Sorry, you need to enable JavaScript to visit this website.

ഭൂമി കൈയേറ്റങ്ങളും വളരുന്ന  ഭൂരാഷ്ട്രീയവും  

സംസ്ഥാനത്തെ ഭൂരഹിതർക്ക് നൽകാൻ ഭൂമിയില്ലെന്നു പറഞ്ഞ് എല്ലാവരേയും കൊച്ചു ഫഌറ്റുകളിലേക്ക് ഒതുക്കുന്ന ലൈഫ് പദ്ധതി കൊട്ടിഘോഷിച്ച് ആഘോഷിക്കുകയാണ് പിണറായി സർക്കാർ. കഴിഞ്ഞ ദിവസം ഒരു വീടിനുള്ള സാമ്പത്തികം നൽകി സ്വന്തം നാട്ടിൽ മഞ്ജുവാര്യർ പദ്ധതി ഉദ്ഘാടനം ചെയ്തു. സത്യത്തിൽ ടാറ്റായും ഹാരിസണും മാത്രം അനധികൃതമായി കൈയടക്കിയിട്ടുള്ള ഭൂമി മാത്രം പിടിച്ചെടുത്താൽ സംസ്ഥാനത്തെ ഭൂരഹിതരുടെ  പ്രശ്‌നം മുഴുവൻ പരിഹരിക്കാം. അങ്ങനെ ചെയ്യാൻ രാജമാണിക്യത്തിന്റേതടക്കം നിരവധി റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ഭൂവിഷയത്തിൽ കേരള സർക്കാർ കള്ളക്കളിയാണ് നടത്തുന്നതെന്ന് പറയാതെ വയ്യ. 
വൻകിടക്കാരുടെ മാത്രമല്ല, ആരുടേയും ഭൂമി കൈയേറ്റങ്ങൾ തടയാൻ സർയക്കാർ ശ്രമിക്കുന്നില്ല. രാഷ്ട്രീയക്കാരും കൈയേറ്റക്കാരും റവന്യൂ ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധമാണ് ഇതിനു കാരണം. ഇക്കാര്യത്തിൽ ഏറ്റവും വലിയ ഉദാഹരണമാണ് മന്ത്രി തോമസ് ചാണ്ടി. ഭൂപരിഷ്‌കരണ നിയമവും നെൽവയൽഭൂ നിയമവുമെല്ലാം ലംഘിച്ചാണ് മന്ത്രി ഭൂമി കൈയേറ്റം നടത്തിയതെന്ന് കലക്ടറുടെ റിപ്പോർട്ട് ഉണ്ടായിട്ടുപോലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നയത്തോടെ തങ്ങൾ ഏതു പക്ഷത്താണെന്ന് സർക്കാർ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. മറുവശത്ത് അനധികൃതമായി മണ്ണിട്ടു മൂടിയ കൃഷി ഭൂമിക്ക് അംഗീകാരം കൊടുക്കാനുള്ള നീക്കവും ശക്തമാകുന്നു. 
ഹാരിസൺ, ടാറ്റ കമ്പനികളുടേത് മാറ്റിവെച്ചാൽ പോലും കേരളത്തിൽ 1000 ഏക്കറോളം സർക്കാർ ഭൂമി പലരും കൈയേറിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ്  കൂടുതൽ കൈയേറ്റം.  കൈയേറ്റം കണ്ടെത്തിയാൽ വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകണം. പിന്നീടു ഭൂസംരക്ഷണ നിയമം, ഭൂസംരണക്ഷണ ഭേദഗതി നിയമം എന്നിവ പ്രകാരം കൈയേറ്റക്കാർക്കു നോട്ടീസ് നൽകുകയും 15 ദിവസം സാവകാശം നൽകി ഭൂമി സർക്കാരിലേക്കു മുതൽക്കൂട്ടുകയും ചെയ്യണമെന്നാണ് നിയമം.  കൈയേറ്റക്കാരുടെ വാദവും കേട്ട ശേഷമാകണം നടപടി. എന്നാൽ ഇവിടെ ഒന്നും നടക്കുന്നില്ല.  മൂന്നാറിൽ  37 കൈയേറ്റങ്ങൾ ഒഴിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതോടെ ഒഴിപ്പിക്കൽ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കൊച്ചിയിൽ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയെടുത്ത സബ് കലക്ടറായിരുന്ന അദീല അബ്ദുള്ളക്കുണ്ടായ അനുഭവും വ്യത്യസ്തമല്ല. റവന്യൂ വകുപ്പ് പിന്തുണച്ചിട്ടു പോലും ഇരുവർക്കും ദൗത്യം പൂർത്തിയാക്കാനായില്ല എന്നിടത്താണ് ഭൂമാഫിയയുടെ ശക്തി നാം തിരിച്ചറിയേണ്ടത്.  ഈ സാഹചര്യത്തിൽ നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർക്കും താൽപര്യമില്ലാതാകുന്നത് സ്വാഭാവികം. 
തിരുവനന്തപുരം ജില്ലയിൽ തീരപ്രദേശങ്ങളിലാണു കൂടുതൽ കൈയേറ്റം. കായൽ തീരം കൈയേറി വൻകിട റിസോർട്ടുകളും ആഡംബര വസതികളും നിർമിച്ചിട്ടും ഒഴിപ്പിക്കാൻ നടപടിയില്ല. വെള്ളായണി കായൽ തീരം കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. മറുവശത്ത്  പ്ലാന്റേഷൻ കോർപ്പറേഷന്റെ   ജനറൽ മാനേജരും അസിസ്റ്റന്റ് മാനേജരുമടക്കം കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൈയേറ്റത്തിൽ പാർട്ടികളും മോശമല്ല. മൂന്നാറിലെ സിപിഐ കൈയേറ്റം പ്രസിദ്ധമാണല്ലോ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം കോടികൾ വിലമതിക്കുന്ന ഭൂമി കൈയേറിയിട്ടുണ്ട്. പാലക്കാട് ഡി.വൈ.എഫ്.ഐ ഓഫീസ് തന്നെ കൈയേറിയ ഭൂമിയിലാണ്.  കാഞ്ഞങ്ങാട്ട് 27.34 ഏക്കർ ബി.ജെ.പിയുടെ പോഷക സംഘടനയാണ് കൈയേറിയത്. മൂന്നാറിൽ  കോൺഗ്രസ് നേതാവ് തന്നെ കൈയേറി വീടുവെച്ചിട്ടുണ്ട്. വനമേഖലകളിലും കൈയേറ്റങ്ങൾ സജീവമാണ്. പുനലൂർ ഡിവിഷനിലെ അമ്പനാർ, ഏരൂർ, കോട്ടയം ഡിവിഷനിലെ ഉളുപ്പുണ്ണികാനം, കോതമംഗലം ഡിവിഷനിലെ കുടയത്തൂർ, ആൾക്കല്ല്, മാങ്കുളം ഡിവിഷനിലെ കല്ലാർ, പാലക്കാട് ഈസ്റ്റേൺ സർക്കിളിനു കീഴിൽ മണ്ണാർക്കാട് ഡിവിഷനിലെ പുതുറ, പാലക്കയം, നെന്മാറ ഡിവിഷനിലെ മംഗലംഡാം, മലമ്പുഴ അകത്തേത്തറ, ഒളകര, കോഴിക്കോട് ഡിവിഷനിലെ കാന്തലാട്, കൂരാച്ചുണ്ട്, ചെമ്പനോട, കോടഞ്ചേരി എന്നിവിടങ്ങളിൽ വനഭൂമി കൈയേറിയിട്ടുണ്ട്. മറുവശത്ത് 2011 വരെ നികത്തിയ നിലവും തണ്ണീർത്തടവും നിയമ വിധേയമാക്കാൻ അവസരം നൽകുന്ന തരത്തിൽ സർക്കാർ പുതിയ ഉത്തരവിറക്കിരിക്കുകയാണ്. നിലവും തണ്ണീർത്തടങ്ങളും നികത്തുന്നതിനെതിരെ ശക്തമായ അവബോധം ഉണ്ടായ ശേഷവും നികത്തിയവയാണ് ഇവയിലധികവും. നിലം നികത്തിയ ഭൂമി എന്ന പരാമർശം റവന്യൂ രേഖകളിൽനിന്ന് നീക്കപ്പെടുന്നതോടെ ഇത്തരം സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്താനാകും. അതോടെ നെൽവയൽ-തണ്ണീർത്തട നിയമത്തിന്റെ വ്യവസ്ഥകളിൽനിന്ന് ഒഴിവാകുകയും ചെയ്യും.  വീട് നിർമാണത്തിന് ഇപ്പോൾ തന്നെ ഇളവുണ്ടെങ്കിലും വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് അനുമതി കിട്ടിയിരുന്നില്ല. ഇനിയതു സാധ്യമാകും. മാത്രമല്ല, വൻ വിലയ്ക്ക് വിൽക്കാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടും. അതുവഴി പ്രതാപം കുറഞ്ഞിരിക്കുന്ന ഭൂമാഫിയകൾ വീണ്ടും സജീവമാകും.
കേരളത്തിലെ സാമൂഹിക - രാഷ്ട്രീയ രംഗത്ത് ഭൂമി സജീവ വിഷയമായ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ദളിതരും ആദിവാസികളുമൊക്കെ ഭൂമിക്കായുള്ള പോരാട്ടത്തിലാണ്. 
രണ്ടാം ഭൂപരിഷ്‌കരണത്തിനായുള്ള ആവശ്യങ്ങളും ശക്തമാണ്. കഴിഞ്ഞ പത്ത് വർഷമായി ചെങ്ങറയിലെ ദളിതർ ഭൂസമരത്തിൽ പുതിയൊരു ചരിത്രമെഴുതുകയാണ്. എന്നാൽ അവിടെ പോലും നുഴഞ്ഞുകയറി മാതൃകാപരമായ ആ പരീക്ഷണത്തെ തകർക്കാനാണ് ഭരണകൂട ശക്തികൾ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഭൂമി കൈയേറ്റങ്ങളും ഭൂരാഷ്ട്രീയവും ഏറ്റവും പ്രാധാന്യമുള്ളതായി മാറുന്നത്. 

Tags

Latest News