സ്ഥലം ഒഴിപ്പിക്കൽ നടപടിക്കിടെ തീ കൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു

തിരുവനന്തപുരം- സ്ഥലം ഒഴിപ്പിക്കൽ നടപടിക്കിടെ ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജനാണ് മരിച്ചത്.  സ്ഥലം ഒഴിപ്പിക്കൽ നടപടിക്കിടെ രാജനും ഭാര്യ അമ്പിളിയും ഈ മാസം 22നാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊളളലേറ്റ രാജനെ ഉടൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കൽ നടപടി നടക്കുന്നതിനിടെയാണ് ദമ്പതികൾ തീകൊളുത്തിയത്.
നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പോലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം.
 

Latest News