വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ ഇന്ന് ഖത്തറില്‍

ന്യൂദല്‍ഹി- രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇന്ന് ഖത്തറിലെത്തും. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായും മറ്റു ഉന്നതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പദവി ഏറ്റതിനു ശേഷം ജയ്ശങ്കറിന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്. ഉഭയകക്ഷി വിഷയങ്ങള്‍, ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലാ, അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഖത്തര്‍ നല്‍കുന്ന സംരക്ഷണത്തിന് ഇന്ത്യയുടെ പ്രത്യേക നന്ദിയും മന്ത്രി ഖത്തര്‍ ഭരണകൂടത്തെ അറിയിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറില്‍  ഏഴു ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10.95 ബില്യണ്‍ ഡോളര്‍ ആയിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും മൂന്ന് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. 


 

Latest News