Sorry, you need to enable JavaScript to visit this website.

2020 - മറക്കാത്ത മുഹൂർത്തങ്ങൾ

കോവിഡ് എന്ന ഒറ്റവാക്കിലൊതുക്കാവുന്നതാണ് 2020. മഹാമാരിക്കിടയിലും ജീവിതം മുന്നോട്ടുപോയി. ഏതാനും മാസങ്ങൾ നിശ്ചലമായെങ്കിലും കളിക്കളങ്ങളും സജീവമായി. കടന്നുപോവുന്ന വർഷത്തെ 15 ചിത്രങ്ങളിലൊതുക്കുന്നു... 

ബയേൺ, ബയേൺ മാത്രം
മഹാമാരി കാരണം യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടം മിനി ടൂർണമെന്റാക്കി മാറ്റാൻ യുവേഫ നിർബന്ധിതമായപ്പോൾ ബയേൺ മ്യൂണിക് സാധ്യതാ പട്ടികയിൽ മുന്നിലായിരുന്നു. ബാഴ്‌സലോണയെ 8-2 ന് തകർത്തതോടെയാണ് ബയേണിന്റെ യഥാർഥ ശക്തി ലോകമറിഞ്ഞത്. കിംഗ്‌സ്‌ലി കൂമന്റെ ഹെഡറിൽ പി.എസ്.ജിയെ തോൽപിച്ച് അവർ രാജകീയമായി ആറാം തവണ ചാമ്പ്യന്മാരായി. 

ഷൂമിക്കു പകരം ഹാമി
മൈക്കിൾ ഷുമാക്കർ ഫോർമുല വണ്ണിനോട് വിടപറഞ്ഞപ്പോൾ 91 ഗ്രാന്റ്പ്രി വിജയങ്ങളുടെ റെക്കോർഡിന് അടുത്തു പോലും ആരുമെത്തില്ലെന്നതാണ് കരുതിയത്. ഏഴ് തവണ ലോക ചാമ്പ്യനാവാൻ മറ്റാർക്കും സാധിക്കില്ലെന്നും തോന്നി. 2020 ൽ ലൂയിസ് ഹാമിൽടൺ അതിനപ്പുറത്തേക്ക് പറന്നു. 17 റെയ്‌സുകളിൽ പതിനൊന്നും ജയിച്ചു. കോവിഡ് കാരണം രണ്ട് റെയ്‌സുകളിൽ വിട്ടുനിൽക്കേണ്ടി വന്നു. 95 ഗ്രാന്റ്പ്രി വിജയങ്ങളായി ഹാമിൽടണിന്. ഏഴാം തവണ ലോക ചാമ്പ്യനായി ഷൂമിയുടെ റെക്കോർഡിനൊപ്പമെത്തി. മെഴ്‌സിഡസ് കാറിന്റെ ഗുണമേന്മ മുപ്പത്തഞ്ചുകാരനെ തുണച്ചുവെന്നുറപ്പാണ്. ഫോർമുല വണ്ണിൽ ഗ്രെയ്റ്റസ്റ്റ് പദവിയിൽ ഹാമിൽടണിനുമുണ്ട് ഒരു ഇരിപ്പിടം.

നോവക്കിന്റെ കണ്ണീർ
റോജർ ഫെദരറുടെയും റഫായേൽ നദാലിന്റെയും അഭാവത്തിൽ യു.എസ് ഓപൺ കിരീടം തനിക്ക് വെച്ചതാണെന്ന ബോധ്യത്തോടെയാണ് നോവക് ജോകോവിച് ന്യൂയോർക്കിലെത്തിയത്. പതിനെട്ടാം ഗ്രാന്റ്സ്ലാം കിരീടം സമയത്തിന്റെ മാത്രം പ്രശ്‌നമായിരുന്നു. നാലാം റൗണ്ടിൽ ഇരുപതാം സീഡ് പാബ്‌ലൊ കരേനൊ ബുസ്റ്റയെ നേരിടാൻ നോവക് കോർടിലിറങ്ങിയത് 2020 ൽ ഒരു കളിയും തോറ്റിട്ടില്ലെന്ന റെക്കോർഡോടെയാണ്. എന്നാൽ ഒരു സർവീസ് നഷ്ടപ്പെട്ടതിലുള്ള നിരാശ എല്ലാം തുലച്ചു. രോഷത്താൽ പിന്നോട്ടടിച്ച പന്ത് അബദ്ധത്തിൽ വനിതാ ലൈൻ റഫറിയുടെ കഴുത്തിന് പതിച്ചു. അപ്പോൾ തന്നെ ക്ഷമ ചോദിച്ചെങ്കിലും നടപടി ഒഴിവാക്കാനായില്ല. ടൂർണമെന്റിൽ നിന്ന് പുറത്താക്കി. 

റഫയുടെ റോളാങ്ഗാരൊ
റഫായേൽ നദാൽ യു.എസ് ഓപണിൽ പങ്കെടുത്തില്ല. എന്നാൽ ഫ്രഞ്ച് ഓപണിൽ നിന്ന് റഫക്ക് വിട്ടുനിൽക്കാനാവില്ല. സ്വന്തം തട്ടകമാണ് അത്. മാറ്റിവെച്ച ഫ്രഞ്ച് ഓപൺ അരങ്ങേറിയത് കനത്ത കാറ്റിനിടയിലാണ്. എന്നിട്ടും ഒരു സെറ്റ് പോലും റഫക്ക് കൈവിട്ടുപോയില്ല. നോവക്കിനെ നേരിടാൻ ഫൈനലിലേക്ക് കുതിച്ചെത്തി. പക്ഷെ അതൊരു പോരാട്ടം പോലുമായില്ല. നദാൽ 6-0, 6-2, 7-5 ന് ഒന്ന് വിയർക്കുക പോലും ചെയ്യാതെ ജയിച്ചു കയറി. പതിമൂന്നാം ഫ്രഞ്ച് ഓപൺ സ്വന്തം. 20 ഗ്രാന്റ്സ്ലാമുകളുമായി റോജർ ഫെദരറുടെ റെക്കോർഡിനൊപ്പം. 

ഇതിഹാസമായി ഈഗ
അറിയപ്പെടാത്ത കളിക്കാരിയായാണ് ഈഗ ഷ്വാടെക് റോളാങ്ഗാരോയിലെത്തിയത്. വനിതാ ടെന്നിസ് റാങ്കിംഗിൽ അമ്പത്തിനാലാം സ്ഥാനത്തായിരുന്നു. രണ്ടാഴ്ചക്കു ശേഷം സോഫിയ കെനീനെ ഫൈനലിൽ തോൽപിച്ച് ഫ്രഞ്ച് ഓപൺ ഉയർത്തുമ്പോൾ പത്തൊമ്പതുകാരി റാങ്കിംഗിൽ പരതിനേഴാം സ്ഥാനത്തേക്കുയർന്നിരുന്നു. ഗ്രാന്റ്സ്ലാം സിംഗിൾസ് കിരീടം നേടുന്ന പ്രഥമ പോളണ്ടുകാരിയായി. ലോക ഒന്നാം നമ്പർ അഷ്‌ലെയ് ബാർടി വിട്ടുനിന്നതും സെറീന വില്യംസ് പരിക്കോടെ തുടക്കത്തിൽ തന്നെ പുറത്തായതും ഷ്വാടെക്കിനെ സഹായിച്ചു. 1992 ൽ മോണിക്ക സെലസിനു ശേഷം ഫ്രഞ്ച് ഓപൺ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരിയായി. 

കപ്പടിച്ച് ചെമ്പട
യൂർഗൻ ക്ലോപ് രണ്ടു വർഷം മുമ്പ് കോച്ചായി വന്നതു മുതൽ ലിവർപൂൾ ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം വീണ്ടെടുക്കുമെന്ന ഭീഷണിയുയർത്തുന്നുണ്ട്. ഗോൾകീപ്പറായി അലിസൺ ബക്കറും സെന്റർ ബാക്കായി വിർജിൽ വാൻഡെക്കും എത്തിയതോടെ 2019-20 പിടിച്ചുകെട്ടാനാവാത്ത നിരയെയാണ് അവർ ഒരുക്കിയെടുത്തത്. മഹാമാരി ഫുട്‌ബോളിനെ നിശ്ചലമാക്കുന്നതു വരെ അവർ മുന്നേ കുതിക്കുകയായിരുന്നു. സീസൺ പുനരാരംഭിച്ചപ്പോൾ ഒഴിഞ്ഞ സ്‌റ്റേഡിയത്തിൽ അവർ കിരീടമുയർത്തി, 30 വർഷത്തിനു ശേഷം. കോവിഡിനെ ഭയക്കാതെ ചെങ്കൊടിയുമായി ആരാധകർ വേദിക്കു പുറത്ത് ആനന്ദനൃത്തം ചവിട്ടി. 

 

സ്ലോവേനിയൻ സ്റ്റാർ
കോവിഡ് കാരണം നീട്ടിവെച്ച ടൂർ ദെ ഫ്രാൻസ് സൈക്ലിംഗ് സെപ്റ്റംബറിൽ അരങ്ങേറിയതു തന്നെ മഹാഭാഗ്യമാണ്. അവിശ്വനീയമായി ഈ വർഷത്തെ റെയ്‌സ്.     അവസാന ഘട്ടത്തിൽ വരെ ചിത്രത്തിലില്ലായിരുന്ന സ്ലോവേനിയക്കാരൻ താദെ പോഗാസാർ ചാമ്പ്യനായത് മറ്റൊരു അദ്ഭുതം. ടൂർ ദെ ഫ്രാൻസ് ആദ്യ ശ്രമത്തിൽ ജയിക്കുന്ന ഏഴാമത്തെ മാത്രം സൈക്ലിസ്റ്റാണ് ഇരുപത്തൊന്നുകാരൻ. 
രണ്ടു സ്റ്റെയ്ജുകൾ മാത്രം ജയിച്ച പൊഗാസാറിനെ ആരും കിരീടപ്രതീക്ഷയായി കണ്ടിരുന്നില്ല. അവസാനത്തേതിന് മുമ്പിലെ സ്റ്റെയ്ജായ ടൈം ട്രയൽ ആരംഭിക്കുമ്പോൾ സ്വന്തം നാട്ടുകാരനായ പ്രിമോസ് റൊഗാലിക്കിനെക്കാൾ 57 സെക്കന്റ് പിന്നിലായിരുന്നു. ഉജ്വലമായ കുതിപ്പിൽ പുതുമുഖം മൂന്നാം സ്റ്റെയ്ജും മഞ്ഞ ജഴ്‌സിയും സ്വന്തമാക്കി. 

ജൈവകവചം
ജൈവകവചത്തിൽ കഴിഞ്ഞ് ഒരു പരമ്പര കളിക്കാനാവുമോയെന്ന സംശയമായിരുന്നു കൊറോണ അരങ്ങുവാഴുമ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്ന ചോദ്യം. ഒരു കായിക ഇനവും പുനരാരംഭിക്കാനാവില്ലെന്നു കരുതിയ കാലമായിരുന്നു അത്. വെസ്റ്റിൻഡീസും ഇംഗ്ലണ്ടും ആ സാഹസം ഏറ്റെടുത്തു. ജൂലൈ എട്ടിന് ഇംഗ്ലണ്ടിലെ സൗതാംപ്റ്റനിലെ റോസ് ബൗളിൽ ജൈവകവചത്തിലെ ആദ്യ ടെസ്റ്റ് തുടങ്ങി. ആളില്ലാ സ്‌റ്റേഡിയത്തിൽ ആവേശകരമായിരുന്നു പോരാട്ടം. വെസ്റ്റിൻഡീസ് ഉജ്വലമായി ജയിച്ചു. ഇംഗ്ലണ്ട് തിരിച്ചടിച്ച് മൂന്നു മത്സര പരമ്പര സ്വന്തമാക്കി. അതൊരു തുടക്കമായിരുന്നു.

 

തലതാഴ്ത്തി ഇന്ത്യൻ ടീം
ഏതു ടീമിനും ഒരു മോശം ദിനമുണ്ടാവും. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്കുണ്ടായതു പോലുള്ള ഒരു മോശം ദിനം അപൂർവമാണ്. ഓസ്‌ട്രേലിയൻ പെയ്‌സാക്രമണത്തിന്റെ ഉച്ചച്ചൂടിൽ ഇന്ത്യൻ ബാറ്റിംഗ് അലിഞ്ഞമർന്നു. വെറും 22 ഓവറിൽ ടീം 36 ന് ഓളൗട്ടായി. ഒരു കളിക്കാരൻ പോലും രണ്ടക്കത്തിലെത്തിയില്ല. ആദ്യ ഇന്നിംഗ്‌സിലെ ലീഡുമായി വന്ന ഇന്ത്യൻ ടീമിനെ ജോഷ് ഹെയ്‌സൽവുഡും (5-8) പാറ്റ് കമിൻസും (4-21) എറിഞ്ഞിട്ടു. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോർ. എക്കാലത്തെയും ചെറിയ അഞ്ചാമത്തെ സ്‌കോർ.

 

മറഞ്ഞുപോയ നക്ഷത്രങ്ങൾ
കോബി ബ്രയാന്റും ഡിയേഗൊ മറഡോണയും. സ്വന്തം സ്‌പോർട്‌സിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിൽ നിസ്സംശയം സ്ഥാനം പിടിക്കുന്ന കളിക്കാർ. ഇരുവരും വ്യത്യസ്തമായ രീതിയിൽ കാലയവനികക്കുള്ളിൽ മറഞ്ഞു. ജനുവരി 26 ന് ലോസ്ആഞ്ചലസിൽ ഹെലിക്കോപ്റ്റർ അപകടത്തിലാണ് എൻ.ബി.എ സൂപ്പർസ്റ്റാർ കോബി ബ്രയാന്റ് മരണപ്പെട്ടത്. മകളുടെ മത്സരത്തിനായി പോവുകയായിരുന്നു കോബി. മകൾ ജിയാനയും മറ്റേഴു പേരും ഒപ്പം കൊല്ലപ്പെട്ടു. മറഡോണയുടെ അന്ത്യം ഫുട്‌ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തി. ജനക്കൂട്ടങ്ങൾക്ക് ആവേശം പകർന്ന കളിക്കാരൻ സർവഅവയവങ്ങളും നശിച്ച്, ആരും കൂടെയില്ലാതെയാണ് ജീവിതത്തിന്റെ അതിർത്തി വര കടന്നത്.

ആകാശത്തിലേക്കൊരു കുതിപ്പ്
ഫെബ്രുവരിയിൽ ഒരാഴ്ചക്കിടയിൽ രണ്ടു തവണ ഫ്രഞ്ചുകാരൻ അർമാന്റ് ഡുപ്ലാന്റിസ് ട്രാക്ക് ആന്റ് ഫീൽഡിനെ ഇളക്കിമറിച്ചു. 6.17 മീറ്റർ ചാടി സെർജി ബൂബ്കയുടെ റെക്കോർഡ് മറികടന്ന ഇരുപത്തൊന്നുകാരൻ പിറ്റേ ആഴ്ച ഗ്ലാസ്‌ഗോയിൽ നടന്ന ഇൻഡോർ മീറ്റിൽ  6.18 മീറ്റർ ചാടി. വൈകാതെ ഔട്‌ഡോറിലെ ഏറ്റവും വലിയ ഉയരമായ 6.15 മീറ്റർ ചാടി ലോക റെക്കോർഡ് പോക്കറ്റിലാക്കി. 

 

ടൈസന്റെ തിരിച്ചുവരവ്
മൈക് ടൈസൻ ഹെവിവെയ്റ്റ് ബോക്‌സിംഗിൽ ഒരുകാലത്ത് ചോദ്യം ചെയ്യാനാവാത്ത ചാമ്പ്യനായിരുന്നു. റിംഗിൽ കാലുകുത്തിയവരിൽ ഏറ്റവും വലിയ പോരാളികളിലൊരാളും. 2005 ൽ വിരമിച്ച ടൈസൻ പതിനഞ്ചു വർഷത്തിനു ശേഷം അമ്പത്തിനാലാം വയസ്സിൽ തിരിച്ചുവന്നു. അമ്പത്തൊന്നുകാരനായ റോയ് ജോൺസനുമായി പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടി. പഴയ പ്രതാപത്തിന്റെ ലാഞ്ഛനകൾ പ്രകടിപ്പിച്ച ഇരുവരും തമ്മിലുള്ള പോരാട്ടം സമനിലയായി. കാലത്തിനു മുന്നിൽ എത്ര വലിയ പോരാളിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് അവരുടെ പോരാട്ടം തെളിയിച്ചു. 

കോവിഡ് സൂപ്പർസ്‌പ്രെഡർ
മാർച്ച് 11 ന് ലിവർപൂളിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പ്രി ക്വാർട്ടറിന് അത്‌ലറ്റിക്കൊ മഡ്രീഡ് ടീമിനൊപ്പം നൂറു കണക്കിന് ആരാധകർ വന്നു. ഒരു പ്രശ്‌നം മാത്രം സ്‌പെയിനിൽ അപ്പോൾ കോവിഡ് പടർന്നു തുടങ്ങിയിരുന്നു. ആൻഫീൽഡിൽ മത്സരം കാണാനെത്തിയ അര ലക്ഷം പേരിൽ മിക്കവരും വൈറസുമായി വീട്ടിലേക്കു മടങ്ങി. ഇംഗ്ലണ്ടിൽ കോവിഡ് പടർത്തിയതിന് ഏറ്റവും വലിയ കാരണങ്ങളിലൊന്നായി ഈ ചാമ്പ്യൻസ് ലീഗ് മത്സരം. അറ്റ്‌ലാന്റയും വലൻസിയയും തമ്മിൽ ഇറ്റലിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരവും കോവിഡ് പരത്തി. 
ഇറ്റാലിയൻ ക്ലബ് സസൂലോയുടെ ഫോർവേഡ് ഫ്രാഞ്ചെസ്‌കൊ കപൂടോയാണ് ആദ്യം ആ സന്ദേശം ഉയർത്തിക്കാട്ടിയത് -നല്ല ദിനങ്ങൾ വരും, വീട്ടിൽ കഴിയൂ. വൈകാതെ കോവിഡ് പടർന്ന ഇറ്റലിക്കും യൂറോപ്പിനും കളിക്കളത്തിൽ നിന്നുള്ള സന്ദേശമായിരുന്നു അത്. 
 

Latest News