കറി വെക്കാനുള്ള പച്ചക്കറിക്കായി കടയിലേക്ക് പോകേണ്ട. വീട്ടുമുറ്റത്തെ ചെടികളിൽ എന്തെങ്കിലുമൊക്കെ കാണും. വെണ്ടക്ക, വഴുതിന, തക്കാളി, പച്ചമുളക് അങ്ങനെയെന്തെങ്കിലും... അന്യനാടുകളിൽ നിന്ന് എത്തുന്ന വിഷം നിറഞ്ഞ പച്ചക്കറികളിൽ നിന്ന് രക്ഷ നേടുന്നതിനായി തൃത്താലയിൽ തുടങ്ങിവെച്ച മഹാത്മ സ്വാശ്രയ ഗ്രാമം പദ്ധതിയിലൂടെ വീട്ടുമുറ്റങ്ങളിൽ പച്ചക്കറികൾ വിളയുകയാണ്. വീട്ടമ്മമാരുടെ സജീവ പങ്കാളിത്തത്തോടെ ഈ പദ്ധതി നൂറ്റമ്പത് വീടുകളിലാണ് നടപ്പാക്കിയിരിക്കുന്നത്. വിവിധ ഇനങ്ങളിൽ പെട്ട രണ്ടായിരത്തിലേറെ പച്ചക്കറിച്ചെടികളാണ് വളരുന്നത്.
പാലക്കാട് ജില്ലയിലെ തൃത്താലയിൽ പ്രവർത്തിക്കുന്ന മഹാത്മ ചാരിറ്റബിൾ സൊസൈറ്റിയാണ് എല്ലാ നാട്ടിലും നടപ്പാക്കാവുന്ന ഈ മാതൃകാ പദ്ധതിക്ക് തുടക്കം കുറിച്ചത്. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രാസവളവും കീടനാശിനികളുമടങ്ങിയ പച്ചക്കറികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറു വർഷമായി പ്രവർത്തിക്കുന്ന സൊസൈറ്റി നേരത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്. ഈ മേഖലകളിൽ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. എന്നാൽ കോവിഡ് മഹാമാരി പടർന്നപ്പോൾ പൊതുപരിപാടികൾ നടത്താൻ കഴിയാതെ വന്നതോടെ സേവന പ്രവർത്തനങ്ങൾക്ക് മറ്റൊരു മാർഗം ആലോചിക്കുകയായിരുന്നു.
അങ്ങനെയാണ് എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം എന്ന ആശയം മുന്നോട്ടു വന്നത്. സംസ്ഥാന കൃഷി വകുപ്പും കുടുംബശ്രീയുമെല്ലാം ഇത്തരം പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാത്തതും ഇടപെടലുകളില്ലാത്തതും മൂലം ഇവയെല്ലാം വേണ്ടത്ര വിജയിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ മഹാത്മ സൊസൈറ്റി 'സ്വാശ്രയ ഗ്രാമം' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുന്നോട്ടുവെച്ച സ്വാശ്രയത്വമെന്ന ആശയത്തെ പിൻപറ്റിയാണ് പദ്ധതിക്ക് രൂപം നൽകിയത്. വിഷരഹിതമായ കൃഷി, വിളവിലൂടെ വരുമാനം എന്ന മുഖവാക്യവുമായി തുടങ്ങിയ പദ്ധതിയിൽ ആദ്യഘട്ടത്തിൽ നൂറു വീടുകളിലാണ് പച്ചക്കറി കൃഷി ലക്ഷ്യമിട്ടത്. ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിലായിരുന്നു തുടക്കം. ഓരോ വീട്ടിലും പത്തു ഗ്രോബാഗുകളും ഹൈബ്രീഡ് ചെടികളും കുമ്മായം. അടിസ്ഥാന ജൈവ വളം എന്നിവയും കുറഞ്ഞ നിരക്കിൽ നൽകിക്കൊണ്ടായിരുന്നു തുടക്കം. കൃഷി ചെയ്യുന്നതിനുള്ള ലളിതവും ചെലവു കുറഞ്ഞതുമായ രീതി വീട്ടുകാർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. ഈ ആശയത്തോട് തൃത്താലയിലെ കുടുംബങ്ങൾ മികച്ച രീതിയിലാണ് പ്രതികരിച്ചത്. ചിലർ ഇരുപത് ചെടികൾ വളർത്താൻ തൽപരരായി. അങ്ങനെ ആദ്യ ഘട്ടത്തിൽ നൂറു വീടിന് പകരം നൂറ്റമ്പത് വീടുകളിലേക്ക് പദ്ധതി വളർന്നു. രണ്ടായിരത്തിലേറെ ചെടികളാണ് ഇപ്പോൾ വളർന്ന് കായ്ഫലം നൽകിത്തുടങ്ങിയിരിക്കുന്നത്.

വീടുകളെ ക്ലസ്റ്ററുകളാക്കി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മുപ്പത് വീടുകളുള്ള ഓരോ ക്ലസ്റ്ററിലും കുറഞ്ഞത് മുന്നൂറ് ചെടികൾ വളരുന്നു. ഓരോ ക്ലസ്റ്ററിലും പ്രധാന വിള വ്യത്യസ്തമാണ്. ഒരിടത്ത് വഴുതിന മാത്രമാണ് പ്രധാന വിളയെങ്കിൽ മറ്റിടങ്ങളിൽ തക്കാളി, പച്ചമുളക്, വെണ്ടക്ക എന്നിങ്ങനെയാണ് വളർത്തുന്നത്. ഇത് മൂലം വീട്ടുകാർക്ക് അവരുടെ ആവശ്യത്തിനുള്ളത് കഴിച്ച് ബാക്കി വിൽക്കാനാകും. സൊസൈറ്റി തന്നെ ഇത് വില നൽകി വാങ്ങുന്നതിനും സംവിധാനവുമൊരുക്കിയിട്ടുണ്ട്. ശീതകാല പച്ചക്കറിയുടെ ഭാഗമായി വീടുകളിൽ കാബേജ്, കോളിഫഌവർ ചെടികളും വളരുന്നുണ്ട്.
സ്ത്രീകളാണ് പദ്ധതിയുടെ ചാലക ശക്തി. വീടുകളിൽ അവർ പ്രത്യേക പരിചരണം നൽകി വളർത്തിയ ചെടികൾ അമ്പത് ദിവസം കഴിഞ്ഞപ്പോൾ തന്നെ കായ്ച്ചു തുടങ്ങി. ചെടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ മാർഗനിർദേശങ്ങളാണ് വാട്‌സ്ആപ് ഗ്രൂപ്പിലൂടെ നൽകി വരുന്നത്. ചെടിയിൽ കീടബാധയുണ്ടായാൽ അംഗങ്ങൾ ഫോട്ടോയെടുത്ത് ഗ്രൂപ്പിൽ ഇടും. ഉടനെ സൊസൈറ്റിയുടെ അഗ്രി കൺസൾട്ടന്റ് അതിനുള്ള പ്രതിവിധി പറയും. രാസവളങ്ങൾ തീർത്തും ഒഴിവാക്കിയുള്ള കൃഷിയിൽ കീടനാശത്തിന് ജൈവമാർഗങ്ങളാണ് പ്രയോഗിക്കുന്നത്. കാലിവളം, വെളുത്തുള്ളി-പുകയില കഷായം, കഞ്ഞിവെള്ള ലായനി തുടങ്ങി വിഷാംശം ഒട്ടുമില്ലാത്തവയാണ് ഉപയോഗിക്കുന്നത്. ചെടികളുടെ പ്രതിരോധ ശേഷിക്കായി സൊസൈറ്റി തന്നെ തയാറാക്കുന്ന ജൈവ പോഷണ ലായനിയാണ് ഇവയിൽ പ്രധാനം. ചാണകം, കടലപ്പിണ്ണാക്ക്, ഗോമൂത്രം, വിവിധ ജൈവ ലവണങ്ങൾ എന്നിവ ചേർത്തുണ്ടാക്കുന്ന ലായനിയാണ് പ്രധാന വളമായും കീടനാശിനിയായും ഉപയോഗിക്കുന്നത്.
പച്ചക്കറി കൃഷിക്കൊപ്പം വിവിധ കാർഷിക സേവനങ്ങളും മഹാത്മ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ നൽകി വരുന്നുണ്ട്. തേങ്ങയിടുന്നതിന് തൊഴിലാളികളെ നൽകൽ, പുല്ലു വെട്ടുന്നതിന് യന്ത്ര സേവനം തുടങ്ങിയവയും ലഭിക്കുന്നു.
കേരളത്തിലെ ഓരോ ഗ്രാമത്തിലും കാർഷിക മേഖലയിലെ ഇടപെടലുകൾക്ക് അതാതു പ്രദേശങ്ങളിലെ സംഘടനകൾക്ക് പ്രചോദനമാകുന്നതാണ് തൃത്താലയിലെ മഹാത്മ സ്വാശ്രയ ഗ്രാമം പദ്ധതി. പച്ചക്കറി കൃഷിയിൽ എല്ലാവരും തൽപരരാണെങ്കിലും മികച്ച നടീൽ വസ്തുക്കളോ വ്യക്തമായ മാർഗനിർദേശങ്ങളോ ലഭിക്കാത്തിനാൽ പാതി വഴിയിൽ ഉപേക്ഷിക്കുന്നവരാണ് ഏറെയും. കൃഷി ചെയ്യാൻ സ്ഥലമേറെ വേണമെന്ന ധാരണകളെ തിരുത്തിക്കുന്നതുമാണ് ഈ മോഡൽ. ടെറസിൽ ഇരുപത് ഗ്രോബാഗിൽ വരെ ചെടികൾ വളർത്തി മികച്ച വിളവെടുക്കുന്ന കർഷകർ സ്വാശ്രയ ഗ്രാമത്തിലുണ്ട്. ഈ മാതൃകാ പദ്ധതി മറ്റു പ്രദേശങ്ങളിൽ നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മഹാത്മ ചാരിറ്റബിൾ സൊസൈറ്റി നൽകി വരുന്നുണ്ട്.






