Sorry, you need to enable JavaScript to visit this website.

മൂന്നു മാസത്തിനിടെ സ്വകാര്യ മേഖലയിൽ മുക്കാൽ ലക്ഷത്തോളം സ്വദേശികൾക്ക് തൊഴിൽ

റിയാദ്- ഈ വർഷം മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിൽ മുക്കാൽ ലക്ഷത്തോളം സ്വദേശികൾക്ക് പുതുതായി തൊഴിൽ ലഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 71,000 ത്തോളം സ്വദേശികൾക്കാണ് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചത്. ഇക്കാലയളവിൽ പ്രതിദിനം ശരാശരി 1,075 സൗദി യുവതീയുവാക്കൾക്കു വീതം സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചു. എന്നാൽ ഇതേ കാലയളവിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 3.6 ശതമാനം തോതിൽ കുറയുകയും ചെയ്തു. 


ഗോസിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖല സൗദി ജീവനക്കാരുടെ എണ്ണം മൂന്നാം പാദത്തിൽ 4.86 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ 15 മാസത്തിനിടെ കൊറോണ പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഈ വർഷം രണ്ടാം പാദത്തിൽ മാത്രമാണ് സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം കുറഞ്ഞത്. അവശേഷിക്കുന്ന നാലു പാദങ്ങളിലും സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം തുടർച്ചയായി വർധിച്ചു. ഇതിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് ഈ വർഷം മൂന്നാം പാദത്തിലാണ്. ഈ കൊല്ലം രണ്ടാം പാദത്തിൽ സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം 2.01 ശതമാനം തോതിൽ കുറഞ്ഞിരുന്നു.


ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ വിദേശ ജീവനക്കാർ 64.09 ലക്ഷമായി കുറഞ്ഞു. സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരിൽ വിദേശികൾ 78.5 ശതമാനമാണ്. വിദേശികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് നിർമാണ മേഖലയിലാണ്. ആകെ വിദേശ ജീവനക്കാരിൽ 29.6 ശതമാനവും ഈ മേഖലയിൽ ജോലി ചെയ്യുന്നു. ചില്ലറ, മൊത്ത വ്യാപാര, വാഹന റിപ്പയർ മേഖലയിൽ 23 ശതമാനം വിദേശികളും അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ്, സപ്പോർട്ട് സർവീസസ് മേഖലയിൽ 14.6 ശതമാനം പേരും ജോലി ചെയ്യുന്നു. അവശേഷിക്കുന്നവർ മറ്റു സാമ്പത്തിക മേഖലകളിലാണ് ജോലി ചെയ്യുന്നത്. 


ഈ വർഷം മൂന്നാം പാദാവസാനത്തെ ഗോസി കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 17.59 ലക്ഷം സ്വദേശി ജീവനക്കാരുണ്ട്. സ്വകാര്യ മേഖലാ ജീവനക്കാരിൽ 21.5 ശതമാനം സ്വദേശികളാണ്. സ്വദേശി ജീവനക്കാർ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ചില്ലറ, മൊത്ത വ്യാപാര, വാഹന റിപ്പയർ മേഖലയിലാണ്. ആകെ സൗദി ജീവനക്കാരിൽ 25.6 ശതമാനവും ഈ മേഖലയിലാണ്. നിർമാണ മേഖലയിൽ 16.9 ശതമാനവും വ്യവസായ മേഖലയിൽ 11.7 ശതമാനവും സ്വദേശികൾ ജോലി ചെയ്യുന്നു. അവശേഷിക്കുന്നവർ മറ്റു മേഖലകളിലാണ്. 
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 0.9 ശതമാനം തോതിലും നാലാം പാദത്തിൽ 1.3 ശതമാനം തോതിലും ഈ വർഷം ഒന്നാം പാദത്തിൽ നാലു ശതമാനം തോതിലും രണ്ടാം പാദത്തിൽ 0.7 ശതമാനം തോതിലും മൂന്നാം പാദത്തിൽ 3.6 ശതമാനം തോതിലും കുറഞ്ഞതായി ഗോസി കണക്കുകൾ വ്യക്തമാക്കുന്നു. 

Latest News