തൃശൂര്‍- തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാന്‍ ആന എഴുന്നളളത്ത് നടത്തിയതിന് സി.പി.എം നേതാവ് ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് കൂടിയായ സി.പി.എം നേതാവ് എ.ഡി ധനിപ്, ഒന്നാം പാപ്പാന്‍ കോഴിക്കോട് വെളളിമന സ്വദേശി കെ. സൈനുദ്ദീന്‍, രണ്ടാം പാപ്പാനായ തിരൂര്‍ തൃപ്പങ്ങോട് സ്വദേശി ജാബിര്‍ എന്നിവര്‍ക്കെതിരെയാണ് നാട്ടാന പരിപാലന ചട്ടം അടക്കമുളള വകുപ്പുകള്‍ ചുമത്തി വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.
നാട്ടാന പരിപാലന ചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ആനകളെ എഴുന്നളളിക്കുവാന്‍ പാടില്ല. ആനയെഴുന്നളളിപ്പില്‍ കര്‍ശനമായ നിയന്ത്രണങ്ങളും നിരോധനവും നിലനില്‍ക്കുന്ന സമയത്താണ് ആനയെ അനുമതിയില്ലാതെ പ്രകടനത്തില്‍ ഉപയോഗിച്ചത്.