സായുധ അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ നിരന്തരം തുടരുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അബ്ദുറഹ്മാൻ ഔഫ് എന്ന എസ്.വൈ.എസിന്റെയും ഇടതുമുന്നണിയുടെയും പ്രവർത്തകൻ
മുസ്‌ലിം ലീഗ് പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ട സംഭവം അത്യന്തം അപലപനീയമാണ്. കൊല ചെയ്തവരും അതിനിടയായ സംഘർഷങ്ങൾ ഉണ്ടാക്കിയവരും അണികളെ സായുധവത്കരിക്കുന്ന നടപടി പാർട്ടികൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. നിസാരമായി ആരംഭിക്കുന്ന രാഷ്ട്രീയ തർക്കങ്ങൾ കൊടും കൊലപാതകത്തിലേക്ക് നീങ്ങുന്നത് അണികളെ സായുധവത്കരിക്കുന്നത് കൊണ്ടാണ്.
കേരളത്തിലെ പോലീസ് സംവിധാനത്തിലും നിയമ വാഴ്ചയിലും ഭരണ പ്രതിപക്ഷ കക്ഷികൾക്കുള്ള വിശ്വാസമില്ലായ്മയാണ് അക്രമ രാഷ്ട്രീയം കൊണ്ട് നടക്കാൻ ഹേതുവാകുന്നത്. 


കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുന്നതും ഗൂഢാലോചന നടത്തിയ ഉന്നതരെ രക്ഷിക്കാനുള്ള വഴിയൊരുക്കുന്നതും കൊലപാതക രാഷ്ട്രീയം തുടരാൻ കാരണമാകുന്നു. കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും സായുധ സംഘട്ടനം നടത്തുന്ന രാഷ്ട്രീയ പാർട്ടികളെ തള്ളിപ്പറയണം. നിരവധി കുടുംബങ്ങളുടെ കണ്ണുനീരാണ് രാഷ്ട്രീയ കൊലകളുടെ ആകെ തുക. ഇനിയും ഇത് തുടരാനനുവദിക്കരുത്. രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകുമ്പോൾ തന്നെ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് സന്നദ്ധമാകണം. കാഞ്ഞങ്ങാട്ടെ കൊലപാതകം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെയെല്ലാം നിയമ നടപടിക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 

Latest News