മുംബൈ- കാമാഠിപുരി വേശ്യാലയത്തിലെ ഒരു മാഡത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുബായ് കത്തിയവാഡി സിനിമ വിവാദത്തില്‍. ചിത്രത്തില്‍ പ്രധാന വേഷമിടുന്ന ആലിയ ഭട്ടിനും ഭന്‍സാലി പ്രോഡക് ഷന്‍സിനുമെതിരെ ഗംഗുബായിയുടെ മകന്‍ ബാബുജി റൗജി ഷാ കേസ് ഫയല്‍ ചെയ്തു.
സിനിമാ നിര്‍മാണത്തിന് അടിസ്ഥാനമാക്കിയ ദ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്‌കം എഴുതിയ ഹുസൈന്‍ സിയാദി, റിസര്‍ച്ച് നടത്തിയ ജേന്‍ ബോര്‍ഗസ് എന്നിവര്‍ക്കെതിരെയും ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
മാഫിയ ക്വീന്‍സിലെ ചില ഭാഗങ്ങള്‍ അപകീര്‍ത്തികരമാണെന്നും സ്വകാര്യത, ആത്മാഭിമാനം, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ബാബുജിയുടെ ആരോപണം.
പുസ്തകത്തിന്റെ അച്ചടി, പ്രചരണം എന്നിവ സ്ഥിരമായി തടയണമെന്നും ഗംഗുബായിയുടെ ജീവിതവുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍ നീക്കണമെന്നും സിനിമയുടെ നിര്‍മ്മാണം അവസാനിപ്പിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു. ചിത്രത്തിന്റെ പ്രൊമോ പുറത്തുവന്നതിനു ശേഷം താന്‍ തമസിക്കുന്ന പ്രദേശത്ത് ജനങ്ങളില്‍നിന്ന് വലിയ പരിഹാസമാണ് നേരിടുന്നതെന്ന് ഹരജിയില്‍ ബോധിപ്പിച്ചു.
അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ മോശമായി അവതരിപ്പിക്കല്‍, അശ്ലീലം പ്രചരിപ്പിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടി പ്രതികള്‍ക്കെതിരെ ഉടന്‍ തന്ന ക്രിമിനല്‍ പരാതി നല്‍കാമെന്നും ബാബുജിയുടെ അഭിഭാഷകന്‍ നരേന്ദ്ര ദുബെ പറഞ്ഞു.ഹരജിയില്‍ വാദം കേട്ട കോടതി ജനുവരി ഏഴിനകം മറുപടി നല്‍കാന്‍ പ്രതികളോട് ആവശ്യപ്പെട്ടു.