മതസൗഹാര്‍ദം തകരും, വര്‍ത്തമാനം  പ്രദര്‍ശിപ്പിക്കരുത്-സെന്‍സര്‍ ബോര്‍ഡ് 

നിലമ്പൂര്‍- വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രം ദേശവിരുദ്ധമാണ് എന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് നടപടി. സിദ്ധാര്‍ത്ഥ് ശിവയാണ് വര്‍ത്തമാനത്തിന്റെ സംവിധാനം. സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് സിനിമയ്ക്ക് എതിരെ ട്വീറ്റുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതും വിവാദമായിരിക്കുകയാണ്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം, കശ്മീര്‍ വിഷയം എന്നിവയെ കുറിച്ച് സിനിമയില്‍ പരാമര്‍ശമുളളതാണ് പ്രദര്‍ശനാനുമതി തടയാനുളള കാരണമെന്നാണ് സൂചന. ചില രംഗങ്ങള്‍ ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് എന്ന് സിബിഎഫ്‌സി അംഗങ്ങള്‍ വിലയിരുത്തി. കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് ഉപരിപഠനത്തിന് പോകുന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് വര്‍ത്തമാനത്തില്‍ പാര്‍വ്വതി എത്തുന്നത്.  കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടി മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മറ്റിക്ക് അയച്ചിരിക്കുകയാണ്. ആര്യാടന്‍ ഷൗക്കത്ത് ആണ് വര്‍ത്തമാനത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, സിദ്ധിഖ് അടക്കമുളളവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാനുളള കാരണം രാജ്യ വിരുദ്ധമാണന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു. '' ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ്  അഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം''. വര്‍ത്തമാനം മതവിദ്വേഷമുണ്ടാക്കുന്ന തരത്തിലുളള സിനിമ അല്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. 
 

Latest News