300 ദിർഹമിന് ദുബായ്-മുംബൈ ടിക്കറ്റ് ലഭ്യം ദുബായ്- കോവിഡ് ഭീഷണി വീണ്ടും ശക്തമായിരിക്കെ യാത്രാ നിരക്കുകൾ കുത്തനെ കുറച്ച് യു.എ.ഇ വിമാന കമ്പനികൾ. ഫ്‌ളൈ ദുബായ്, എയർ അറേബ്യ എന്നീ വിമാന കമ്പനികളാണ് നിരക്കിൽ വൻ കിഴിവ് വരുത്തിയിരിക്കുന്നത്. ദുബായിൽനിന്ന് മുംബൈ വരെ 300 മുതൽ 400 ദിർഹം വരെയാണ് പുതിയ നിരക്ക്.
ദുബായിൽനിന്ന് കറാച്ചിയിലേക്ക് 430 ദിർഹമാണ് പുതുക്കിയ നിരക്ക്. ജനിതക മാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം നിരീക്ഷിച്ച ബ്രിട്ടനിലേക്ക് 1600 ദിർഹവും ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായ മാലിദ്വീപിലേക്ക് 2,500 മുതൽ 3,500 ദിർഹം വരെയുമായി നിരക്ക് കുറച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊതുവെ ഡിസംബറിൽ, നിരക്കിൽ വൻ വർധനവ് വരുത്താറുള്ള വിമാന കമ്പനികൾ ചാർജ് കുറക്കാൻ തയാറായി എന്നതാണ് കൂടുതൽ ശ്രദ്ധേയം.
നേരത്തെ, ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്യുന്നതായി എമിറേറ്റ്‌സിലെയും ഇത്തിഹാദിലെയും വക്താക്കൾ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതുവരെയും നിർത്തിവെക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടില്ല. എന്നാൽ, വൈറസ് ഭീഷണി ശക്തമാകുന്നതിനാൽ സർവീസുകൾ ഏതുനിമിഷവും നിർത്തലാക്കാമെന്ന സൂചനയാണ് പുതിയ നിരക്ക് മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
അതേസമയം, പ്രതിസന്ധികൾ ഒരു തരത്തിലും ഒരു വ്യോമയാന കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ നിലവാരം തകർക്കില്ലെന്നാണ് വിമാനക്കമ്പനികൾ അഭിപ്രായപ്പെടുന്നത്. ദുബായും അബുദാബിയും ലോകത്തിലെ വ്യോമയാന കേന്ദ്രങ്ങളായി മാറിയെന്നും അതിന് ഒരിക്കലും തകർച്ചയുണ്ടാവില്ലെന്നും ഐ.ബി.എസ് സോഫ്റ്റ് വെയർ എക്‌സിക്യൂട്ടീവ് ചെയർമാൻ മാത്യൂസ് അഭിപ്രായപ്പെട്ടു.






