കൽപറ്റ- വയനാട് ഗവ.മെഡിക്കൽ കോളേജ് വിഷയത്തിൽ സർക്കാർ തീരുമാനം ഏതാനും ദിവസങ്ങൾക്കകം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രി സർക്കാർ ഏറ്റെടുക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രി സൂചന നൽകിയത്.
ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എയർ സ്ട്രിപ്പ് വേണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാരാപ്പുഴ പദ്ധതി 2023ലും ബാണാസുര പദ്ധതി 2024ലും പൂർണമായും കമ്മീഷൻ ചെയ്യും. മുടങ്ങിക്കിടന്ന രണ്ടു പദ്ധതികൾക്കും ജീവൻവച്ചിട്ടുണ്ട്. കാരാപ്പുഴ അണയുടെ സംഭരണശേഷി വർധിപ്പിക്കാനുള്ള നടപടികൾ വൈകാതെയുണ്ടാകും.ഇതിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായിട്ടുണ്ട്.കാരാപ്പുഴയിലെ മികച്ച ഉദ്യാനം ടൂറിസം രംഗത്തു വലിയ സാധ്യതകൾ സൃഷ്ടിച്ചു.
ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുന്നതിനും തൊഴിൽ ഉറപ്പാക്കുന്നതിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി ഏറ്റെടുത്ത് നൽകുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്. ചെറുകിട വനവിഭവങ്ങൾ ശേഖരിക്കുന്നതിൽ ആദിവാസികൾക്കു തടസ്സങ്ങളുണ്ടാകരുതെന്നാണ് സർക്കാർ നയം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്ലസ്ടു അനുവദിക്കുന്നതും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ തുടങ്ങുന്നതും പരിശോധിക്കും. കാപ്പിക്കർഷകരുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. പ്രത്യേക കോഫി പാർക്ക് സ്ഥാപിക്കുന്നതിനു നടപടികൾ പുരോഗതിയിലാണ്. വയനാടൻ കാപ്പി മലബാർ കോഫി എന്ന ബ്രാൻഡിൽ അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ ആലോചനയുണ്ട്.
വന്യമൃഗശല്യം തടയുന്നതിനു പദ്ധതികൾ നടപ്പിലാക്കിവരികാണ്. 10 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന റെയിൽവേലിയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 22 കോടി ചെലവിൽ 44 കിലോമീറ്റർ ക്രാഷ് ഗാർഡ് സ്ഥാപിക്കുന്നതിന് വനം വകുപ്പ് ടെൻഡർ നടപടികളിലേക്ക് കടക്കുകയാണ്. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഓൺലൈനായി നൽകാൻ നടപടി സ്വീകരിച്ചുകഴിഞ്ഞു. വനത്തിൽ വന്യജീവികൾക്കു ജലലഭ്യത ഉറപ്പുവരുത്തുന്നതിനു സംഭരണികളും കുളങ്ങളും നിർമിക്കും.
കാർഷിക മേഖലയിലും കോളേജുകൾ കേന്ദ്രീകരിച്ചും സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും. കോളേജ് വിദ്യാർഥികൾക്ക് അപ്രന്റീസ് മാതൃകയിൽ പരിശീലനത്തിന് അവസരം ലഭ്യമാക്കാൻ ശ്രമിക്കും. നിലവിൽ സംവരണാനുരകൂല്യം ലഭിക്കുന്ന ഒരു വിഭാഗത്തിനും ആശങ്ക വേണ്ട. ഒരു വിഭാഗത്തിന്റെ സംവരണത്തിലും ഒരുതരത്തിലുള്ള കുറവും ഉണ്ടാകില്ല. സംവരണേതര വിഭാഗത്തിലെ ദരിദ്രർക്കുകൂടി സംവരണം നൽകുക മാത്രമാണ് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.കെ.ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, ഒ.ആർ.കേളു എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സാമൂഹിക, വിദ്യാഭ്യാസ, സാമുദായിക, രാഷ്ട്രീയ, കാർഷിക, ആരോഗ്യ, ടൂറിസം, പാലിയേറ്റീവ്, പരിസ്ഥിതി രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.