അഭിഭാഷകന്‍ മഹ്മൂദ് പ്രാച കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ദല്‍ഹി പോലീസ്

ന്യൂദല്‍ഹി-ദല്‍ഹി കലാപത്തില്‍ ഇരകള്‍ക്കു വേണ്ടി വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ മഹ്മൂദ് പ്രാചക്കെതിരെ ദല്‍ഹി പോലീസിലെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂനിറ്റ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ദൗത്യനിര്‍വഹണം തടസ്സപെടുത്തിയെന്ന് ആരോപിച്ച് ഐ.പി.സി 186,353, 34 വകുപ്പുകള്‍ പ്രകാരമാണ് നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തത്. അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കലാപക്കേസില്‍ അഭിഭാഷകന്‍ വ്യാജ രേഖകള്‍ ഹാജരാക്കി വ്യാജമായി പ്രതിചേര്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ദല്‍ഹി പോലീസ് ആരോപിച്ചതിനെ തുര്‍ന്ന്
മഹ്മൂദ് പ്രാചക്കെതിരെ അന്വേഷണം നടത്താന്‍ അഡിഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.  

കേസില്‍ വടക്കുകിഴക്കന്‍ ഡിസിപിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രാഥമിക അന്വേഷണം നടത്തിയിട്ടുള്ളതിനാല്‍ െ്രെകംബ്രാഞ്ച് അല്ലെങ്കില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലുള്ള ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് പറഞ്ഞിരുന്നു.

ദല്‍ഹി പോലീസിന്റെ നീക്കത്തില്‍ അത്ഭുതമില്ലെന്നും ദല്‍ഹി കലാപത്തിലെ ഇരകള്‍ക്കു വേണ്ടി ഹാജരാകുന്നതിനാല്‍ തനിക്കെതിരെ വ്യാജ കേസുകള്‍ ഫയല്‍ ചെയ്യുകയാണെന്നുമാണ് അഡ്വ. മഹ്മൂദ് പ്രാചയുടെ പ്രതികരണം.  

 

Latest News