കുവൈത്ത് സിറ്റി - പുതുവത്സര തലേന്ന് രാത്രിയില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള ഐ.എസ് പദ്ധതി കുവൈത്ത് ദേശീയ സുരക്ഷാ ഏജന്‍സി പരാജയപ്പെടുത്തി. പുതുവത്സരം ആഘോഷിക്കാന്‍ രാത്രി ആളുകള്‍ ഒത്തുകൂടുന്ന കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആക്രമണങ്ങള്‍ നടത്താനാണ് ഭീകരര്‍ പദ്ധതിയിട്ടത്.
ക്രിസ്തീയ ആരാധനാലയങ്ങള്‍ അടച്ചിടാന്‍ കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മതാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും വിലക്കി. ആരോഗ്യ മുന്‍കരുതല്‍ നടപടികളുടെയും കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് ക്രിസ്തീയ ആരാധനാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതും പൊതുസ്ഥലങ്ങളില്‍ മതാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് വിലക്കിയതുമെന്നാണ് കുവൈത്ത് ഗവണ്‍മെന്റ് പറയുന്നത്. എന്നാല്‍ ഐ.എസ് ഭീകര സംഘത്തിന്റെ ഭീകരാക്രമണ പദ്ധതി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനങ്ങളെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഐ.എസുമായി ആശയവിനിമയം നടത്തിയ ആറു യുവാക്കളെ ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ ഇ-ഗെയിം വഴിയാണ് ഇവരെ ഐ.എസ് റിക്രൂട്ട് ചെയ്തത്. മുന്‍ കുവൈത്ത് പാര്‍ലമെന്റ് അംഗത്തിന്റെ പുത്രനാണ് ഭീകര സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. മുന്‍ എം.പിയുടെ പുത്രനാണ് മറ്റു കൂട്ടാളികളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത്. പുതുവത്സര തലേന്ന് രാത്രിയില്‍ പള്ളികളിലും ആളുകള്‍ ഒത്തുകൂടുന്ന മറ്റു കേന്ദ്രങ്ങളിലും ആക്രമണങ്ങള്‍ നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.
ഭീകരരില്‍ ചിലരുടെ പക്കല്‍ തോക്കുകള്‍ കണ്ടെത്തി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരസ്പരം ഏകോപനം നടത്തുന്നതിനും സന്ദേശങ്ങള്‍ കൈമാറുന്നതിനും ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളും ദേശീയ സുരക്ഷാ ഏജന്‍സി പിടിച്ചെടുത്തിട്ടുണ്ട്.






