക് 115 റിയാൽ കൊടുത്തത് നല്ലപാതിക്ക് ഒട്ടും ദഹിച്ചില്ല. 
നിങ്ങൾ ശരിക്കുമൊരു മൽബു തന്നെ. കാര്യഗൗരവുമുള്ള അവർ വിധിച്ചു. 
തലയ്ക്ക് വെളിവുളള ആരെങ്കിലും ഈ ചെറിയ ചക്ക 115 റിയാൽ കൊടുത്തു വങ്ങുമോ? പതിനഞ്ച് റിയാലിനുള്ള ചുളകൾ പോലും ഇതിൽ കാണില്ല. 
കാതിനു സ്വസ്ഥത നൽകാതെ അവർ പിറപിറുപ്പ് തുടർന്നു. സ്വന്തം അഭിമാനമാണ് തേഞ്ഞുമാഞ്ഞ് ഇല്ലാതാകുന്നതെന്ന് 
ബോധ്യമായ ടിയാൻ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. 
റോഡരികിൽ പാർക്കിംഗ് നിരോധിച്ച സ്ഥലത്ത് കാർ നിർത്തി പോയതും പേടിക്കേണ്ടെന്ന് പറഞ്ഞ് പോലീസുകാരൻ കൈ നൽകി പറഞ്ഞുവിട്ടതും അര മണക്കൂറിനകം 100 റിയാൽ പിഴയടയ്ക്കണമെന്ന മെസേജ് വന്നതുമൊക്കെ.
ഈ മാസം ഇത് എത്ര റിയാലാണ് നിങ്ങൾ സർക്കാരിന് വെറുതെ കൊടുക്കുന്നത്. നിങ്ങളെ പോലുള്ളവരാണ് ഈ നാടിന്റെ ഭാഗ്യം. ഇതിലും നല്ലത് ആ ചക്ക കടക്കാരന് കൊടുക്കുന്നതായിരുന്നു. 
പാർക്കിങിനും അതിവേഗത്തിനും ഫൈൻ കുന്നുകൂടുന്നതിലും ശമ്പളത്തിന്റെ ഒരു ഭാഗം അതിനായി പോകുന്നതിലും സങ്കടമുണ്ടെങ്കിലും ശ്രീമതിയുടെ വായിൽനിന്നുള്ള പഴി സൂത്രശാലിയായ അയാൾ കേട്ടില്ലെന്നു നടിച്ചു. 
എല്ലാം നിന്നെക്കൊണ്ട് സംഭവിച്ചതാണ്: ഇത്തിരി കോപം വരുത്തിയായിരുന്നു പ്രതിരോധിക്കാനുള്ള ശ്രമം.
ഞാനെന്തു പിഴച്ചു. നിങ്ങളല്ലേ ഒരു ശ്രദ്ധയുമില്ലാതെ വണ്ടിയോടിച്ച് ഓരോ മാസവും ഇങ്ങനെ ഫൈൻ കൊടുക്കുന്നത്.
വരിക്കച്ചക്കയോടുള്ള നിന്റെ മുഹബ്ബത്താണ് എല്ലാറ്റിനും കാരണം. നല്ല മണമുള്ള ചക്ക തീറ്റിച്ച് നിന്നെ സന്തോഷിപ്പിക്കാൻ 
എടുത്ത തീരുമാനം വലിയ തെറ്റായിപ്പോയി.  
നാട്ടിൽ കിടന്നിരുന്ന നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് അതിലും വലിയ തെറ്റ്. 
അവസാന വാചകം അയാൾക്ക് മാത്രം കേൾക്കാൻ പാകത്തിലായിരുന്നു. 
ചക്കയ്ക്ക് 115 റിയാലായ കഥ പറഞ്ഞു തിർന്നപ്പോൾ ഇതു തള്ളായിരിക്കാൻ സാധ്യതയില്ലെന്ന് കേട്ടവരെല്ലാം സമ്മതിച്ചു. 

Latest News