Sorry, you need to enable JavaScript to visit this website.

അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ  ചിത്രവുമായി  തപാല്‍ സ്റ്റാമ്പ് 

ലഖ്‌നൗ-അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രം പതിപ്പിച്ച തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തപാല്‍വകുപ്പ് നടപ്പിലാക്കിയ 'മൈ സ്റ്റാമ്പ്' പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിപ്പിച്ച് സ്റ്റാമ്പ് പുറത്തിറക്കാനുള്ള സൗകര്യമുണ്ട്. വ്യക്തിഗത ചിത്രങ്ങള്‍ക്കൊപ്പം രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടേയോ സ്ഥാപനങ്ങളുടേയോ സാംസ്‌കാരിക നിലയങ്ങളുടേയോ നഗരങ്ങളുടേയോ ചിത്രങ്ങളോ മൃഗങ്ങളുടേയോ പക്ഷികളുടേയോ പ്രകൃതിയുടേയോ ചിത്രങ്ങളോ സ്റ്റാമ്പില്‍ ഉള്‍പെടുത്താം. 12 സ്റ്റാമ്പുകളടങ്ങിയ ഷീറ്റിന് 300 രൂപയാണ് വില.  തപാല്‍വകുപ്പിന്റെ മൈ സ്റ്റാമ്പ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഛോട്ടാ രാജന്റെ ചിത്രമുള്ള 24 സ്റ്റാമ്പുകളടങ്ങിയ രണ്ട് ഷീറ്റുകള്‍ അച്ചടിച്ചിരിക്കുന്നത്. 600 രൂപ സ്റ്റാമ്പിനായി തപാല്‍ വകുപ്പില്‍ പണമടച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായതോ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായതോ മറ്റൊരാളെ ഏതെങ്കിലും രീതിയില്‍ വ്രണപ്പെടുത്തുന്നതോ ആയ ചിത്രങ്ങള്‍ മൈ സ്റ്റാമ്പ് പദ്ധതിക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിബന്ധന നിലനില്‍ക്കുന്നുണ്ട്. തപാല്‍ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ഛോട്ടാരാജന്റെ ചിത്രം അച്ചടിക്കാന്‍ ആവശ്യപ്പെട്ട് പണം നല്‍കിയയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കാണ്‍പൂരിലെ തപാല്‍ വകുപ്പ്. 
 

Latest News