Sorry, you need to enable JavaScript to visit this website.
Sunday , May   09, 2021
Sunday , May   09, 2021

സഹവാസ ക്യാമ്പുകാലം വീണ്ടുമെത്തുമ്പോൾ.. 

കുളിരണിയുന്ന ഡിസംബർ എന്നത് നാട്ടിലെ കാലാവസ്ഥാ വ്യതിയാന കാലത്ത് ഇപ്പോൾ എത്രമാത്രം അനുയോജ്യമായ ഒരു പദപ്രയോഗമായിരിക്കുമെന്ന് വേണ്ടത്ര നിശ്ചയമില്ല.എന്നാൽ നാഷനൽ സർവീസ് സ്‌കീം വളണ്ടിയർമാരെ സംബന്ധിച്ചേടത്തോളം അക്ഷരരാർത്ഥത്തിൽ സഹവാസ ക്യാമ്പുകളുടെ ഹരിതാഭമായ ഓർമകളുടെ കുളിർകാലമാണ് ഡിസംബറിലെ ഒടുവിലത്തെ വാരം. കലാലയത്തിന്റെ നാല് ചുമരുകൾക്കപ്പുറത്തെ സാമൂഹ്യ ജീവിതത്തെ അടുത്തറിയാനും സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ സ്വന്തത്തെ കണ്ടെത്താനും വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന ഫലവത്തായ പ്രക്രിയയാണ് നാഷനൽ സർവീസ് സ്‌കീം സഹവാസ ക്യാമ്പുകൾ.
വീട്ടിൽ നിന്നും വിദ്യാലയത്തിൽ നിന്നും വിട്ടുനിന്ന് വിവിധങ്ങളായ വിദ്യാഭ്യാസ വിജ്ഞാന വിനോദ പരിപാടികളിലൂടെയും വിലപ്പെട്ട വിയർപ്പൊഴുക്കലിലൂടെയുമെല്ലാം വിശേഷമായ വ്യക്തിത്വത്തെ വിളയിച്ചെടുക്കുന്ന വികാര തരളിത വിശിഷ്ട രാപ്പകലുകളാണ് വിദ്യാർത്ഥികൾക്ക് ആ നാളുകൾ. 


വിന്റർ ബ്രേക്കിന് നാട്ടിലെത്തുമ്പോൾ ഒരു പ്രധാന ഹരമായിരുന്നുഅത്തരം വിവിധ എൻ.എസ്.എസ് ക്യാമ്പുകൾ സന്ദർശിക്കുകയെന്നത്. ക്യാമ്പംഗങ്ങളുമായി കണ്ടുമുട്ടുകയും അവരുടെ അനുഭവങ്ങൾ കേൾക്കുകയും അവരുമായി സംവദിക്കുകയുമെന്നത് നവോന്മേഷം പകരുന്ന പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണ്. 
കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ മൂന്നോളം ക്യാമ്പുകളിൽ വളണ്ടിയർമാരോടൊത്ത് ചെലവിട്ടത് ഓർക്കുന്നു. മടപ്പള്ളി ഗവൺമെന്റ് കോളേജ് എൻ.എസ്.എസ് യൂനിറ്റ് വിളയാട്ടൂർ എൽ.പി സ്‌കൂൾ കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പും മഞ്ഞ കുളത്ത് ജി.വി എച്ച്.എസ് എസ് മേപ്പയൂരിൽ നടത്തിയ ക്യാമ്പും നൊച്ചാട് എച്ച് എസ് എസ് പൂനത്ത് നെല്ലിശ്ശേരിയിൽ നടത്തിയ ക്യാമ്പും എന്നെ സംബന്ധിച്ചിടത്തോളവും തികച്ചും അവിസ്മരണീയം തന്നെ.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ എനിക്ക് ഓമനിക്കാനും ഓർത്തെടുക്കാനും ഒരുപാട് ക്യാമ്പനുഭവങ്ങളുണ്ട്. നൊച്ചാട് ചാത്തോത്തുതാഴെയും പുളിയോട്ട് മുക്കിലും വയനാട് പുളിഞ്ഞാലിലും കുറ്റിയാടി അടുക്കത്തും സംഘടിപ്പിച്ച ക്യാമ്പുകൾ ഏറെ ശ്രദ്ധ നേടിയ ക്യാമ്പുകളായിരുന്നു. 


ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നൊച്ചാട് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ നാഷനൽ ഇന്റഗ്രേഷൻ ക്യാമ്പ് ഹയർ സെക്കണ്ടറി എൻ.എസ്.എസ് ചരിത്രത്തിലെ ഒന്നാമത്തെ എൻ.ഐ ക്യാമ്പായിരുന്നു. ഗ്രാമോൽസവമായി കൊണ്ടാടിയ ആ ക്യാമ്പ് ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റോഡ് നിർമാണവും കുളം ഉപയോഗയോഗ്യമാക്കലുംകളിക്കള വിപുലീകരണവും തുടങ്ങി പലതരം സേവന പ്രവർത്തനങ്ങൾ കൊണ്ട് ഇന്നും ആ ക്യാമ്പുകളൊക്കെ അവിടങ്ങളിലെല്ലാം അടയാളപ്പെട്ടു കിടക്കുന്നുണ്ട്. പത്തോളം വളണ്ടിയർമാരുമായി ഒറീസയിലെ ബർഹാംപുർ യൂനിവേഴ്‌സിറ്റിയിൽ നടന്ന നാഷനൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തതും ഏറെ അഭിമാനത്തോടെ ഓർക്കുകയാണ്. 
കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി നടത്തുന്ന ഓൺ ലൈൻ എൻ.എസ്.എസ് ക്യാമ്പിൽ ഈ കഴിഞ്ഞ ദിവസം പങ്കെടുത്ത് വളണ്ടിയർമാരുമായി സംസാരിക്കാനാവസരമുണ്ടായി. സഹവാസ ക്യാമ്പുകൾക്ക് പകരം വെക്കാനാവില്ലെങ്കിലും തികച്ചും വ്യത്യസ്തമായ ആ ക്യാമ്പിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. പ്രതിസന്ധികളിൽ പതറാതെ, അവസരങ്ങളെ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള ശേഷി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ ഒരു പരിധി വരെയെങ്കിലും ഇത്തരം സംരംഭങ്ങളിലൂടെ കഴിയുമെന്നതിൽ സംശയമില്ല. 


രാജ്യങ്ങൾ അതിർത്തികൾ കൊട്ടിയടച്ച് ലോകം വീണ്ടും മറ്റൊരു സമ്പൂർണ ലോക്ഡൗണിന്റെ കാഹളം കേട്ടു തുടങ്ങിയ ഈ മഹാമാരിയുടെ നാളുകളിൽ ഒരു പക്ഷേ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടം സംഭവിക്കുന്നവരിൽ ഒരു സവിശേഷ വിഭാഗംവിദ്യാർത്ഥികൾ തന്നെയായിരിക്കുന്നതിൽ രണ്ടഭിപ്രായത്തിനിടയില്ല. സ്വർലോക ഹർഷം തുളുമ്പുന്ന നാളുകളെന്ന് ചങ്ങമ്പുഴ വിശേഷിപ്പിച്ച കൗമാരത്തിലെ കലാലയ ദിനങ്ങൾ മറ്റൊന്നു കൊണ്ടും പകരം വെക്കാനാവത്തത് തന്നെയാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്നകലാലയനുഭവങ്ങൾ അപഹരിക്കപ്പെട്ട നാളുകൾ. ആയിരക്കണക്കിന് കലാലയങ്ങളിലെ പതിനായിരക്കണക്കിന് വരുന്ന യുവതയുടെ രാജ്യ സേവന തൽപരതയും സാമൂഹ്യ ജീവകാരുണ്യ സന്നദ്ധതയും ഊട്ടിയുറപ്പിക്കാനുതകുന്ന സഹവാസ ക്യാമ്പുകൾ കൂടി നഷ്ടമായ വർഷമാണ് 2020 എന്ന് പറയേണ്ടിയിരിക്കുന്നു. 


സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ആശയവുമായി ദീർഘവീക്ഷണമുള്ള നമ്മുടെ രാഷ്ട്ര ശിൽപികൾ വിദ്യാർത്ഥികൾക്കായി രൂപം നൽകിയ നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന ഒരു പാട് മഹാരഥൻമാരെ പാകപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് അവിതർക്കിതമാണ്. സാമൂഹ്യ അകലം പാലിക്കുന്നതിനിടയിൽ വിദ്യാർത്ഥികളിൽ ആരോഗ്യകരമായി രൂപപ്പേടണ്ട വ്യക്തിത്വ വികാസം വികലമാവാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും സർക്കാര്യം കൂടുതൽ ജാഗ്രത പാലിക്കണം എന്ന ഓർമപ്പെടുത്തൽ കൂടി ഈ നാളുകൾ നൽകുന്നുണ്ട്. നാളുകളേറെ കഴിയുന്നതിന് മുമ്പ് പരീക്ഷകളെത്താനിരിക്കുന്നു. പല ഉയർന്ന കോഴ്‌സുകളിലും പഠനവും പരീക്ഷണ പ്രവർത്തനങ്ങളുമൊക്കെ തകരാറിലായിരിക്കുന്നു. വിദ്യാർത്ഥികളിലെ മാനസിക സമർദം ലഘൂകരിക്കുന്ന തരത്തിൽ വേണം കലാശാലകളും കലാലയങ്ങളും പരീക്ഷകൾ നടത്തുന്നതും മൂല്യനിർണയം നടത്തി ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതും എന്ന് സാന്ദർഭികമായി ഓർമിപ്പിക്കട്ടെ. അധ്യാപകരും കലാലയാധികൃതരും 
മനശ്ശാസ്ത്രപരമായ സമീപനം ഈ കാര്യങ്ങളിൽ കൈക്കൊള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Latest News