നിയുക്ത മേയര്‍ ആര്യ ലാലേട്ടന്റെ അയല്‍വാസി 

തിരുവനന്തപുരം-തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ 21 വയസുള്ള ആര്യ രാജേന്ദ്രന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഫോണിലൂടെയാണ് മോഹന്‍ലാല്‍ ആര്യ രാജേന്ദ്രനെ അഭിനന്ദനമറിയിച്ചത്. തിരുവനന്തപുരം നഗരസഭ മുടവന്‍മുകള്‍ വാര്‍ഡിലെ വോട്ടറാണ് മോഹന്‍ലാല്‍. ഇതേ വാര്‍ഡിലെ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍.നഗരത്തെ കൂടുതല്‍ നന്നായും സുന്ദരമായും നയിക്കാന്‍ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു.
തിരുവനന്തപുരം നമുക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ട നഗരമാണ്. പുതിയ തീരുമാനം മികച്ചതാവട്ടെ. നഗരത്തെ നന്നായി നയിക്കാന്‍ ആര്യയ്ക്ക് സാധിക്കട്ടെയന്നും മോഹന്‍ലാല്‍ പറഞ്ഞു.
'നമസ്‌കാരം ലാലേട്ടാ, വലിയ സന്തോഷം. ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് ഞാന്‍. വീടെവിടെയാണെന്ന് ചോദിക്കുമ്പോള്‍ പറയുന്നത് അത് തന്നെയാണ്. നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ലാലേട്ടന്‍ വിളിച്ചതില്‍ ഒരുപാട് സന്തോഷം.വരുമ്പോള്‍ എന്തായാലും നേരിട്ട് കാണാം.; എന്നായിരുന്നു ആര്യ മോഹന്‍ലാലിന് നല്‍കിയ മറുപടി.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്ത്  ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.
 

Latest News