Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ആദ്യ ഡ്രൈവർരഹിത ട്രെയിൻ ഉദ്ഘാടനം ചെയ്തു 

ഡ്രൈവർ രഹിത ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയപ്പോൾ 
ദൽഹി മെട്രോയുടെ ഡ്രൈവർ രഹിത ട്രെയിൻ 

ഇന്ത്യയിലെ ആദ്യ ഡ്രൈവർരഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി  ഉദ്ഘാടനം ചെയ്തു. ദൽഹി മെട്രോയുടെ 37 കിലോമീറ്റർ ദൈർഘ്യമുള്ള മജന്ത ലൈനിലാണ് ഡ്രൈവർ രഹിത ട്രെയിൻ. 
ഇന്നലെ  രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂർഗഢ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ദൽഹിയെ ബന്ധിപ്പിക്കുന്ന പാതയിലാണ് ഡ്രൈവർ രഹിത മെട്രോ ട്രെയിൻ സർവീസ് നടത്തുക. ആറ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഊർജ സംരക്ഷണം ലക്ഷ്യമിട്ട് ബ്രേക്കിംഗിലും ലൈറ്റിംഗിലും നൂതന ടെക്‌നോളജികളാണ് ഉപയോഗിച്ചിരിക്കുന്നത്. 95 കിലോമീറ്ററാണ് ഡ്രൈവർ രഹിത ട്രെയിനിന്റെ പരമാവധി വേഗം. ഓരോ കോച്ചിലും 380 യാത്രക്കാരാണ് ഉണ്ടാകുക.


മജന്ത ലെയിനിൽ ഡ്രൈവർ രഹിത ട്രെയിനിന്റെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ 2021 ന്റെ പകുതിയോടെ ദൽഹി മെട്രോയുടെ പിങ്ക് ലെയിനിലും ഡ്രൈവർ രഹിത ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) ഡ്രൈവർ രഹിത ട്രെയിനിന്റെ പരീക്ഷണം നടത്തിയിരുന്നു. തിരക്കില്ലാത്ത സമയങ്ങളിലായിരുന്നു പരീക്ഷണം നടത്തിയത്. 2017 മുതലാണ് 20 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലെയിനിൽ ഡി.എം.ആർ.സി ഡ്രൈവർ രഹിത ട്രെയിനിന്റെ പരീക്ഷണം ആരംഭിച്ചത്.


എയർപോർട്ട് എക്‌സ്പ്രസ് ലൈനിലെ പൂർണ പ്രവർത്തന സജ്ജമായ ദേശീയ പൊതു മൊബിലിറ്റി കാർഡ് സേവനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  റുപേ ഡെബിറ്റ് കാർഡ് കൈവശമുള്ള ആർക്കും എയർപോർട്ട് എക്‌സ്പ്രസ് ലെയിനിൽ ആ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. 2022 ഓടെ ദൽഹി മെട്രോയുടെ സമ്പൂർണ ശൃംഖലയിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.

Latest News