താമസ കേന്ദ്രങ്ങളില്‍ വാടക ഇരട്ടിയായി; ദുബായില്‍ കുടുങ്ങിയവര്‍ക്ക് വലിയ പ്രതിസന്ധി

ദുബായ്- വിമാന സര്‍വീസ് വിലക്ക് നീട്ടിയതോടെ ദുബായില്‍നിന്ന് സൗദിയിലേക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ വലിയ പ്രതിസന്ധിയിലായി. പുതിയ താമസസ്ഥലം കണ്ടെത്താനുളള നെട്ടോട്ടത്തിലാണ് മലയാളികളടക്കമുള്ള സൗദി യാത്രക്കാര്‍. കോവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷിതമായ സ്ഥലം തന്നെ കണ്ടെത്തേണ്ടതുണ്ട്.

ന്യൂഇയര്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ ഹോട്ടലുകളില്‍ റൂം വാടക ഇരട്ടിയിലേറെ വര്‍ധിച്ചിരിക്കയാണ്. 29,30,31 തീയതികളില്‍ സാധാരണ ഹോട്ടലില്‍ 150 മുതല്‍ 200 ദിര്‍ഹം വരെയാണ് വാടക.

14 ദിവസം 65 ദിര്‍ഹം നല്‍കി താമസിച്ച മുറിക്ക് നാളെ മുതല്‍ 215 ദിര്‍ഹമാണ് നല്‍കേണ്ടത്.
ഇവര്‍ക്ക് 14 ദിവസത്തെ ദുബായ് താമസമടക്കം സൗദി യാത്രാ പാക്കേജ് ഏര്‍പ്പെടുത്തിയ ട്രാവല്‍ ഏജന്‍സികള്‍ ഷാര്‍ജ, അജ്മാന്‍ തുടങ്ങി വാടക കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറാനാണ് നിര്‍ദേശിക്കുന്നത്. 14 ദിവസം കഴിഞ്ഞവര്‍ സ്വന്തം നിലയിലാണ് താമസ സൗകര്യം കണ്ടെത്തേണ്ടത്. കൂടുതല്‍ പേര്‍ തങ്ങുന്ന ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുറിയില്‍ അഭയം തേടുന്നതും പ്രായോഗികമല്ല.

സൗദിയിലേക്കുള്ള പ്രവാസികളെ സഹായിക്കാന്‍ യു.എ.ഇയിലെ സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ടെങ്കിലും അവര്‍ ഏര്‍പ്പെടുത്തിയ കേന്ദങ്ങളില്‍ ആളുകള്‍ നിറഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇവിടങ്ങളില്‍ ഒരു മുറിയില്‍ കൂടുതല്‍ പേരെ താമസിപ്പിക്കുന്നതും ആശങ്കാ ജനകമാണ്.

ഡിസംബര്‍ 20 ന് വിദേശ വിമാനങ്ങള്‍ക്ക് സൗദി ഏര്‍പ്പെടുത്തിയ വിലക്ക് ഒരാഴ്ച പൂര്‍ത്തിയാകുന്നതോടെ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ആവശ്യമാണെങ്കില്‍ ഒരാഴ്ച കൂടി നീട്ടുമെന്ന് ആദ്യത്തെ പ്രഖ്യാപനത്തില്‍ തന്നെ ഉണ്ടായിരുന്നുവെങ്കിലും കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമല്ലെന്ന വാര്‍ത്തകളാണ് പ്രതീക്ഷ വര്‍ധിപ്പിച്ചത്. ഒടുവില്‍ സൗദിയില്‍നിന്ന് വിദേശികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് പ്രഖ്യാപിച്ച ഇളവ് പ്രാബല്യത്തില്‍ വന്നതോടെ വരുംദിവസം എല്ലാ വിലക്കും നീക്കുമെന്ന കണക്കൂകൂട്ടിലിലെത്തിച്ചു.

വിമാന വിലക്ക് ഒരാഴ്ച കൂടി നീട്ടുകയാണെന്ന സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം വലിയ അനിശ്ചിതത്വത്തിനാണ് കാരണമായിരിക്കുന്നത്. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തകയാണെന്നും ആവശ്യമാണെങ്കില്‍ ഇനിയും നീട്ടുമെന്ന സൂചനയും ഇന്ന് പുറത്തുവന്ന പ്രഖ്യാപനത്തിലുണ്ട്.

ഇഖാമയില്‍ കാലാവധിയുള്ള പലരും നാട്ടിലേക്ക് മടങ്ങാമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. നാളെ ഇഖാമ കാലാവധി പൂര്‍ത്തിയാകുന്നവരും ദുബായില്‍ കുടുങ്ങിയവരിലുണ്ട്. ഇവരുടെ ഇഖാമ സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് പുതുക്കേണ്ടി വരും.

അഞ്ചും പത്തും മാസം വരെ നാട്ടില്‍ തങ്ങിയ ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയവരില്‍ പലര്‍ക്കും വലിയ കടബാധ്യതയുണ്ട്. ഇനിയും ദുബായില്‍ തങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്ന അവര്‍ക്ക് അധിക ചെലവ് പുതിയ ബാധ്യതയാകും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള പലരും കടബാധ്യതയുടെ ആശങ്കയാണ് പങ്കുവെക്കുന്നത്. 14 ദിവസം ദുബായില്‍ തങ്ങിയാലും ജോലിസ്ഥലത്ത് എത്താമല്ലോ എന്ന പ്രതീക്ഷയില്‍  75000 മുതല്‍ ഒരു ലക്ഷം രൂപവരെ കടം വാങ്ങി നല്‍കിയാണ് എത്തിയിരിക്കുന്നത്.  

 

Latest News