വയനാട് മെഡിക്കല്‍ കോളേജ്: തീരുമാനം ഉടനെന്നു മുഖ്യമന്ത്രി

കല്‍പറ്റ-വയനാട് ഗവ.മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം ഏതാനും ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ  ഭാഗമായി  പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മേപ്പാടി ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രി  സൂചന നല്‍കിയത്.
ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും.
കാരാപ്പുഴ പദ്ധതി 2023ലും ബാണാസുര പദ്ധതി 2024ലും പൂര്‍ണമായും കമ്മീഷന്‍ ചെയ്യും. മുടങ്ങിക്കിടന്ന രണ്ടു പദ്ധതികള്‍ക്കും  ജീവന്‍വച്ചിട്ടുണ്ട്. കാരാപ്പുഴ അണയുടെ സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വൈകാതെയുണ്ടാകും.ഇതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.കാരാപ്പുഴയിലെ മികച്ച ഉദ്യാനം ടൂറിസം രംഗത്തു വലിയ സാധ്യതകള്‍ സൃഷ്ടിച്ചു.
ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുന്നതിനും തൊഴില്‍ ഉറപ്പാക്കുന്നതിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും  ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്. ചെറുകിട വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ ആദിവാസികള്‍ക്കു  തടസ്സങ്ങളുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നയം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്ലസ്ടു അനുവദിക്കുന്നതും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍  തുടങ്ങുന്നതും  പരിശോധിക്കും-അദ്ദേഹം പറഞ്ഞു.

 

Latest News