നിക്ഷേപകർക്ക് നേട്ടങ്ങളുടെ പെരുമഴക്കാലം സമ്മാനിച്ച് 2020 വിടപറയുന്നു. ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലങ്ങളിലെത്തിയ ആവേശത്തിലാണ് നിക്ഷേപകർ. ഒരു വർഷം കൊണ്ട് ബോംബെ സെൻസെക്‌സ് 5719 പോയന്റും നിഫ്റ്റി 1580 പോയന്റും ഉയർന്നു. ഹെവിവെയിറ്റ് ഓഹരികൾ കാഴ്ചവെച്ച പ്രകടനം വിദേശ ഫണ്ടുകളെ പോലും ആവേശഭരിരാക്കി. 12 മാസം കൊണ്ട് 13 ശതമാനം ഓഹരി സൂചിക മുന്നേറി.
ഇന്ത്യൻ മാർക്കറ്റ് ഓവർ ഹീറ്റായി മാറിയെന്ന സാങ്കേതിക വിലയിരുത്തൽ മലയാളം ന്യൂസ് കഴിഞ്ഞവാരം വ്യക്തമാക്കിയത് ശരിവെക്കും വിധമാണ് തിങ്കളാഴ്ച വിപണി പ്രതികരിച്ചത്. ബോംബെ സെൻസെക്‌സും നിഫ്റ്റിയും ഓപ്പണിംഗ് ദിനത്തിൽ വൻ തകർച്ചയിൽ അകപ്പെട്ടു.
മുൻ നിര ഓഹരികളിൽ അലയടിച്ച വിൽപന തരംഗത്തിൽ ഇൻഡക്‌സുകൾ മൂന്ന് ശതമാനം ഇടിഞ്ഞു. ഈ വർഷം മെയ് ശേഷമുള്ള ഏറ്റവും കനത്ത തകർച്ചയായ 1500 പോയിന്റ് സെൻസെക്‌സിലും നിഫ്റ്റിയിൽ 461 പോയന്റും അന്ന് നഷ്ടപ്പെട്ടു.
യുറോപ്യൻ വിപണികളിൽ നിന്നും ഇറക്കുമതി നടത്തിയ ആ ബിയറിഷ് മൂഡിന് ശേഷം ചെവാഴ്ച ബുൾ ഇടപാടുകാർ വിപണി നിയന്ത്രണം തിരിച്ചു പിടിച്ചു. വിദേശ ഫണ്ടുകൾ തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ 2915 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഡിസംബർ മധ്യം പല ദിവസങ്ങളിലും അവർ നിത്യേനെ 3200 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ അത്തരം ഒരു ബയ്യിംഗ് ഇനി ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം മാത്രം പ്രതീക്ഷിക്കാനാവു. ഡിസംബറിൽ വിദേശ ഓപറേറ്റർമാർ 62,648 കോടി രൂപ നിക്ഷേപിച്ചു. നവംബറിലെ വാങ്ങൽ 62,782 കോടി രൂപയാണ്. ഇതിനിടയിൽ വിൽപനയിൽ നിലകൊള്ളുന്ന ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞവാരം 3400 കോടി രൂപയുടെയും തൊട്ട് മുൻവാരത്തിൽ 11,000 കോടി രൂപയുടെ വിൽപന നടത്തി.
പ്രവാസികളെ സംബന്ധച്ച് ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ ചലനങ്ങൾ അത്ര അനുകൂലമായിരുന്നില്ല. കോറോണ ഭീതിയിൽ ഏപ്രിലിൽ 77 ലേയ്ക്ക് രൂപ ഇടിഞ്ഞെിലും പിന്നീട് 72.97 ലേയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തി, പോയവാരം രൂപ 73.55 ലാണ്. നിലവിൽ രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ജനുവരിയിൽ ഡോളറിന് മുന്നിൽ രൂപ 72.2075.05 റേഞ്ചിൽ നീങ്ങാം. ഈ ടാർജറ്റിൽ നിന്ന് പുറത്തു കടന്നാൽ ഓഹരി സൂചികയിൽ വൻ പ്രകമ്പനം പ്രതീക്ഷിക്കാം. മൂല്യം 75 റേഞ്ചിലേയ്ക്ക് നീങ്ങിയാൽ നിഫ്റ്റി 12,000-11,000 ലേയ്ക്ക് തിരുത്തലിന് ശ്രമിക്കാം. അതേ സമയം 72 ലെ താങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 14,500-15,500 നെ ലക്ഷ്യമാക്കി നീങ്ങാം.
തിങ്കാളാഴ്ച 13,760 ൽ നിന്ന് നിഫ്റ്റി 13,777 വരെ കയറി റെക്കോർഡ് സ്ഥാപിച്ച വേളയിൽ മുൻ നിര ഓഹരികൾ കനത്ത വിൽപന സമ്മർദത്തിൽ അകപ്പെട്ടു. ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റി ഓവർ ബോട്ടായതിനാൽ നിക്ഷേപകരോട് ലാഭമെടുക്കാൻ കഴിഞ്ഞ ലക്കം നൽകിയ നിർദേശം ഇടപാടുകാർക്ക് താങ്ങായി. അന്നത്തെ തകർച്ചയിൽ നിഫ്റ്റിൽ റെക്കോർഡിൽ നിന്ന് 13,131 ലേയ്ക്ക് ഇടിഞ്ഞു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ 618 പോയന്റ് തിരിച്ചു പിടിച്ച് നിഫ്റ്റി വാരാന്ത്യം 13,749 ലാണ്.
ഈവാരം 13,973 നെ ലക്ഷ്യമാക്കിയാവും തുടക്കം കുറിക്കുക. വ്യാഴാഴ്ച ഡിസംബർ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായുള്ള റോൾ ഓവർ പ്രതീക്ഷിക്കാം. ആദ്യ പ്രതിരോധം മറികടന്നാൽ 14,198 നെ ഉന്നം വെച്ച് പുതു വർഷത്തിലേയ്ക്ക് പ്രവേശിക്കാനാവും വിപണിയുടെ ശ്രമം. വർഷാന്ത്യമായതിനാൽ ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങുമെന്നതിനാൽ 13,327-12,906 ലെ താങ്ങ് നിലനിർത്താം. ബോംബെ സൂചിക തുടർച്ചയായ എട്ടാം വാരത്തിലും മികവ് നിലനിർത്തി. സുചിക 47,055 ൽ നിന്ന് 44,923 ലേയ്ക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം 46,973 പോയന്റിലാണ്. ഈവാരം 47,711 ലെ ആദ്യ തടസം മറികടന്നാൽ 48,449 ലേയ്ക്കും പുതു വർഷം 50,581 പോയന്റിലേയ്ക്കും സെൻസെക്‌സിന് സഞ്ചരിക്കാം.
തിരുത്തലുണ്ടായാൽ 45,579 ൽ താങ്ങുണ്ട്. മുൻ നിര ഓഹരിയായ ഇൻഫോസീസ് 1236 രൂപ, എച്ച്.സി.എൽ ടെക്‌നോളജീസ് 919, എച്ച്.യു.എൽ 2402, സൺ ഫാർമ 589, ബജാജ് ഓട്ടോ 3374, ടി.സി.എസ് 2909, ടെക് മഹീന്ദ്ര 946, ആക്‌സിസ് ബാങ്ക് 610, ഐ.സി.ഐ.സി.ഐ ബാങ്ക് 513, ആർ.ഐ.എൽ 1993, ഭാരതി എയർടെൽ 517 രൂപയിലുമാണ് വാരാന്ത്യം.